palakkad local

ആദിവാസി കോളനികള്‍ അവഗണനയില്‍; ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് ഇടനിലക്കാരും ഉദ്യോഗസ്ഥരും

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാറുകള്‍ കോടികള്‍ ചെലവഴിക്കുമ്പോഴും ഗുണഫലം ലഭിക്കാതെ ദുരിതത്തിലാണ് ഈ വിഭാഗക്കാര്‍. മാറി വരുന്ന സര്‍ക്കാറുകളും ഭരണ സംവിധാനവും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഫണ്ടുകള്‍ മാറ്റിയും ഇവരുടെ ആനുകൂല്യങ്ങള്‍ ഇവര്‍ക്കു തന്നെ നല്‍കിയെന്ന് കണക്കുകള്‍ കാണിച്ച് ഫണ്ടുകള്‍ തട്ടിയെടുക്കുന്ന ഇടനിലക്കാരായി ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും മാറുമ്പോള്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ അട്ടപ്പാടി, നെല്ലിയാമ്പതി, മുതലമട ഭാഗങ്ങളിലാണ്. സര്‍ക്കാര്‍ കണക്കില്‍ കോളനികളില്‍ കോടികള്‍ ചെലവഴിച്ചതായി പറയുമ്പോഴും ഉപയോഗയോഗ്യമായ റോഡുകളോ കുടിവെള്ളമോ വാസയോഗ്യമായ വീടുകളോ കക്കൂസോ ഇല്ലാത്ത സ്ഥിതിയാണ്. മുതലമട പഞ്ചായത്തില്‍ കഴിഞ്ഞ ഭരണകാലത്ത് നടപ്പിലാക്കായ പട്ടികവര്‍ഗക്കാര്‍ക്കുള്ള പല വീടുകളുടെ നിര്‍മാണവും പാതിവഴിയിലാണ്.
അംബേദ്കര്‍ കോളനി, ആട്ടയാംപതി, മൊണ്ടി പതി, കുണ്ടം തോട്, അളകാപുരി കോളനി, വടക്കേ കോളനി എന്നിവിടങ്ങളിലെ ഗൃഹ നിര്‍മാണമാണ് ഇടനിലക്കാര്‍ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ പാതി വഴിയിലായത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, വി.ഇ.ഒ എന്നിവരടങ്ങുന്ന സംഘമാണ് വീട് നിര്‍മാണത്തിന്റെ ചുമതല ഏറ്റെടുത്തതെന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ കൈക്കലാക്കിയതായും ആരോപണമുയരുന്നു. മഴക്കാലം ആരംഭിച്ചതോടെ ആദിവാസി വിഭാഗക്കാര്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുന്ന സ്ഥിതിയാണ്. ഖര രാസമാലിന്യത്താല്‍ ദുരിതമനുഭവിക്കുന്ന കള്ളിയമ്പാറ കോളനിയെ കുറിച്ച് അറിയില്ലെന്ന നിലപാടാണ് കലക്ടര്‍ സന്ദര്‍ശം വേളയില്‍ െ്രെടബല്‍ ഓഫിസര്‍ പറഞ്ഞത്.
ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനും സഹായിക്കുന്നതിനുമായി പ്രെമോട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഈ വിഭാഗക്കാര്‍ക്ക് വേണ്ടി കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നില്ലെന്ന പരാതിയാണ്. പ്രേമോട്ടര്‍മാര്‍ ആഴ്ചയില്‍ മൂന്ന് തവണ കോളനി സന്ദര്‍ശനം നടത്തണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതും നടക്കുന്നില്ല. ജില്ലയില്‍ െ്രെടബല്‍ കോളനികളുടെ കണക്കുകള്‍ എടുക്കണമെന്നും അവര്‍ക്കാവശ്യമായ ഏതുതരം വികസനമാണ് നടപ്പിലാക്കേണ്ടതെന്നും ത്രിതല പഞ്ചായത്തടിസ്ഥാനത്തില്‍ വികസന രേഖ തയ്യാറാക്കി വികസനം ഈ മേഖലയില്‍ നടപ്പിലാക്കിയാല്‍ മാത്രമേ യഥാര്‍ഥ ഫണ്ട് വിനിയോഗവും വികസനവും യാഥാര്‍ഥ്യമാകൂവെന്നാണ് പട്ടികജാതി, പട്ടിക വര്‍ഗ സംഘടനകള്‍ പറയുന്നത്.
Next Story

RELATED STORIES

Share it