kannur local

ആദായനികുതി ലൈറ്റ് ഫീയുടെ മറവില്‍ തീവെട്ടിക്കൊള്ള

തലശ്ശേരി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നു ആദായ നികുതി ലൈറ്റ് ഫീയുടെ മറവില്‍ കേന്ദ്രസര്‍ക്കാരിന്റെ തീവെട്ടിക്കൊള്ള. ആദായനികുതി റിട്ടേണ്‍സ് നല്‍കേണ്ട അവസാന തിയ്യതി ജൂലൈ 31 ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണ് ലൈറ്റ് ഫീ എന്ന പേരില്‍ 5000 മുതലുള്ള തുക നികുതി ദാതാക്കളില്‍ നിന്നു ചുമത്തുന്നത്.
5000 രൂപ മുതല്‍ 10000 രൂപ വരെ അധിക ഫീസ് വസൂലാക്കുക വഴി 10000 കോടിയിലേറെ രൂപ അധികതുകയായി പിടിച്ചെടുക്കുന്നുണ്ടെന്നാണു വിമര്‍ശനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കുന്ന ഘട്ടത്തില്‍ തന്നെ സര്‍ക്കാറിനു നല്‍കേണ്ട നികുതി കഴിച്ചാണ് ശമ്പളമായി ലഭിക്കുന്നത്. ഇത് എല്ലാ മാസങ്ങളിലും നടക്കുന്ന പതിവുപ്രക്രിയയാണ്.
എന്നാല്‍ ജൂലൈ 31നകം ആദായ നികുതികളുടെ തുക വാര്‍ഷിക ശമ്പളത്തില്‍ നിന്നും കൃത്യമായി നല്‍കിയവര്‍ക്ക് പോലും വൈകിയ ഫീസെന്ന പേരിലാണ് തുക ഈടാക്കുന്നത്.
രാജ്യത്ത് 100 കോടിയിലേറെ ജനങ്ങളില്‍ 20 കോടിയിലേറെ പേര്‍ കൃത്യമായി ആദായ നികുതി നല്‍കുന്നവരാണെന്നാണ് കണക്ക്. അതിനു പുറമെ, ജിഎസ്ടി ഇനത്തില്‍ ചെറുകിട വ്യാപാരികളില്‍ നിന്നും വന്‍ തോതില്‍ പണം ഈടാക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ജിഎസ്ടി നികുതി റിട്ടേണ്‍ സെപ്തംബറില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ജിഎസ്ടിആര്‍ 1, ജിഎസ്ടിആര്‍ 2/ ജിഎസ്ടി 3 കൂടാതെ ജിഎസ്ടി 3 ബി എന്നിങ്ങനെ നാലു തലങ്ങളായാണ് നികുതി ദായകരില്‍ നിന്നു ഏകീകൃത നികുതി എന്ന പേരില്‍ ജിഎസ്ടി സ്വീകരിക്കുന്നത്.
എന്നാല്‍ ഇവയുടെ കൃത്യത ഉറപ്പില്ലാത്തതിനാല്‍ ജിഎസ്ടി ആര്‍ 1 എന്ന പേരില്‍ നാലാമതായി വന്ന റിട്ടേണ്‍ മത്രമേ നല്‍കേണ്ടതുള്ളുവെന്നാണ് ഓണ്‍ലൈന്‍ വഴി പുതുതായി ലഭിച്ച നിര്‍ദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുകിട കച്ചവടക്കാര്‍ പോലും വാങ്ങുകയും വില്‍ക്കുകയും ചെയ്ത ഉല്‍പ്പന്നങ്ങളുടെ പ്രതിദിന കണക്കുകള്‍ തയ്യാറാക്കാന്‍ അവരവരുടെ സ്ഥാപനങ്ങളില്‍ അക്കൗണ്ടണ്ടിനെ ശമ്പളം നല്‍കി നിയമിക്കേണ്ട അവസ്ഥയാണുള്ളത്.
നികുതി സംബന്ധിച്ച് സര്‍ക്കാര്‍ അനുദിനം മാറ്റിക്കൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാണെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും സൈറ്റ് ജാമാവുന്നത് പതിവായത് ചെറുകിട വ്യാപാരികളില്‍ നിന്നു അധികനികുതി ഇനത്തില്‍ പണം വസൂലാക്കാനുള്ള ഉപാധിയായി മാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it