ആദിവാസി ഊരുകളില്‍ പെസ നിയമം നടപ്പാക്കുന്നു; 2225 ഊരുകള്‍ സ്വയംഭരണ പ്രദേശങ്ങളായി മാറും

കെ വി ഷാജി സമത

കോഴിക്കോട്: സംസ്ഥാനത്തെ ആദിവാസി സമൂഹങ്ങള്‍ക്ക് സ്വയംഭരണാവകാശം വിഭാവനം ചെയ്യുന്ന പെസ ആക്റ്റ് (പഞ്ചായത്തുകളുടെ നിയമ വ്യവസ്ഥകള്‍ പട്ടിക പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കല്‍ ആകറ്റ്) നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ- ഗവണ്‍മെന്റേതര സംഘടനകള്‍ വഴി നിയമം നടപ്പാക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. ഭരണഘടനയുടെ 224ാം അനുച്ഛേദപ്രകാരം സംസ്ഥാനത്ത് ആദിവാസികള്‍ക്കായുള്ള 5ാം പട്ടികപ്രദേശങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി ആദിവാസി ഊരുകൂട്ടങ്ങള്‍ക്ക് പെസ നിയമത്തില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കിലയുടെ സഹകരണത്തോടെ ആരംഭിച്ചത്.
വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ 31 ഗ്രാമപ്പഞ്ചായത്തുകളിലും മൂന്ന് നഗര—സഭാ പ്രദേശങ്ങളുമാണ് സംസ്ഥാനം കേന്ദ്രത്തിനു സമര്‍പ്പിച്ച പട്ടികപ്രദേശ ലിസ്റ്റില്‍ ഉള്ളത്. 2225 ഊരുകളാണ് പെസ നിയമം അനുസരിച്ച് സ്വയംഭരണ പ്രദേശങ്ങളായി മാറുക. ഈ പ്രദേശങ്ങളില്‍ നിലവിലെ പഞ്ചായത്തീരാജ് ആക്റ്റ് ബാധകമാവില്ല. ആര് ഭരിക്കണം, ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കണം തുടങ്ങി ഊരിന്റെ എല്ലാ കാര്യങ്ങളും ഗ്രാമസഭയ്ക്ക് തീരുമാനിക്കാന്‍ പെസ നിയമം അവകാശം നല്‍കും. ചെറുകിട വനവിഭവങ്ങളുടെ ഉടമസ്ഥാവകാശം, അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാനുള്ള അവകാശം, ആദിവാസി വിഭാഗങ്ങള്‍ക്കു പലിശയ്ക്കു പണം നല്‍കി ആസ്തികള്‍ കൈവശപ്പെടുത്തുന്നതു തടയാനുള്ള അവകാശം, പട്ടികവര്‍ഗ പദ്ധതികളുടെ നിയന്ത്രണാവകാശം തുടങ്ങി പട്ടിക പ്രദേശത്തിന്റെ ഭരണ നിയന്ത്രണത്തില്‍ അതാതു ഗ്രാമസഭകള്‍ക്കു പൂര്‍ണ അധികാരം ഈ നിയമംവഴി കൈവരും.
പെസ നടപ്പാക്കുന്നതു സംബന്ധിച്ച് ഷെഷ്യൂള്‍ഡ് ഏരിയാസ് (കേരള സ്റ്റേറ്റ്) ഓര്‍ഡര്‍ 2015 എന്ന പേരില്‍ ചട്ടത്തിനും സംസ്ഥാനം രൂപംനല്‍കി. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പട്ടിക പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യുക എന്ന സാങ്കേതികത്വം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ സമയത്തിനുള്ളില്‍ ആദിവാസി വിഭാഗങ്ങളെ നിയമത്തിന്റെ അന്തസാരം പഠിപ്പിക്കുന്നതിനും ഗ്രാമസഭാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പുവരുത്താനുമുള്ള പരിശീലകരെ പരിശീലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കിലയുടെ സഹകരണത്തോടെ നടന്നു വരുന്നത്.
ബിഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇതിനകം പട്ടികവര്‍ഗ പ്രദേശങ്ങളുടെ പ്രഖ്യാപനം വന്നുകഴിഞ്ഞു. ഇതേ മാതൃകയില്‍ കേരളത്തിലും ആദിവാസികള്‍ക്കായി 5ാം പട്ടിക പ്രദേശങ്ങള്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി ദലിത് സംഘടനകള്‍ രംഗത്തുവന്നിരുന്നു. പെസ നടപ്പാവുന്നതോടെ ആദിവാസി മേഖലയില്‍ സ്വയംഭരണ സാധ്യത കൈവരുമെങ്കിലും അന്തിമ തീരുമാനം കൈക്കൊള്ളേണ്ട ഗ്രാമസഭകളുടെ നടത്തിപ്പിനെ ആശ്രയിച്ചിരിക്കും നിയമത്തിന്റെ ഗുണഫലം.
Next Story

RELATED STORIES

Share it