ആദര്‍ശം നിലനിര്‍ത്താന്‍ ഗുഹയിലഭയം തേടിയവര്‍

ആദര്‍ശം നിലനിര്‍ത്താന്‍ ഗുഹയിലഭയം തേടിയവര്‍
X


ഇംതിഹാന്‍ ഒ അബ്ദുല്ല
ഖുറൈശികള്‍ ജൂത പണ്ഡിതരുടെ സഹായത്തോടെ പ്രവാചകനോട് ചോദിച്ച ഒന്നാമത്തെ ചോദ്യം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സംഘം യുവാക്കളുടെ കഥ എന്തായിരുന്നുവെന്നായിരുന്നു.  ജൂത-ക്രൈസ്ത്രവ ചരിത്രങ്ങളില്‍ പരാമര്‍ശങ്ങളുളള  ഈ യുവാക്കള്‍ ഗുഹാവാസികള്‍(അസ്ഹാബുല്‍ കഹ്ഫ്) എന്നറിയപ്പെടുന്നു.  പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നിഗമനത്തില്‍ ക്രി. ശേ 249-251 വരെ റോമാസാമ്രാജ്യം ഭരിച്ചിരുന്ന സീസര്‍ ഡെസ്യൂസിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരാണ് ഇവര്‍.  ഈസാനബിയുടെ കാലശേഷം റോമാസാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏകദൈവവിശ്വാസം (അന്നത്തെ ക്രിസ്തുമതം) പ്രചരിച്ചപ്പോള്‍ ഈ യുവാക്കള്‍ ബഹുദൈവാരാധന ഉപേക്ഷിച്ചു.  ബഹുദൈവാരാധകനായിരുന്ന സീസര്‍ യുവാക്കളുടെ മതപരിവര്‍ത്തന വാര്‍ത്ത കേട്ട് കോപിഷ്ഠനായി അവരെ വിചാരണ ചെയ്തു.  നിങ്ങളുടെ മതമേതാണ് എന്ന ചോദ്യത്തിന് ആകാശങ്ങളുടെയും ഭൂമിയുടേയും നാഥനാണ് ഞങ്ങളുടെ നാഥന്‍.  അവനല്ലാതെ മറ്റൊരു ശക്തിയെയും ഞങ്ങള്‍ ആരാധിക്കുന്നില്ല. അങ്ങനെ ഞങ്ങള്‍ ചെയ്താല്‍ അതു മഹാ അക്രമമായിരിക്കും എന്നാണ് ഞങ്ങള്‍ കരുതുന്നത് എന്നായിരുന്നു ആദര്‍ശധീരരായ ആ യുവാക്കളുടെ മറുപടി.  യുവാക്കളുടെ പ്രതികരണം കേട്ട് ആദ്യം കോപിഷ്ടനായ സീസര്‍ നാവടക്കിയില്ലെങ്കില്‍ ഈ നിമിഷം കൊന്നുകളയുമെന്നു ഭീഷണി മുഴക്കിയെങ്കിലും പിന്നീട് അനുനയത്തില്‍ യുവാക്കള്‍ക്ക് അവരുടെ പ്രായം പരിഗണിച്ച് മൂന്നു ദിവസത്തെ സമയം അനുവദിച്ചു.  കാലവധിക്കു ശേഷവും ഏകദൈവവിശ്വസത്തിലുറച്ചു നില്‍ക്കുന്ന പക്ഷം കൊന്നുകളയുമെന്ന മുന്നറിയിപ്പും നല്‍കി. സ്വേഛാധിപതിയും പ്രതാപശാലിയുമായ സീസറിനോട് നേരിടാന്‍ തങ്ങള്‍ക്കാവില്ലെന്നു ഉറച്ച ബോധ്യമുണ്ടായിരുന്ന ആ യുവാക്കള്‍ പക്ഷേ ജീവിക്കാന്‍ വേണ്ടി ആദര്‍ശം പണയം വെക്കാന്‍ തയ്യാറുണ്ടായിരുന്നില്ല.  അതിനാല്‍ മൂന്നു ദിവസത്തെ ഇളവ് ഉപയോഗപ്പെടുത്തി നഗരത്തില്‍ നിന്നും ഒളിച്ചോടി വല്ലയിടത്തും മറഞ്ഞിരിക്കാന്‍ അവര്‍ തീരുമാനിച്ചു.  ഒരു മലഞ്ചെരിവ് ലക്ഷ്യമാക്കി നീങ്ങിയ അവരോടൊപ്പം ഒരു നായയും ചേര്‍ന്നു.  മലഞ്ചെരുവിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ച യുവാക്കള്‍ ഗുഹയില്‍  കയറിയപാടെ ദീര്‍ഘനിദ്രയെ പ്രാപിച്ചു.  ആ നിദ്ര അനേകം വര്‍ഷങ്ങള്‍ നീണ്ടു.  വര്‍ഷങ്ങള്‍ക്കു ശേഷം ഉറക്കമുണര്‍ന്ന യുവാക്കള്‍ പക്ഷേ തങ്ങളുടെ അവസ്ഥയെപറ്റി ബോധവാന്‍മാരായിരുന്നില്ല.   ഇക്കാലയളവിനിടയില്‍ റോമാസാമ്രാജ്യം സമൂലമായ മാറ്റത്തിനു വിധേയമായിരുന്നു.  ക്രിസ്തീയ വിശ്വാസം റോമിന്റെ ഔദ്യോഗിക മതമായി മാറിയിരുന്നു.  എന്നാല്‍ ഇതൊന്നുമറിയാതെ അവര്‍ തങ്ങളിലൊരാളെ ഭക്ഷണം വാങ്ങിക്കുന്നതിനായി അയക്കുന്നു.  പ്രാചീനകാലത്തെ നാണയവുമായി കടയിലെത്തിയ യുവാവിനെ ജനങ്ങളും അധികാരികളും പിന്തുടരുകയും യുവാക്കളുടെ നിജസ്ഥിതി മനസിലാക്കുകയും ചെയ്യുന്നു.  ഏകദൈവത്വത്തിലും മരണാനന്തരജീവിതത്തിലും വിശ്വസിച്ചിരുന്ന അക്കാലത്തെ സീസറും ഗുഹാമുഖത്തെത്തി.  എന്നാല്‍ ഗുഹയിലേക്കു തിരിച്ചു കയറിയ യുവാക്കളാവട്ടെ തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു.
കഴിഞ്ഞതും വരാനിരിക്കുന്നതുമായ മുഴുവന്‍ കാര്യങ്ങളും സൂക്ഷ്മമായി അറിയുന്നവനായ അല്ലാഹു ഖുറൈശികള്‍ക്കുള്ള മറുപടിയായി ദിവ്യബോധനം അവതരിപ്പിച്ചു: 'ഗുഹയുടെയും ലിഖിതഫലത്തിന്റെയും ആളുകള്‍ നമ്മുടെ വലിയൊരു അദ്ഭുത ദൃഷ്ടാന്തമായിരുന്നുവെന്ന് താങ്കള്‍ ധരിച്ചുവോ? ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പ്രാര്‍ത്ഥിച്ചു, ഞങ്ങളുടെ നാഥാ ഞങ്ങളില്‍ നിന്റെ പ്രത്യേക കാരുണ്യം വര്‍ഷിക്കേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നയിക്കാന്‍ സൗകര്യം ചെയ്തു തരേണമേ.  അങ്ങനെ നാം അവരെ നിരവധി സംവല്‍സരങ്ങള്‍ അതേ ഗുഹയില്‍ ഗാഡനിദ്രയിലാഴ്ത്തി.  പിന്നീട് നാം അവരെ ഉണര്‍ത്തി, അവരിലിരു കക്ഷികളില്‍ ആരാണ് ഗുഹാവാസക്കാലം കൃത്യമായി കണക്കാക്കുന്നതെന്നു നോക്കേണ്ടതിന്.  അവരുടെ യഥാര്‍ത്ഥ കഥ താങ്കള്‍ക്ക് നാം വിവരിച്ചു തരാം.  തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്മാര്‍ഗത്തില്‍ പുരോഗതിയരുളി. ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവാകുന്നു.  അവനു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല.  എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായിപ്പോകും.  എന്ന് അവര്‍ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പു നല്‍കുകയും ചെയ്തു. (പിന്നീട് അവര്‍ പരസ്പരം പറഞ്ഞു) നമ്മുടെ ഈ ജനത്തെയും പ്രപഞ്ചനാഥനെ വെടിഞ്ഞ് അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് ആ ഗുഹയില്‍ അഭയം പ്രാപിച്ചു കൊളളുക. നിങ്ങളുടെ രക്ഷിതാവ് അവന്റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് വിശാലമായി നല്‍കുകയും നിങ്ങളുടെ കാര്യത്തില്‍ സൗകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്.
സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും അത് അസ്മതിക്കുമ്പോള്‍ അതവരെ വിട്ടുകടന്ന് ഇടതുഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം.  അവരാകട്ടെ അതിന്റെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു.  അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രേ.  അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്‍ഗ്ഗം പ്രാപിച്ചവന്‍.  അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.
അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ചുപോകും.  (വാസ്തവത്തില്‍) അവര്‍ ഉറങ്ങുന്നവരത്രെ.  നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ചുകൊണ്ടിരിക്കുന്നു.  അവരുടെ നായ ഗുഹാമുഖത്ത് അതിന്റെ രണ്ട് കൈകളും നീട്ടിവച്ചിരിക്കുകയാണ്.  അവരുടെ നേര്‍ക്ക് നീ എത്തിനോക്കുന്നപക്ഷം നീ അവരില്‍ നിന്ന് പിന്തിരിഞ്ഞോടുകയും, അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും.  അപ്രകാരം - അവര്‍ അന്യേന്യം ചോദ്യം നടത്തുവാന്‍ തക്കവണ്ണം- നാം അവരെ എഴുന്നേല്‍പ്പിച്ച് അവരില്‍ ഒരാള്‍ ചോദിച്ചു.  നിങ്ങളെത്രകാലം (ഗുഹയില്‍) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്‍പഭാഗമോ കഴിച്ചു കൂട്ടിയിരിക്കും.  മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്‍.  എന്നാല്‍ നിങ്ങളില്‍ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക.  അവിടെ ആരുടെ പക്കലാണ് ഏറ്റവും നല്ല ഭക്ഷണമുള്ളത്.  എന്ന് നോക്കിയിട്ട് അവിടെ നിന്ന് നിങ്ങള്‍ക്ക് അവന്‍ വല്ല ആഹാരവും കൊണ്ടുവരട്ടെ.  അവന്‍ കരുതലോടെ പെരുമാറട്ടെ.  നിങ്ങളെപ്പറ്റി അവന്‍ യാതൊരാളെയും അറിയിക്കാതിരിക്കട്ടെ.  തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും എങ്കില്‍ (അങ്ങനെ നിങ്ങള്‍ മടങ്ങുന്നപക്ഷം) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ.  അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ (ജനങ്ങള്‍) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ (ഗുഹാവാസികളെ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി.  അവര്‍ അന്യേന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) അവര്‍ ഒരു വിഭാഗം പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മ്മിക്കുക- അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.  - അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു.  നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മ്മിക്കുക തന്നെ ചെയ്യാം. അവര്‍ (ജനങ്ങളില്‍ ഒരു വിഭാഗം) പറയും.  (ഗുഹാവാസികള്‍) മൂന്ന് പേരാണ്.  നാലാമത്തെത് അവരുടെ നായയാണ് എന്ന്.  ചിലര്‍ പറയും.  അവര്‍ അഞ്ചൂ പേരാണ്.  ആറാമത്തേത് അവരുടെ നായയാണ് എന്ന്.  അദൃശ്യകരങ്ങളെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണ്.  ചിലര്‍ പറയും. അവര്‍ ഏഴു പേരാണ് എട്ടാമത്തെത് അവരുടെ നായയാണ് എന്ന്(നബിയേ) പറയുക; എന്റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്.  ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല.  അതിനാല്‍ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ നീ തര്‍ക്കിക്കരുത്. അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറു വര്‍ഷം താമസിച്ചു. അവര്‍ 9 വര്‍ഷം കൂടുതലാക്കുകയും ചെയ്തു. താങ്കള്‍ പറയുക, അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവനാണുള്ളത്. അവന്‍ എത്ര കാഴ്ചയുള്ളവന്‍; എത്ര കേള്‍വിയുള്ളവന്‍ ! അവനു പുറമെ അവര്‍ക്ക് (മനുഷ്യര്‍ക്ക്) യാതൊരു രക്ഷാധികാരിയുമില്ല. തന്റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കു ചേര്‍ക്കുകയുമില്ല. (അല്‍ കഹ്ഫ് 9-25)
ഗുഹാവാസികളുടെ കഥ അറബികള്‍ക്ക് തീര്‍ത്തും അജ്ഞാതമായിരുന്നു.  തങ്ങള്‍ക്കോ പൂര്‍വീകര്‍ക്കോ യാതൊരു പിടിപാടുമില്ലാത്ത ഒരു സംഭവം യാതൊരുവിധ വിളളലുമില്ലാതെ യുക്തിഭദ്രമായി അവതരിപ്പിക്കപ്പെട്ടത് മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ ശക്തമായ തെളിവായി നിക്ഷപക്ഷമതികള്‍ക്കിടയില്‍ വിലയിരുത്തപ്പെട്ടു.  മാത്രമല്ല  മരണാനന്തര ജീവിതത്തെ അതിശക്തമായി നിഷേധിച്ചിരുന്ന ഖുറൈശികള്‍ക്കുളള അടികൂടിയായിരുന്നു അത്.  മനുഷ്യരെ അനേകവര്‍ഷങ്ങള്‍ ഉറക്കി കിടത്താനും അവനുദ്ദേശിക്കുമ്പോള്‍ ഉണര്‍്ത്താനും ഉദ്ദേശിക്കുമ്പോള്‍  മരിപ്പിക്കാനും സാധിക്കുന്ന അല്ലാഹുവിന് അസാധ്യമായതൊതൊന്നുമില്ലെന്നവരെ ബോധ്യപ്പെടുത്തുന്നത് കൂടിയായി ഗുഹാവാസികളുടെ കഥ.  കൂടാതെ സത്യവിശ്വാസത്തിന്റെ സംരക്ഷണാര്‍ത്ഥം ജന്മനാടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നാല്‍ പോലും അസത്യത്തിന്റെ മുമ്പില്‍ തലകുനിക്കാതെ നിലകൊളളാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുന്നതും.
Next Story

RELATED STORIES

Share it