ആദിവാസികള്‍ക്ക് നല്‍കുന്ന ഗര്‍ഭ നിരോധന ഗുളികകള്‍ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഗര്‍ഭനിരോധനത്തിനായി സര്‍ക്കാര്‍ നല്‍കുന്ന മാലാഡി ഗുളികകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെങ്കില്‍ അവ നിരോധിച്ച് ഉത്തരവു നല്‍കേണ്ടതുണ്ടോയെന്നറിയിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് അടുത്ത മാസം 18നു മുമ്പായി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് നോഡല്‍ ഓഫിസര്‍ (സബ് കലക്ടര്‍) പി ബി നൂഹ് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
പാലക്കാട് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ആദിവാസികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ പൊതുതാല്‍പ്പര്യഹരജിയിലാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
അട്ടപ്പാടിയിലെ ആദിവാസി അമ്മമാര്‍ക്ക് നല്‍കുന്ന ഗര്‍ഭനിരോധന മരുന്നുകളോ ഗുളികകളോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഇവിടത്തെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ പരിശോധിക്കണം. മരുന്ന്, ആഹാരം, ഭക്ഷണം എന്നിവ നല്‍കുന്നതിനു യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
Next Story

RELATED STORIES

Share it