Middlepiece

ആദര്‍ശക്കോപ്പയിലെ കൊടുങ്കാറ്റ്

ആദര്‍ശക്കോപ്പയിലെ കൊടുങ്കാറ്റ്
X
slug-madhyamargamആദര്‍ശത്തിന് ഇന്നു നല്ല ഡിമാന്‍ഡാണ്. ആയിരം മുഖങ്ങളുള്ള ഒന്നാണ് ഇത്. ലക്ഷണമൊത്തവനായി, ആദര്‍ശവാനായി ജീവിക്കുക എന്നത് മഹാത്യാഗമാണ്. കൂടുതല്‍ ത്യാഗം ചെയ്യുമ്പോഴാണ് കറകളഞ്ഞ ആദര്‍ശവാനാവുക. മറ്റുള്ളവര്‍ക്ക് വെളിച്ചം പകരുന്ന മെഴുകുതിരിപോലെ ജീവിക്കുകയാണ് ആദര്‍ശത്തിന്റെ ലക്ഷ്യം.
രാഷ്ട്രീയക്കാരനാവുമ്പോള്‍ കഠിന ജീവിതം തന്നെ നയിക്കേണ്ടിവരും. ആദര്‍ശധീരനായ നേതാവ് എന്ന് അണികളെക്കൊണ്ട് വിളിപ്പിക്കാന്‍ കഴിയുക എന്നത് മഹാഭാഗ്യമാണ്. ആദര്‍ശധീരന്മാര്‍ വളരെ കുറവാണ്. ജീവിതസുഖങ്ങളൊക്കെ വെടിഞ്ഞ് ജീവിക്കേണ്ടിവരുന്നതിനാലാണ് ഇത്തരക്കാരുടെ എണ്ണം കുറയുന്നത്. കേരളത്തിലാണെങ്കില്‍ ഓരോ പാര്‍ട്ടിയിലും മരുന്നിന് ഒന്നോ രണ്ടോ ആദര്‍ശധീരന്മാരെയേ കാണാനുള്ളൂ.
കോണ്‍ഗ്രസ് പാര്‍ട്ടിയിലാണെങ്കില്‍ രണ്ട് അറിയപ്പെടുന്ന ആദര്‍ശധീരന്മാര്‍ ഉള്ളതുകൊണ്ടാണ് ആ പാര്‍ട്ടിയുടെ നിലനില്‍പ്പ്. ഈ ധീരന്മാരാണെങ്കില്‍ സദാസമയവും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. മറ്റ് പാര്‍ട്ടികളിലാണെങ്കില്‍ ആദര്‍ശധീരന്മാര്‍ക്ക് അത്രയ്ക്ക് വിലയും നിലയും ഇല്ല. കോണ്‍ഗ്രസ്സില്‍ ആദര്‍ശധീരന്മാരാവണമെങ്കില്‍ പൊതുവായ ചില മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. സദാസമയവും ഖദര്‍ ധരിക്കുന്ന ഇവര്‍ക്ക് അനുയായികള്‍ ഉണ്ടാവാന്‍ പാടില്ല. സ്വന്തം കുടുംബത്തില്‍ നിന്നുപോലും ഒരാളെയും പാര്‍ട്ടിയില്‍ ചേര്‍ക്കരുത്. പാര്‍ട്ടി വളര്‍ത്താനോ പാര്‍ട്ടിക്ക് ശക്തി ഉണ്ടാക്കാനോ ശ്രമിക്കരുത്. ഇവര്‍ സല്‍സ്വഭാവികളായിരിക്കണം. സത്യം മാത്രമേ പറയാവൂ. അര്‍ഹതയില്ലാത്ത ഒന്നും സ്വീകരിക്കരുത്. പാര്‍ട്ടിക്കുവേണ്ടിപ്പോലും പിരിവു നടത്തരുത്. അനീതി എവിടെ കണ്ടാലും അപ്പോള്‍ പ്രതികരിക്കണം. നിത്യവും പാര്‍ട്ടി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിച്ച് പ്രതിപക്ഷത്തിന്റെ കൈയടി വാങ്ങണം. പാര്‍ട്ടിയില്‍ ഏതു സ്ഥാനവും പദവിയും ഏറ്റെടുക്കണം. എല്ലാ തിരഞ്ഞെടുപ്പുകളിലും മല്‍സരിക്കണം. മന്ത്രി, മുഖ്യമന്ത്രി, സ്പീക്കര്‍, എംപി, രാജ്യസഭാ എംപി തുടങ്ങി കിട്ടാവുന്ന ഏത് കസേരകളിലും ഇരിക്കണം. ഈ കസേരകള്‍ വളരെ വേഗം ആദര്‍ശവല്‍ക്കരിക്കണം. ഏത് പദവികള്‍ സ്വീകരിച്ചാലും ആര്‍ക്കും ഒരു ഉപകാരവും ചെയ്തുകൊടുക്കരുത്. കൂടെ നില്‍ക്കുന്നവരെ സഹായിക്കരുത്. പാര്‍ട്ടികളില്‍ ആദര്‍ശധീരന്മാര്‍ ഉണ്ടാവുന്നതു തടയണം. ഇത്തരത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് രാജ്യസേവനം നടത്തിപ്പോരുന്ന രണ്ട് ആദര്‍ശധീരന്മാരേ കേരളത്തിലുള്ളൂ. എ കെ ആന്റണിയും വി എം സുധീരനും.
വര്‍ഷങ്ങളോളം ആദര്‍ശത്തിന്റെ അധികാരത്തില്‍ കഴിഞ്ഞുപോന്ന ആന്റണിയുടെ മുമ്പില്‍ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി ഇങ്ങനെ ചെറിയ മോഹങ്ങളേ ബാക്കിയുള്ളൂ. ഏറ്റെടുത്ത എല്ലാ ചുമതലകളും ആദര്‍ശവല്‍ക്കരിച്ചതുപോലെ പുതിയ പദവികളും അദ്ദേഹം വിജയകരമായി ആദര്‍ശവല്‍ക്കരിക്കും. ഡല്‍ഹിയില്‍ ആദര്‍ശം നിറഞ്ഞുനില്‍ക്കുന്ന മറ്റ് നേതാക്കള്‍ ഇല്ലാത്തതിനാല്‍ ആന്റണിയുടെ മോഹങ്ങള്‍ പൂവണിയാനാണു സാധ്യത.
കേരളത്തില്‍ ഇപ്പോള്‍ ആദര്‍ശധീരന്‍ വി എം സുധീരന്‍ മാത്രം. ഒട്ടേറെ സ്ഥാനങ്ങളും പദവികളും വഹിച്ച അദ്ദേഹത്തിന് മുഖ്യമന്ത്രിക്കസേര ഒന്ന് ആദര്‍ശത്തില്‍ മുക്കണം. അതു മാത്രമാണു വിചാരം. അതിനു വേണ്ടി ഊണും ഉറക്കവും ഒഴിഞ്ഞ് മാധ്യമങ്ങളിലൂടെ അദ്ദേഹം പോരാട്ടം നടത്തുകയാണ്. തന്റെ മോഹങ്ങള്‍ ഉള്ളിലടക്കിപ്പിടിച്ച് ആദര്‍ശപ്രസ്താവനകളും ആദര്‍ശപ്രവര്‍ത്തനങ്ങളും ആദര്‍ശവഞ്ചനകളും അദ്ദേഹം നടത്തിപ്പോരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നാഴികയ്ക്ക് നാല്‍പതുവട്ടം വിമര്‍ശിച്ച് പേരെടുത്തുവരുമ്പോഴാണ് അദ്ദേഹത്തെ കെപിസിസി പ്രസിഡന്റാക്കിയത്.
പാര്‍ട്ടി മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും സ്പീക്കറും സംസ്ഥാനത്തെ പാര്‍ട്ടി എംപിമാരും പ്രസിഡന്റായ തന്റെ കീഴില്‍ വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ, അതു നടന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വല്ലാതെ സ്‌നേഹിക്കുന്നത് പ്രസിഡന്റിനു സഹിക്കാന്‍ പറ്റിയില്ല. ജനങ്ങള്‍ ആദര്‍ശവാനായ തന്നെയല്ലേ സ്‌നേഹബഹുമാനംകൊണ്ട് മൂടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. പാര്‍ട്ടി നന്നാക്കാനോ ഒന്നാക്കാനോ ജനങ്ങളെ സേവിക്കാനോ പ്രസിഡന്റിനു നേരം ഉണ്ടായില്ല.
മദ്യനയം ഒരു പരുവത്തിലാക്കിയതോടെ പ്രസിഡന്റിന്റെ ആദര്‍ശം കത്തിക്കയറി. തന്നെ മുന്നില്‍ നിര്‍ത്തി മല്‍സരിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഡല്‍ഹിയിലെ ആദര്‍ശധീരന്റെ സപ്പോര്‍ട്ടും ഇതിനു ലഭിച്ചു. എന്നാല്‍, ഹൈക്കമാന്‍ഡ് ഒന്നും മിണ്ടിയില്ല. തിരഞ്ഞെടുപ്പിനു മുമ്പു നടത്തിയ കേരള പര്യടനം ക്ലച്ച് പിടിച്ചതുമില്ല.
തിരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ താന്‍ മല്‍സരിക്കുന്നില്ലെന്നു പരസ്യമായി പലവട്ടം പറഞ്ഞുനോക്കി. എന്തു ചെയ്യാം? കേരളത്തില്‍ ഇതൊന്നും വിലപ്പോയില്ല. പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റയ്ക്കായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയം ആദര്‍ശത്തിന്റെ നല്ലൊരു അവസരമാക്കി മാറ്റാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് പാര്‍ട്ടിയെ നിര്‍ണായകഘട്ടത്തില്‍ കുടുക്കിലാക്കി. സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്നു ചിലരെ ഒഴിവാക്കി ചിലരെ കുത്തിക്കയറ്റാനും അതിലൂടെ തനിക്ക് പ്രതിച്ഛായ ഉണ്ടാക്കാനും നടത്തിയ ശ്രമങ്ങള്‍ പാര്‍ട്ടിക്ക് മൊത്തത്തില്‍ ക്ഷീണവും ഉണ്ടാക്കി. അണികളും അനുയായികളും ജനസ്വീകാര്യതയും ഇല്ലാത്ത പ്രസിഡന്റിന്റെ അഭിപ്രായങ്ങള്‍ ഒന്നടങ്കം സ്വീകരിക്കാനിടയില്ല. അവസാനഘട്ടത്തില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാന്‍ ചില നീക്കുപോക്കുകള്‍ക്ക് ഹൈക്കമാന്‍ഡ് തയ്യാറായേക്കും.
വല്ലവിധേനയും ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി വന്നാല്‍ ഹൈക്കമാന്‍ഡിനോട് ആദ്യം ആവശ്യപ്പെടുന്നത് ഇതായിരിക്കും: വി എം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണം.
Next Story

RELATED STORIES

Share it