wayanad local

ആദിവാസി കോളനിയിലേക്കുള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

പടിഞ്ഞാറത്തറ: കുറ്റിയാംവയല്‍ മംഗളംകുന്ന് കോളനിയിലേക്കുള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. വെള്ളം റോഡിലൂടെ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. 15 ലക്ഷത്തോളം രൂപ ചെലവിട്ട് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് മംഗളംകുന്ന് കോളനിയില്‍ കുടിവെള്ളമെത്തിച്ചത്. ഒന്നര കിലോമീറ്റര്‍ അകലെ മൈലാടി തോട്ടില്‍ നിന്നുള്ള വെള്ളം പൈപ്പ് വഴി കോളനിയില്‍ സ്ഥാപിച്ച ടാങ്കിലെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. മീനങ്ങാടി സ്വദേശിയായിരുന്നു കരാറുകാരന്‍.
എസ്റ്റിമേറ്റ് പ്രകാരം കോളനിയില്‍ 10,000 ലിറ്ററിലധികം സംഭരണശേഷിയുള്ള ടാങ്ക് നിര്‍മിച്ച് പൈപ്പ് ലൈന്‍ വലിച്ചു. പാറക്കൂട്ടങ്ങള്‍ ധാരാളമുള്ള മലയോര പ്രദേശമായതിനാല്‍ പലയിടത്തും ആഴത്തില്‍ കുഴിയെടുത്ത് പൈപ്പ് ഇടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഏതെങ്കിലും തരത്തില്‍ പൈപ്പ് തകരാതിരിക്കാനുള്ള മുന്‍കരുതലെടുക്കാന്‍ കരാറുകാരന്‍ തയ്യാറായില്ല.
ഇത്തരത്തില്‍ പാറയ്ക്ക് മുകളിലൂടെ സ്ഥാപിച്ച പൈപ്പിന് മുകളില്‍ ലോറി കയറിയതോടെയാണ് കുടിവെള്ളം പാഴായിത്തുടങ്ങിയത്. കോളനിയില്‍ സ്ഥാപിച്ച 50ഓളം ടാപ്പുകള്‍ ഇപ്പോള്‍ നോക്കുകുത്തിയാണ്. കരാര്‍ പ്രകാരം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി പഞ്ചായത്തിന് കൈമാറിയതിനാല്‍ ബന്ധപ്പെട്ട ഭരണസമിതിയാണ് നടപടിയെടുക്കേണ്ടതെന്നു കരാറുകാരനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍, കോളനിയില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായിട്ടും ഗ്രാമപ്പഞ്ചായത്ത് അനങ്ങിയിട്ടില്ല. ഇതോടെ കോളനിവാസികള്‍ക്കിടയില്‍ പ്രതിഷേധവും ശക്തമായി. അടുത്ത ദിവസം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ നേരില്‍ കാണാനിരിക്കുകയാണ് ആദിവാസികള്‍.
Next Story

RELATED STORIES

Share it