palakkad local

ആത്മ പദ്ധതി : ഉള്ളിക്കൃഷിയില്‍ വിജയഗാഥ രചിച്ച് ജില്ലയുടെ കിഴക്കന്‍ മേഖല

എസ് സുധീഷ്

ഉള്ളിക്കൃഷിയില്‍ വിജയഗാഥ രചിച്ച് ജില്ലയുടെ കിഴക്കന്‍ മേഖല
ചിറ്റൂര്‍: കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്ന ഉള്ളികൃഷി വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിജയം വരിക്കുകയാണ് ജില്ലയുടെ കിഴക്കന്‍ മേഖല. പെരുമാട്ടി മീനാക്ഷീപുരത്തെ വിജയലക്ഷ്മിയാണ് പ്രധാനമായും മേഖലയിലെ കൃഷിക്കാരി.
കൃഷിവകുപ്പിന്റെ കീഴില്‍ ആത്മ പദ്ധതി പ്രകാരമാണ് മൂന്നേക്കറില്‍ വിജയലക്ഷമി കൃഷി ചെയ്തത്. പരീക്ഷണ കൃഷി വന്‍ വിജയമായിരുന്നു. മൂന്നേക്കറില്‍ നിന്ന് 30 ടണ്ണിലധികം വിളവെടുത്തു. തമിഴ്‌നാട്ടിലെ ധാരാപുരത്ത് നിന്നുമാണ് 'ഒറിയ' ഇനത്തില്‍പ്പെട്ട ചെറിയ ഉള്ളി വിത്ത് കൊണ്ടുവന്നത്. പറമ്പ് നന്നായി കിളച്ച് പാകപ്പെടുത്തി നാല്‍പ്പത്തഞ്ച് സെന്റീമീറ്റര്‍ അകലത്തില്‍ വരമ്പുകളെടുത്താണ് ഉള്ളി നട്ടത്. പ്രധാനമായും ചാണകം, കമ്പോസ്റ്റ് എന്നിവയാണ് വളപ്രയോഗത്തിന് ഉപയോഗിച്ചത്. ഒപ്പം ഏക്കറിന് നൂറു കിലോഗ്രാം എന്ന കണക്കില്‍ വേപ്പിന്‍ പിണ്ണാക്കും ഒരു കിലോഗ്രാം അസോസ്പിരില്ലം എന്ന ജീവാണു വളവും നല്‍കി. തുള്ളി നനച്ച രീതിയിലാണ് ജലസേചനം ക്രമികരിച്ചത്. മുളച്ച തൈയ്യും സ്യൂഡോമോണാസ് ലായനിയില്‍ ഒരു കിലോഗ്രാം വിത്തിന് പത്ത് ഗ്രാം എന്ന കണക്കില്‍ മുക്കിയാണ് തോത്. ഇലപ്പേനുകളേയും മറ്റു പ്രാണികളുടേയും ഉപദ്രവം മാറ്റുന്നതിന് 3% വീര്യമുള്ള വേപ്പധിഷ്ടിത കീടനാശിനി ലിറ്ററിന് മൂന്ന് ഗ്രാം എന്ന തോതില്‍ തളിച്ചു.
രോഗങ്ങള്‍ പടരാതിരിക്കാന്‍ സ്യൂഡോമോണാസ് 2% വീര്യത്തില്‍ തളിച്ചു. നൂറാം ദിവസം വിളവെടുത്തു. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉള്ളികൃഷിയുടെ വിജയം മറ്റു കര്‍ഷകരേയും ഉള്ളികൃഷിയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഉള്ളികൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാന്‍ കര്‍മ്മപരിപാടികള്‍ തയ്യാറാക്കിയതായി കൃഷി ഓഫീസര്‍ ജെഫി പറഞ്ഞു. ഇതോടെ കിഴക്കന്‍ മേഖലയില്‍ പല വീടുകളിലും ആളുകള്‍ ഉള്ളികൃഷിയിലേക്ക് ആകൃഷ്ടരായതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it