Pathanamthitta local

ആദിവാസികള്‍ക്കിടയിലെ എന്‍ജിഒകളുടെ പ്രവര്‍ത്തനത്തിലും ദുരൂഹത

പത്തനംതിട്ട: കഴിഞ്ഞദിവസം കൊക്കാത്തോട് ഗുരുനാഥന്‍ മണ്ണ് വനമേഖലയില്‍ കുഞ്ഞുപിള്ളയുടെ മകന്‍ ശശിക്ക് (14) വെടിയേറ്റ സംഭവത്തില്‍ ദുരൂഹത. ആദിവാസിയായ രാജന്‍ എന്ന യുവാവാണ് വെടിവച്ചതെന്ന് പറയുന്നു. ആദിവാസിക്ക് എവിടെനിന്നു തോക്കുലഭിച്ചു എന്ന ചോദ്യമാണ് ഇപ്പോള്‍ പോലിസിനെ കുഴയ്ക്കുന്നത്. പുറത്തുനിന്ന് എത്തുന്നവര്‍ ആദിവാസികളെ ഉപയോഗിച്ച് മൃഗവേട്ട നടത്തുന്നതിന് തെളിവാണിതെന്നാണ് നിഗമനം.
ശബരിമല കാടുകളിലും ഗൂഡ്രിക്കല്‍ റേഞ്ചിലെ അതീവ സുരക്ഷാ മേഖലകളിലും ആദിവാസികള്‍ക്കായി ചില എന്‍ജിഒകള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ ദുരൂഹ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന ആരോപണവും ശക്തമാണ്. കെഎസ്ഇബിയുടെ നിരവധി അണക്കെട്ടുകള്‍ ഉള്ള ഈ മേഖലകളില്‍ കഴിഞ്ഞ ഏതാനും മാസമായി മീന്‍പിടുത്തം വ്യാപകമാണ്. ആദിവാസി യുവാക്കളുടെ സഹായത്തോടെ തോട്ടാ ഇട്ട് മീന്‍പിടുത്തം ഇവിടെ നടക്കുന്നതായാണ് അറിവ്. ഡാമുകളില്‍ പോലിസ് സുരക്ഷ കര്‍ശനമാണെങ്കിലും ജലസംഭരണികളുടെ ചില മേഖലയില്‍ നടന്നുവരുന്ന ഇത്തരം നിയമലംഘനങ്ങള്‍ ആരും അറിയുന്നില്ല.
ആദിവാസി ക്ഷേമത്തിന്റെ മറവില്‍ ഭക്ഷണവും വസ്ത്രവുമായി എത്തുന്നവര്‍ ഇവരെ ചൂഷണം ചെയ്യുന്നതായാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ വനംവകുപ്പോ ട്രൈബല്‍ വകുപ്പോ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. കിഴക്കന്‍ മലയോര മേഖലയില്‍ അടുത്തകാലത്തായി മൃഗവേട്ട വ്യാപകമാണ്. പണ്ട് വനത്തില്‍ കൂപ്പുകള്‍ ഉണ്ടായിരുന്ന കാലത്ത് ഏറുമാടം കെട്ടി ചിലര്‍ മൃഗവേട്ട നടത്തിയിരുന്നു. എന്നാല്‍ വനനിയമം കര്‍ശനമായതോടെ അതിന് കഴിയാതെവന്നു. ഇത്തരക്കാര്‍ ഇപ്പോള്‍ ആദിവാസികളെ ഉപയോഗിച്ചാണ് വേട്ട നടത്തുന്നതെന്നും വേട്ടയാടി കിട്ടുന്ന മൃഗങ്ങളെ ഇവര്‍ പങ്കിട്ടെടുക്കുകയാണെന്നും ആരോപണമുണ്ട്. ഉള്‍വനത്തിലേക്ക് വനപാലകര്‍ എത്താത്തതും ഇത്തരക്കാര്‍ക്ക് തുണയാണ്.
വര്‍ഷങ്ങളായി പുറത്തുനിന്നും എത്തുന്നവര്‍ ഇവിടെ അണക്കെട്ടുകളുടെ ജലസംഭരണിയില്‍ നിന്നു തോട്ടാ ഉപയോഗിച്ച് മീന്‍ പിടിക്കാറുണ്ട്. ഇത് അണക്കെട്ടുകളുടെ ബലത്തെയും സുരക്ഷയേയും പ്രതികൂലമായി ബാധിക്കും.
സംസ്ഥാന ഡാം സേഫ്റ്റി അതോറിറ്റിയുടെ അറിവില്ലാതെയാണിത്. വല ഉപയോഗിച്ചുപോലും ഇവിടെ നിന്നും മല്‍സ്യബന്ധനം നടത്തുന്നതിന് അതോറിറ്റിയുടെ അനുമതി വേണം. എന്നാല്‍ ഇതൊന്നും കൂടാതെയാണ് ഇത്തരത്തിലുള്ള നിയമലംഘനം നടന്നുവരുന്നത്. ഡാമുകളുടെ ചിത്രങ്ങള്‍പോലും പകര്‍ത്തുന്നതിന് കര്‍ശന നിയന്ത്രണമാണ് നിലവിലുള്ളത്. ആദിവാസികളുടെ സഹായമില്ലാതെ റോഡില്ലാത്ത മേഖലയിലൂടെ ആര്‍ക്കും ഉള്‍വനത്തിലുള്ള ജലസംഭരണിയില്‍ എത്താന്‍ കഴിയില്ല.
വന്യമൃഗങ്ങളില്‍നിന്നു രക്ഷനേടാനും ആദിവാസികളുടെ സംരക്ഷണം കൂടിയെ തീരു. സര്‍ക്കാര്‍ ദൈനംദിനം ആദിവാസി ക്ഷേമത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും അവരുടെ പട്ടിണിമാറ്റാന്‍ തങ്ങള്‍തന്നെ വേണമെന്നാണ് ചില എന്‍ജിഒകള്‍ പ്രചരിപ്പിക്കുന്നത്. അതിനാല്‍ ചില എന്‍ജിഒകള്‍ നടത്തിവരുന്ന ആദിവാസി ക്ഷേമത്തിന്റ പിന്നാമ്പുറം കണ്ടെത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it