Flash News

ആദിവാസി ക്ഷേമം : ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക പദ്ധതി; നടപടി നീളുന്നു



വിജയന്‍ ഏഴോം പാലക്കാട്: 13ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനത്തെ പ്രത്യേക ദുര്‍ബല വിഭാഗങ്ങള്‍ക്കായി 148 കോടി രൂപ അനുവദിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി സംബന്ധിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചില്ല. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് എ കെ ബാലന്‍ പട്ടികജാതി-പട്ടികവര്‍ഗ മന്ത്രിയായിരുന്നപ്പോഴാണ് മന്ത്രിസഭ പദ്ധതി അംഗീകരിച്ചത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് മന്ത്രിസഭയുടെ കാലത്തും പദ്ധതി കടലാസിലൊതുങ്ങി. എല്‍ഡിഎഫ് മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും പദ്ധതി സംബന്ധമായ നടപടികളൊന്നുമായിട്ടില്ല. കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, കാടര്‍, കൊറകര്‍, കുറുംബര്‍ എന്നീ സമുദായങ്ങളെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി തയ്യാറാക്കിയത്. 6738 കുടുംബങ്ങളിലായി 26,189 പേര്‍ ഉള്‍പ്പെട്ടതാണ് ഈ വിഭാഗക്കാര്‍. കാട്ടുനായ്ക്കര്‍ മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലും കാടര്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലും കൊറകര്‍ കാസര്‍കോട് ജില്ലയിലും കുറുംബര്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും 548 ഊരുകളിലായാണ് താമസിച്ചുവരുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ കാര്യമായി എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഈ സമുദായങ്ങളെല്ലാം തന്നെ അതീവ ദുര്‍ബല വിഭാഗത്തില്‍ പെടുന്നതിനാലുമാണ് 13ാം ധനകാര്യ കമ്മീഷന്‍ പ്രത്യേകമായ ഫണ്ട് അനുവദിച്ചത്. പാലക്കാട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി അഹാഡ്‌സിനെ അന്നുതന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഇല്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗം പേരും. വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലും വളരെ പിന്നാക്കമാണ് ഈ വിഭാഗം. ഗുരുതരമായ രോഗങ്ങള്‍, പോഷകക്കുറവ് മൂലമുള്ള രോഗങ്ങള്‍, കൂടിയ ശിശുമരണ നിരക്ക്, പ്രസവത്തോടനുബന്ധിച്ചുള്ള അമ്മമാരുടെ മരണം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരെ അലട്ടുന്നു. അട്ടപ്പാടിയിലെ കുറുംബ വിഭാഗത്തിനിടയില്‍ ഊരുവികസന സമിതികള്‍ രൂപീകരിച്ചു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ മാതൃകയില്‍ പ്രത്യേക വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്. ആദിവാസികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കപ്പെടേണ്ട പണം പാഴാവുകയോ ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഇപ്പോള്‍.
Next Story

RELATED STORIES

Share it