ആദിത്യനാഥിനെതിരേ കേസ് കൊടുത്ത കോണ്‍ഗ്രസ് നേതാവിന് വധഭീഷണി

ലഖ്‌നോ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ കേസ് കൊടുത്ത യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന് വധഭീഷണി. രണ്ടു പതിറ്റാണ്ട് പഴക്കമുള്ള കേസ് വീണ്ടും അന്വേഷിക്കാന്‍ കോടതി ഈയിടെ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് തനിക്ക് വധഭീഷണി ഉയര്‍ന്നതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ രാജ് ബബ്ബാറിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തലത്ത് അസീസ് പറഞ്ഞു.
തനിക്കും കുടുംബത്തിനും പലയിടത്തുനിന്നും ഭീഷണിയുണ്ടെന്ന് അവര്‍ പറഞ്ഞു. ഗോരഖ്പൂര്‍ എംപി ആയിരുന്ന ആദിത്യനാഥ് 1999ല്‍ മഹാരാജ് ഗഞ്ചില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ ഒരു പോലിസുകാരന്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് തലത്ത് അസീസ് ആദിത്യനാഥിനും മറ്റ് 50 പേര്‍ക്കുമെതിരേ പോലിസില്‍ പരാതി നല്‍കിയത്. 2002ല്‍ കേസ് അവസാനിപ്പിക്കുന്നതായ റിപോര്‍ട്ട് സിബിസിഐഡി കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനെതിരേ തലത്ത് അസീസ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. സെഷന്‍സ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്ന് സമര്‍പ്പിച്ച ഹരജിയിലാണ് സെഷന്‍സ് കോടതി കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടത്. കേസ് പിന്‍വലിക്കാന്‍ തലത്ത് അസീസില്‍ സമ്മര്‍ദമുണ്ടെന്ന് രാജ് ബബ്ബാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it