Idukki local

ആദിവാസികള്‍ക്കു പട്ടയം നല്‍കാത്തത് ഗൂഢാലോചന: ഐക്യ മലഅരയ മഹാസഭ



തൊടുപുഴ: ആദിവാസികളുടെ മാത്രം കൈവശഭൂമിക്ക് പട്ടയം നല്‍കാതിരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഐക്യ മലഅരയ മഹാസഭ. ഇക്കാര്യത്തില്‍ ഇടതുവലത് മുന്നണികള്‍ക്ക് പങ്കുണ്ടെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൈവശഭൂമിക്ക് പട്ടയം നല്‍കിയാല്‍ ആദിവാസികളുടെ ഭൂമി എളുപ്പത്തില്‍ കൈമാറ്റം ചെയ്യാനാവില്ല. ഇപ്പോള്‍ നല്‍കുന്ന വിലയില്ലാത്ത കൈവശരേഖ മതിയായ തെളിവല്ല. ആദിവാസികളുടെ ഭൂമി കൈയേറിയവര്‍ക്കും പട്ടയം നല്‍കുമ്പോഴും മണ്ണിന്റെ മക്കള്‍ക്ക് പട്ടയം നല്‍കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. ആദിവാസികളുടെ കൈവശ ഭൂമിയ്ക്ക് പട്ടയം നിഷേധിക്കുമ്പോള്‍ മറ്റുള്ളവരുടെ ഭൂമിക്ക് ക്രയവിക്രയ അധികാരത്തോട് കൂടിയ പട്ടയമാണ് നല്‍കുന്നത്. ഇത് ഭരണഘടനാ ലംഘനവും തുല്യതാ സങ്കല്‍പ്പത്തിന് വിരുദ്ധവുമാണ്. പട്ടയം ഇല്ലാത്തതിനാല്‍ ബാങ്ക് വായ്പ, റോഡ് വൈദ്യുതി സൗകര്യങ്ങളൊന്നും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല. ആദിവാസികളെ എന്നും വോട്ടുകുത്തികളായി മാത്രമാണ് ചില രാഷ്ട്രീയ കക്ഷികള്‍ കണക്കാക്കുന്നത്. ജില്ലയില്‍ ഇപ്പോള്‍ നടക്കുന്ന സര്‍വേയില്‍ ആദിവാസികളുടെ ഭൂമി കൂടി അളന്ന് തിരിച്ച് പട്ടയം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. ഇല്ലെങ്കില്‍ വിവിധ ആദിവാസി സംഘടനകളെ യോജിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഐക്യമല അരയ മഹാസഭ നേതൃത്വം നല്‍കുമെന്ന് സഭാ പ്രസിഡന്റ് സി.ആര്‍. ദിലീപ്കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എ. കൃഷ്ണന്‍കുട്ടി വാലേക്കാട്ടില്‍, സി.കെ. സോമശേഖരന്‍, കെ.കെ. പുഷ്പരാജന്‍, ഗോപാലകൃഷ്ണന്‍ മുട്ടം  പറഞ്ഞു.
Next Story

RELATED STORIES

Share it