ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് കുടിയിറക്ക് ഭീഷണി

ജെസി എം ജോയ്

മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് പട്ടയഭൂമിയില്‍ നിന്ന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് കുടിയിറക്കു ഭീഷണി. തത്തേങ്ങലം കല്‍ക്കണ്ടി മുതല്‍ ബാലവാടിപ്പടിവരെയുള്ള പ്രദേശത്താണ് വനംവകുപ്പ് സര്‍വേ നടത്തി ജണ്ടനിര്‍മാണം ആരംഭിച്ചത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി കൈവശം വച്ചിരിക്കുന്ന ഭൂമിയിലാണ് വനംവകുപ്പ് സര്‍വേ നടത്തിയത്.
വനംവകുപ്പ് സര്‍വേപ്രകാരം തത്തേങ്ങലം റോഡ് വനാതിര്‍ത്തിക്കുള്ളിലായി. ആദിവാസിയായ കാരുണ്ട ബാബുവിന്റെ വീ ടിന്റെ മധ്യത്തിലാണ് ജണ്ട നിര്‍മിക്കാനുള്ള സര്‍വേക്കല്ല് സ്ഥാപിച്ചിരിക്കുന്നത്. ബാബുവിന്റെ പേരിലുള്ള ഈ 50 സെന്റിന് 1983 ല്‍ പട്ടയം ലഭിച്ചതാണ്. തുടര്‍ന്ന് വില്ലേജില്‍ നികുതിയും അടച്ചുവരുന്നു. ഈ സ്ഥലത്ത് പഞ്ചായത്ത് ഇവര്‍ക്ക് അനുവദിച്ച വീടിന്റെ പണിയും പൂര്‍ത്തിയായി. പട്ടയവും കൈവശ സര്‍ട്ടിഫിക്കറ്റും നല്‍കിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് പഞ്ചായത്ത് വീടനുവദിച്ചത്.
ബാബു ഡിസൂസ, ചാത്തംപടിയില്‍ വകയില്‍ ഖാലിദ്, കോഴിക്കല്‍ ലക്ഷ്മി എന്നിവരുടെ വീടുകളും പുതിയ സര്‍വേപ്രകാരം വനാതിര്‍ത്തിക്കുള്ളിലാണ്. ഇതിനു പുറമെ പുഷ്പ, അത്തിക്കല്‍ ഹംസ, വഴിപ്പറമ്പ് ബഷീര്‍, മൂസ, വിജയകുമാര്‍ തുടങ്ങിയവരുടെ കൃഷിഭൂമികളും സര്‍വേപ്രകാരം വനാതിര്‍ത്തിക്കുള്ളിലായി.
മിക്കവരുടെയും കൈവശം മൂന്നോ നാലോ സെ ന്റ് ഭൂമി മാത്രമാണ് ഉള്ളത്. ഇത് കണ്ടുകെട്ടിയാല്‍ വനസംരക്ഷണം ആവുന്നതെങ്ങനെയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
അതേസമയം പുതിയ സര്‍വേയില്‍ പല അപാകതകളുമുണ്ട്. നാട്ടുകാര്‍ എതിര്‍ത്തതോടെ ജണ്ടയിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് വനംവകുപ്പ് അധികൃതര്‍.
Next Story

RELATED STORIES

Share it