wayanad local

ആദിവാസികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ണമായി നിലച്ചു



മാനന്തവാടി: ജില്ലയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭൂമി ഏറ്റെടുത്തു വിതരണം ചെയ്യുന്നതു പൂര്‍ണമായി നിലച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി നടപ്പാക്കിയിരുന്നു. അരിവാള്‍ രോഗികള്‍ക്കും മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കും ഭൂമി വിതരണം ചെയ്തു. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത്തരത്തിലുള്ള യാതൊരു നീക്കവും ഇതുവരെ നടത്തിയിട്ടില്ല. 2012ല്‍ സര്‍ക്കാര്‍ നടത്തിയ കണക്കെടുപ്പില്‍ മാനന്തവാടി താലൂക്കില്‍ 2512, സുല്‍ത്താന്‍ ബത്തേരിയില്‍ 3926, കല്‍പ്പറ്റയില്‍ 2379 എന്നിങ്ങനെ 8,817 ആദിവാസി കുടുംബങ്ങള്‍ സ്വന്തമായി വീടുവയ്ക്കാന്‍ പോലും ഭൂമിയില്ലാത്തവരാണെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ ആയിരത്തോളം പേര്‍ക്കാണ് വിവിധ പദ്ധതികളിലൂടെ മുന്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ശേഷിക്കുന്നവര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സീറോ ലാന്റ്‌ലെസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദിവാസികള്‍ക്ക് ലഭ്യമാക്കിയ മൂന്നു സെന്റ് ഭൂമിയില്‍ ആരും താമസിക്കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന റവന്യൂ ഭൂമിയാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. എന്നാല്‍, മറ്റു വിഭാഗങ്ങള്‍ക്കൊപ്പം ഇടകലര്‍ന്ന് ജീവിക്കാന്‍ തയ്യാറല്ലാത്തതിനാലും ലഭിച്ച ഭൂമി വാസയോഗ്യമല്ലാത്തിനാലും ആദിവാസികള്‍ ഇവിടേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. അധികൃതര്‍ ഇത്തരം ഭൂമിയുടെ രേഖകള്‍ തിരിച്ചുവാങ്ങി പൊതുവിഭാഗത്തിന് വിതരണം ചെയ്യാന്‍ നടപടികളെടുത്തു വരികയാണ്. ആശിക്കും ഭൂമി പദ്ധതി പ്രകാരം പലര്‍ക്കും ഉദ്യോഗസ്ഥരും സ്ഥലക്കച്ചവടക്കാരും കണ്ടെത്തിയ ഭൂമിയാണ് വിതരണം ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ 25 സെന്റും അതിനു മുകളിലും ഭൂമി ലഭിച്ചവര്‍ വീട് നിര്‍മിക്കാന്‍ ഫണ്ടനുവദിക്കാത്തതു പ്രതിസന്ധിയിലായി. ജില്ലയിലെ അരിവാള്‍ രോഗികള്‍ക്ക് ഭൂമി കണ്ടെത്തി നല്‍കിയതിലും അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിഭാഗക്കാര്‍ക്കും വീട് അനുവദിക്കുന്നതിനോ ബാക്കിയുള്ള അരിവാള്‍ രേഗികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനോ തുടര്‍നടപടികളൊന്നും തന്നെയില്ല. 2003ലെ മുത്തങ്ങ സമരത്തില്‍ പങ്കടെുത്തവര്‍ക്കുള്ള ഭൂവിതരണവും നിലച്ചിരിക്കുകയാണ്. നിരന്തരമുണ്ടായ സമരങ്ങള്‍ക്കൊടുവില്‍ മുന്‍ സര്‍ക്കാര്‍ 812 പേര്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ തീരുമാനിക്കുകയും ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ സമരത്തില്‍ മരണപ്പെട്ട ജോഗിയുടെ മകന്‍ ശിവനുള്‍പ്പെടെ 285 പേരെ നറുക്കിട്ടെടുത്ത് ഭൂമി വിതരണം ചെയ്യുകയുമായിരുന്നു. ഇവര്‍ക്കായി ഇരുളത്ത് 45 ഏക്കര്‍, വെള്ളരിമലയില്‍ 113, വാളാട് 60, കാഞ്ഞിരങ്ങാട് 24, തൊണ്ടര്‍നാട് 5, ചുണ്ടേല്‍ 24, മൂപ്പൈനാട് 13, പനമരം 1 ഏക്കര്‍ എന്നിങ്ങനെയാണ് ഭൂമി നല്‍കിയത്. ഒരേക്കര്‍ വീതം ഭൂമിയുടെ രേഖയും ചിലര്‍ക്ക് ഭൂമിയും അളന്നുതിരിച്ച് നല്‍കിയെങ്കിലും ഇവര്‍ക്കും വീട് നിര്‍മാണത്തിനുള്ള ഫണ്ട് അനുവദിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ പി കെ കാളന്റെ അനുസമരണയ്ക്ക് പുതിയ ഭവന നിര്‍മാണ പദ്ധതി ആരംഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടിയായില്ല. ഇതോടെ ഭൂരഹിതര്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് വീടുമില്ലാതെ ആദിവാസികളുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.
Next Story

RELATED STORIES

Share it