ആദിവാസി ക്ഷേമം; 1347 കോടി പാഴായതായി 'കില' പഠനം

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആദിവാസികളുടെ ക്ഷേമത്തിനായി ചെലവഴിച്ച 1347 കോടി രൂപ ഗുണം ചെയ്തില്ലെന്ന് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസിട്രേഷന്‍(കില) നടത്തിയ പഠനത്തില്‍ കണ്ടെത്തി. നിരവധി ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടും ആദിവാസി ക്ഷേമരംഗത്ത് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
ആദിവാസി ക്ഷേമത്തിനു ചെലവഴിച്ച തുകയില്‍ ഏറ്റവും കൂടുതല്‍ നീക്കിവച്ചത് വിദ്യാഭ്യാസ രംഗത്തായിരുന്നു- 254 കോടി രൂപ. എന്നാല്‍, സ്‌കൂളില്‍ ചേരുന്ന ആദിവാസി കുട്ടികളില്‍ 40 ശതമാനം മാത്രമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ബാക്കി 40 ശതമാനം നാലാം ക്ലാസില്‍ എത്തുമ്പോഴും ബാക്കി 20 ശതമാനം ഏഴാം ക്ലാസില്‍ എത്തുമ്പോഴും കൊഴിഞ്ഞുപോവുകയാണ്. എസ്എസ്എല്‍സി ജയിക്കുന്ന കുട്ടികളില്‍ 20 ശതമാനം മാത്രമാണ് പ്ലസ്ടു കോഴ്‌സുകളിലേക്ക് എത്തുന്നത്. വെറും 1.3 ശതമാനം മാത്രമാണ് ബിരുദാനന്തര തലത്തില്‍ എത്തുന്നത്.
248 കോടി രൂപയാണ് ആദിവാസികളുടെ പാര്‍പ്പിട വികസനത്തിനായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത്. കിലയുടെ പഠനത്തില്‍ വ്യക്തമാവുന്നത് 16,027 ആദിവാസി കുടുംബങ്ങള്‍ ഭൂമിയും വീടും ലഭിക്കാത്തതിനാല്‍ അവരുടെ പരമ്പരാഗത കുടുംബങ്ങളിലും ഗുഹകളിലും കാടുകള്‍ക്കുള്ളിലും കഴിയുന്നു എന്നാണ്. സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ആദിവാസി ഭവനങ്ങളില്‍ പകുതിയും പൊട്ടിപ്പൊളിഞ്ഞ് വാസയോഗ്യമല്ലാതായതായി പഠനം വ്യക്തമാക്കുന്നു.
ആദിവാസി വനിതകളെ ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിപ്പിച്ച വകയില്‍ സര്‍ക്കാര്‍ ചെലവിട്ടത് ഏഴു കോടി രൂപയാണ്. എന്നാല്‍, ഓട്ടോറിക്ഷ വാങ്ങാന്‍ ആളൊന്നിനു നല്‍കിയത് ആയിരം രൂപ മാത്രവും.
ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടും അവരിപ്പോഴും അനാരോഗ്യകരമായ അവസ്ഥയിലാണുള്ളത്. ശിശുമരണങ്ങള്‍ പെരുകുന്നു. പോഷകാഹാരക്കുറവു മൂലമാണ് അവര്‍ മരണപ്പെടുന്നത്. കുട്ടികള്‍ക്കും മറ്റും ഗുരുതരമായ രോഗങ്ങള്‍ പിടിപെടുന്നു. നിലവിലുള്ള ആദിവാസി കുടുംബങ്ങളില്‍ പകുതി പേര്‍ക്കും രോഗങ്ങള്‍ ഉണ്ടെന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തല്‍.
സംസ്ഥാനത്തെ 7789 കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണം ഇനിയും ലഭ്യമായിട്ടില്ല. വികലാംഗരായ 24,044 ആദിവാസികള്‍ കേരളത്തിലുണ്ട്. ഇതില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ എണ്ണം 14,036ഉം മാനസ്സിക വെല്ലുവിളി നേരിടുന്നവരുടെ എണ്ണം 2386ഉം ആണ്. ഇവര്‍ക്കൊന്നും ഇതേവരെ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ സഹായങ്ങളോ ലഭ്യമായിട്ടില്ല.
ആദിവാസി സംഘടനാ നേതാക്കള്‍ പറയുന്നത് ആദിവാസി ക്ഷേമത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഭീമമായ തുകയുടെ സിംഹഭാഗവും മധ്യവര്‍ത്തികളുടെ കീശയിലേക്കാണു പോവുന്നത് എന്നാണ്. 1347 കോടി രൂപയുടെ സഹായത്തില്‍ ചെറിയ ശതമാനം മാത്രമാണ് ആദിവാസികള്‍ക്ക് യഥാര്‍ഥത്തില്‍ ലഭ്യമായത്.
കേരളത്തില്‍ വന്‍വിജയമെന്നവകാശപ്പെടുന്ന വികേന്ദ്രീകൃത ആസൂത്രണവും പദ്ധതി നടത്തിപ്പും ആദിവാസിക്ഷേമ രംഗത്തെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ വഴിവച്ചു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥരും കരാറുകാരും ആദിവാസിക്ഷേമ ഫണ്ടുകള്‍ തട്ടിയെടുത്തുവെന്നും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it