ആദിവാസികള്‍ക്ക് ചികില്‍സാ നിഷേധം തുടര്‍ക്കഥ; വയനാട്ടില്‍ ആദിവാസി വീട്ടമ്മ പ്രസവിച്ചത് ഓട്ടോറിക്ഷയില്‍

സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ ആദിവാസികളായ ഗര്‍ഭിണികള്‍ വഴിയരികിലും വാഹനത്തിലും പ്രസവിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ഇന്നലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആദിവാസി വീട്ടമ്മ ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. മുട്ടില്‍ നെന്മേനികുന്ന് നാലു സെന്റ് പണിയകോളനിയിലെ സോമന്റെ ഭാര്യ ബിന്ദു(29)വാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. അമ്മയും കുഞ്ഞും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.
ഇന്നലെ രാവിലെ ഒമ്പതോടെ വേദനയെ തുടര്‍ന്ന് ബിന്ദുവിനെ ഭര്‍ത്താവ് സോമന്‍ ഓട്ടോറിക്ഷയില്‍ മീനങ്ങാടി ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സംഭവം. മുട്ടില്‍ വാര്യാട് ഞാണിന്മേല്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ വേദന കൂടുകയും ബിന്ദു ഓട്ടോറിക്ഷയില്‍ പ്രസവിക്കുകയുമായിരുന്നു. തുടര്‍ന്നു, സോമന്റെ സഹോദരിയായ ശാന്തയുടെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് ആംബുലന്‍സിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ അമ്മയെയും ആണ്‍കുഞ്ഞിനെയും മീനങ്ങാടി ഗവ. ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവിടെനിന്നും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മാസം മുമ്പ് ആദിവാസി യുവതി ആംബുലന്‍സില്‍ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിക്കുകയും കുഞ്ഞുങ്ങള്‍ മരണപ്പെടുകയും ചെയ്തിരുന്നു. സംഭവം ഏറെ കോളിളക്കങ്ങള്‍ക്കിടയാക്കി.
കഴിഞ്ഞ ദിവസം ആദിവാസി യുവതിയായ ഗര്‍ഭിണിയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഗര്‍ഭം അലസിയ സംഭവവുമുണ്ടായി. ഗോത്ര വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കോടികളുടെ പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. എന്നാല്‍, ഇവയൊന്നും അര്‍ഹരിലേക്ക് എത്തുന്നില്ലെന്നാണ് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത്.
ജില്ലയില്‍ ഗോത്ര വിഭാഗങ്ങളുള്‍പ്പെടെ വിദഗ്ധ ചികില്‍സയ്ക്ക് ആശ്രയിക്കുന്ന മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ മാത്രം 26 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുകളില്ലാത്തതും ദുരിതം ഇരട്ടിപ്പിക്കുന്നു. ആദിവാസികള്‍ വഴിയരികില്‍ പ്രസവിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇത്തരം സംഭവങ്ങള്‍ പോലും രാഷ്ട്രീയ മുതലെടുപ്പ് എന്നു വ്യാഖ്യാനിച്ച് കൈയൊഴിയുന്ന ദുരവസ്ഥയും നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it