wayanad local

ആദിവാസി കോളനിയിലെ വീടുകള്‍ പൊളിച്ചുവില്‍ക്കുന്നു

മാനന്തവാടി: ആദിവാസി കോളനിയിലെ വീടുകള്‍ പൊളിച്ചു വില്‍ക്കുന്നു. തവിഞ്ഞാല്‍ പഞ്ചാത്തിലെ 22ാം വാര്‍ഡില്‍പ്പെട്ട മുള്ളന്‍മാവ് പണിയ കോളനിയിലെ വീടുകളാണ് വീട്ടുടമസ്ഥര്‍ തന്നെ നിസ്സാര വിലയ്ക്ക് വില്‍പന നടത്തുന്നത്. അഞ്ചു വര്‍ഷം മുമ്പ് ട്രൈബല്‍ വകുപ്പ് 1.25 ലക്ഷം രൂപ മുടക്കി നിര്‍മിച്ചു നല്‍കിയതാണ് വീടുകള്‍. ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് വീടിന് മുകളില്‍ ഓടുകളും പാകിയിരുന്നു.
കോളനിയിലെ ബാലന്റെ വീട് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് 5,000 രൂപയ്ക്ക് വില്‍പന നടത്തിയത്. കഴിഞ്ഞ ആഴ്ചയില്‍ കോളനിയിലെ തന്നെ വെളുക്കന്റെ വീടും വിറ്റു. ബാലന്റെ വീട് നിന്ന ഭാഗത്ത് കുളിമുറി ഒഴികെയുള്ളവയെല്ലാം നീക്കം ചെയ്തുകഴിഞ്ഞു.
ഈ കുടുംബം ഇപ്പോള്‍ തൊട്ടടുത്ത അയനിക്കലില്‍ കൈയേറിയ വനഭൂമിയിലാണ് ഷെഡ് കെട്ടി താമസിക്കുന്നത്. വെളുക്കന്റെ വീടിന്റെ ഹോളോബ്രിക്‌സ് കട്ടകളെല്ലാം സ്ഥലത്തുനിന്ന് മാറ്റി. ജനലുകള്‍, ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍, ഓടുകള്‍ എന്നിവ നീക്കം ചെയ്യാനായി മാറ്റിവച്ചിട്ടുമുണ്ട്. ട്രൈബല്‍ പ്രമോട്ടര്‍ കഴിഞ്ഞ ദിവസം കോളനിയിലെത്തിയപ്പോഴാണ് വീടുകള്‍ പൊളിച്ചുവിറ്റ സംഭവം അറിയുന്നത്. കോളനിയില്‍ 50 സെന്റ് സ്ഥലത്ത് ഏഴു കുടുംബങ്ങളാണ് താമസിക്കുന്നത്. എന്നാല്‍, ഇവിടെ വീട് നിലനില്‍ക്കെ തന്നെ ചിലര്‍ തൊട്ടടുത്ത അയനിക്കലില്‍ ഭൂമി കൈയേറി താമസമാരംഭിച്ചു.
നേരത്തെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് വീടുകള്‍ പൊളിച്ച് തുച്ഛമായ വിലയ്ക്ക് വില്‍പന നടത്തിയാണ് സമരഭൂമിയില്‍ ഇവര്‍ പ്ലാസ്റ്റിക് ഷീറ്റ് ഷെഡില്‍ താമസിക്കുന്നതെന്നതാണ് വിചിത്രം. വീട് പൊളിച്ച് വില്‍പന നടത്തിയതു സംബന്ധിച്ച് ട്രൈബല്‍ പ്രമോട്ടര്‍ ഉന്നതാധികാരികള്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രദേശവാസികളില്‍പ്പെട്ട ചിലരാണത്രെ ആദിവാസികളില്‍ നിന്നു വീട് തുച്ഛമായ വിലയ്ക്ക് വാങ്ങിയിരിക്കുന്നത്.
Next Story

RELATED STORIES

Share it