ആദിവാസികള്‍ക്ക് പ്രത്യേക നിയമനമൊരുക്കി പിഎസ്‌സി

തിരുവനന്തപുരം: ആദിവാസി യുവതീ യുവാക്കള്‍ക്ക് പോലിസിലും എക്‌സൈസിലും പ്രത്യേകം നിയമനമൊരുക്കി പിഎസ്‌സി. പാലക്കാട,് മലപ്പുറം, വയനാട് ജില്ലകളിലെ ആദിവാസികളെ പോലിസ്, എക്‌സൈസ് സിവില്‍ ഓഫിസര്‍മാരായി നിയമിക്കാനുള്ള റാങ്ക്‌ലിസ്റ്റ് പുറത്തിറക്കിയതായി പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പത്ത് റാങ്ക് ലിസ്റ്റില്‍ നിന്ന് നൂറു പേര്‍ക്കാണ് നിയമനം. അടുത്തമാസം അഞ്ചിനകം ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയക്കും. ആദിവാസികള്‍ക്കായുള്ള നിയമനത്തിന് ചട്ടത്തില്‍ ഭേദഗതി വരുത്തി.
എഴുത്തു പരീക്ഷ ഒഴിവാക്കി ഇന്റര്‍വ്യൂ നടത്തിയുള്ള പത്ത് റാങ്ക് ലിസ്റ്റുകളാണ് തയാറാക്കിയിരിക്കുന്നത്. റാങ്ക്‌ലിസ്റ്റില്‍ പെട്ടവരെ അതത് ജില്ലാ പിഎസ്‌സി ഓഫിസുകളില്‍ വിളിച്ചുവരുത്തി അഡൈ്വസ് മെമ്മോ കൈമാറും. മൂന്ന് ജില്ലകളിലേയും അതത് പ്രദേശങ്ങള്‍ക്ക് മാത്രം പ്രാതിനിധ്യം നല്‍കിയുള്ളതാണ് നിയമനം.
എക്‌സൈസിന്റെയും പോലിസിന്റെയും ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. മലപ്പുറം ജില്ലയില്‍ സിവില്‍ പോലിസ് ഓഫിസര്‍ തസ്തികയില്‍ നാലും വനിതാ സിവില്‍ പോലിസ് ഓഫിസര്‍ തസ്തികയില്‍ നാലൊഴിവുകളുമാണുള്ളത്. യഥാക്രമം 116, 49 പേരാണ് ഈ റാങ്ക് ലിസ്റ്റിലുള്ളത്. മൂന്ന് ഒഴിവുകളുള്ള സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയിലേക്ക് 37 പേരുടെ റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്.
പാലക്കാട് ജില്ലയില്‍ സിവില്‍ പോലിസ് ഓഫിസര്‍ തസ്തികയില്‍ പത്തും വനിതാ സിവില്‍ പോലിസ് ഓഫിസര്‍ തസ്തികയില്‍ 5ഉം ഒഴിവാണുള്ളത്. യഥാക്രമം 294, 99 പേരാണ് അന്തിമ റാങ്ക് ലിസ്റ്റിലുള്ളത്. അഞ്ച് ഒഴിവുകളുള്ള സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയിലേക്ക് 21 പേരുടെ റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്.
വയനാട് ജില്ലയില്‍ സിവില്‍ പോലിസ് ഓഫിസര്‍ തസ്തികയില്‍ 40ഉം വനിതാ സിവില്‍ പോലിസ് ഓഫിസര്‍ തസ്തികയില്‍ 12ഉം ഒഴിവുകളാണുള്ളത്. യഥാക്രമം 408, 145 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. 15 ഒഴിവുകളുള്ള സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയിലേക്ക് 37 പേരുടെ റാങ്ക് ലിസ്റ്റും 2 ഒഴിവുകളുള്ള വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയിലേക്ക് 79 പേരുടെ  റാങ്ക് ലിസ്റ്റുമാണ് തയ്യാറാക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it