Kottayam Local

ആദിവാസികള്‍ ആശാസ്ത്രീയമായി ഗര്‍ഭ നിരോധന ഗുളിക ഉപയോഗിക്കുന്നു

ആര്‍പ്പൂക്കര: ആദിവാസി സ്ത്രീകള്‍ ആശാസ്ത്രീയമായി ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതായി കോട്ടയം മെഡിക്കല്‍ കോളജ് മെഡിക്കല്‍ സര്‍വീസ് സെന്റര്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ കണ്ടെത്തി.
12, 13 തിയ്യതികളില്‍ മെഡിക്കല്‍ സര്‍വീസ് സെന്റര്‍ യൂനിറ്റും, കേരള വനം വന്യ ജീവി വകുപ്പ് ചിന്നാര്‍ ഡിവിഷനും ചേര്‍ന്ന് മറയൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, കോട്ടയം നേച്ചര്‍ സൊസൈറ്റി, ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിറ്ററി സൊസൈറ്റി എന്നിവയുടെ പിന്തുണയോടെ നടത്തിയ ക്യാംപിലാണ് കണ്ടെത്തല്‍. ചിന്നാര്‍ വന്യജീവി കേന്ദ്രത്തിലെ പാളപ്പെട്ടി, പുതുക്കുടി, വെള്ളക്കല്‍ കുടി, തായന്നംകുടി, മുളങ്ങാമുട്ടി, മാങ്ങാപ്പാറ, ഓള്ളവയല്‍, ചമ്പക്കാട്ട്, ഈച്ചാംപെട്ടി, ഇരുട്ടള, ആലാംപെട്ടി എന്നിവിടങ്ങളില്‍ നിന്ന് 362 പേരാണ് ക്യാംപില്‍ പങ്കെടുത്തത്.
മാങ്ങാപ്പാറയില്‍ മറയൂര്‍ സാമൂഹിക ആരോഗ്യത്തിലെ ഡോ. മുഹമ്മദ് അസ്‌ലം, ഡോ.അരുണ്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാംപ്. ഒമ്പത് കുടിലുകളില്‍ നിന്നായി 33 പേരുള്ള ഇവിടെ 10 പേരാണ് ക്യാംപിലെത്തിയത്.
ശേഷിച്ച 22 പേരെ ഡോക്ടര്‍മാരുടെ സംഘം കുടിലുകള്‍ക്ക് സമീപമുള്ള സത്രത്തില്‍ (14 വയസ്സ് പിന്നിട്ടാല്‍ വിവാഹം കഴിയുന്നതുവരെ ആദിവാസി പുരുഷന്മാര്‍ താമസിക്കുന്ന സ്ഥലം) വിളിച്ചുവരുത്തി പരിശോധിച്ചു. 33 പേരില്‍ ഭൂരിപക്ഷം പേര്‍ക്കും അമിത രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവ കണ്ടെത്തി. ഡോ. നാദിര്‍ അബ്ദുല്‍ റസാഖ്, മറയൂര്‍ ആരോഗ്യ കേന്ദ്രത്തിലെ ഡോ. സാംസാവിയോ എന്നിവരുടെ നേതൃത്വത്തില്‍ തായന്നംകുടി, മുളങ്ങാമൂട്ടി എന്നി കുടിലുകളില്‍ നടത്തിയ ക്യാംപില്‍ ആദിവാസി സ്ത്രീകള്‍ക്ക് ഗര്‍ഭപാത്ര സംബന്ധമായ രോഗങ്ങളാണ് കണ്ടെത്തിയത്.
കുട്ടികള്‍ ഇല്ലാത്ത കുടുംബങ്ങളുടെ എണ്ണമാണ് കൂടുതല്‍. ആര്‍ത്തവം ഒഴിവാക്കാനായി ഇവര്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ആര്‍ത്തവ സമയത്ത് യുവതികളെ അവരവരുടെ വീടുകളില്‍ താമസിക്കാന്‍ അനുവദിക്കില്ല. ഈ സമയത്ത് ഇവര്‍ക്ക് താമസിക്കുന്നത് വാലായ്മപുരയിലാണ്. ഇങ്ങനെയുള്ള മാറി പാര്‍ക്കല്‍ ഒഴിവാക്കാനാണ് ഗുളികകള്‍ കഴിക്കുന്നതെന്നാണ് ഇവരുടെ വിശദീകരണം. ഡോ. തസ്‌നീര്‍, വനംവകുപ്പ് ഓഫിസര്‍ ഡോ. ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ചന്നക്കാട്ട് ഈച്ചാംപെട്ടി, ഇരുട്ടള, ആലാംപെട്ടി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാര കുറവും വിളര്‍ച്ചയും എല്ലാ ക്യാംപിലും റിപോര്‍ട്ട് ചെയ്തു. കൂടുതലായി ഹൃദയ സംബന്ധമായ ഗുരുതര രോഗമുള്ളവര്‍, ഹൃദയത്തിന്റെ വാല്‍വ് സംബന്ധമായ രോഗമുള്ളവര്‍ എന്നിവരെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് ചികില്‍സ നല്‍കാന്‍ തീരുമാനിച്ചു.
ഇവരെ എത്തിക്കാന്‍ വനംവന്യജീവി, ട്രൈബല്‍ വികസനം, ആരോഗ്യം എന്നീ വകുപ്പുകള്‍ സംയുക്തമായി നടപടി സ്വീകരിക്കും. ഗര്‍ഭ നിരോധന ഗുളികകളുടെ ദുരുപയോഗം തടയാന്‍ അങ്കണവാടി അധ്യാപകര്‍, വനം വകുപ്പ് ജീവനക്കാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ചുതലപ്പെടുത്തി.
ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ നിന്ന് വനം വകുപ്പിന് മാറി നില്‍ക്കാനാവില്ലെന്നു ജി പ്രസാദ് പറഞ്ഞു. മെഡിക്കല്‍ സര്‍വീസ് സെന്റര്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. ഹരിപ്രസാദ്, കോട്ടയം മെഡിക്കല്‍ ഫോറന്‍സിക്ക് വിഭാഗം ലക്ചറല്‍ ഡോ.പി എസ് ജിനീഷ്, തിരുവനന്തപുരം മെഡിക്കല്‍ പ്ലാസ്റ്റിക് സര്‍ജറി അസി.പ്രഫ. ഡോ. എസ് കലേഷ് എന്നിവരും ഡോ. അനസ് നീര്‍ സെയ്ത്, ഡോ. നാദിര്‍ അബ്ദുല്‍ റസാഖ്, ഡോ. മുഹമ്മദ് അസ്‌ലം എന്നിവര്‍ അടക്കം 20 മെഡിക്കല്‍ വിദ്യാര്‍ഥികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it