kannur local

ആദിവാസികള്‍ വീടുവിട്ട് ഉള്‍വനത്തിലേക്ക് താമസം മാറ്റി

ഇരിട്ടി: ജില്ലാ ഭരണകൂടം ദത്തെടുത്ത ആറളം പഞ്ചായത്തിലെ ചതിരൂര്‍ 110 കോളനിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരുമാസമായിട്ടും ജലവിതരണം പുനസ്ഥാപിക്കാന്‍ നടപടിയില്ല. ഇതോടെ കോളനിയിലെ അമ്പതോളം ആദിവാസി കുടുംബങ്ങളില്‍ പകുതിയിലധികം പേരും വീടുകള്‍ വിട്ട് ഉള്‍വനത്തിലേക്ക് താമസം മാറി. ജലക്ഷാമത്തോടൊപ്പം തൊഴിലും ഇല്ലാതായതോടെയാണ് പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം. ഉള്‍വനത്തില്‍നിന്ന് ഔഷധമൂല്യമുള്ള പാടക്കിഴങ്ങും മറ്റു വിഭവങ്ങളും ശേഖരിക്കാനാണ് കൈകുഞ്ഞുങ്ങളുമായി 15ഓളം കുടുംബങ്ങള്‍ താമസം മാറ്റിയത്. അങ്കണവാടിയിലേക്കും വീടുകളിലേക്കുമുള്ള കുടിവെള്ളം ശേഖരിക്കുന്നത് പ്രദേശത്തെ വൃത്തിഹീനമായി ഓലിയില്‍ നിന്നാണ്. നീരുറവ ഇലകള്‍ വച്ച് പാത്രത്തിലേക്ക് തുള്ളികളായി വീഴുന്നതും കാത്തിരിക്കുകയാണ് ആദിവാസികള്‍. അതിരാവിലെ തന്നെ എല്ലാവരും പാത്രങ്ങളുമായി ഓലിക്കരികില്‍ എത്തും. കോളനിയിലേക്കുള്ള കുടിവെള്ള വിതരണത്തിന്റെ മോട്ടോര്‍ തകരാറിലായതാണ് കുടിവെള്ളവിതരണം മുടങ്ങാന്‍ കാരണം. നേരത്തെ ഉണ്ടായിരുന്ന പൈപ്പ്‌ലൈന്‍ സംവിധാനം ജില്ലാ ഭരണകൂടം ഇടപെട്ടു മാറ്റിയാണ് എല്ലാ വീടുകളിലേക്കും പൈപ്പ്‌ലൈനും ടാപ്പും സ്ഥാപിച്ചത്. വെളള്ളത്തിന് തുരുമ്പുരസം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. വെള്ളം മുടങ്ങിയതോടെ ഊരുമൂപ്പന്‍ ബാലന്റെ നേതൃത്വത്തില്‍ മൂന്നുതവണ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിച്ച നിര്‍വഹണ ഏജന്‍സി തന്നെ അറ്റകുറ്റപ്പണി നടത്തട്ടെ എന്നായിരുന്നു പഞ്ചായത്തിന്റെ വാദം. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് കോളനിയില്‍നിന്ന് 10 കിലോമീറ്ററോളം അകലെ ഉള്‍വനത്തിലെ ചെറു അരുവിയുടെ തീരത്തേക്ക് ചില കുടുംബങ്ങള്‍ താമസം മാറ്റിയത്. ജില്ലാ ഭരണകൂടം ഏറ്റെടുത്ത കോളനിയാണിത്. വര്‍ഷത്തില്‍ രണ്ടുതവണ കലക്ടര്‍ കോളനിയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. എന്നിട്ടും കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫാമിലെ പതിച്ചുനല്‍കാത്ത ഭൂമിയില്‍ കൈയേറ്റക്കാരെ പോലെ ഒരു ആനുകൂല്യങ്ങളും ലഭിക്കാതെ കഴിയുകയാണ് അമ്പതോളം കുടുംബങ്ങള്‍.
Next Story

RELATED STORIES

Share it