Pravasi

ആത്മീയ ചികില്‍സയ്ക്ക് ആവശ്യക്കാര്‍ ഏറുന്നതായി അധികൃതര്‍



ദോഹ: ആത്മീയ മാര്‍ഗത്തിലൂടെയുള്ള രോഗശാന്തിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. ഈയിടെ ഉദ്ഘാടനം ഒരു ആശുപത്രിയില്‍ മുത്വവ്വ ഓഫീസ് തുറക്കണമെന്ന് ഔഖാഫ്, ഇസ്‌ലാമികകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി മന്ത്രാലയത്തിലെ റിലീജ്യസ് കാള്‍ ആന്റ് ഗൈഡന്‍സ് വകുപ്പ് മേധാവി മുഹമ്മദ് ബിന്‍ ഹമദ് അല്‍കുവാ പറഞ്ഞു.  ദി പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ ഓതിയും പ്രവാചക പാരമ്പര്യത്തിലൂടെയും രോഗികള്‍ക്ക് മാനസികവും ശാരീരികവുമായ രോഗശാന്തി നല്‍കുന്ന പണ്ഡിത സംഘം അടങ്ങുന്നതാണ് മുത്വവ്വ ഓഫിസ്.വിശുദ്ധ ഖുര്‍ആനും പ്രവാചക പാരമ്പര്യവും അടിസ്ഥാനമാക്കിയുള്ള ചികില്‍സയുടെ പ്രാധാന്യമാണ് ഈ അഭ്യര്‍ഥന കാണിക്കുന്നത്. ശിഫ വ റഹ്മ (രോഗശാന്തിയും കാരുണ്യവും) എന്ന പ്രമേയത്തില്‍ മന്ത്രാലയം നടത്തുന്ന കാംപയ്‌ന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്എംസിയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല ഖാലിദ് അല്‍ഹജ്‌രി, അസി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഅദ് അല്‍ദോസരി തുടങ്ങിയവര്‍ പങ്കെടുത്തു. രോഗികളെ സന്ദര്‍ശിച്ച് ഇസ്‌ലാമിക അധ്യാപനങ്ങളും കര്‍മങ്ങളും പഠിപ്പിക്കുക തുടങ്ങിയ നിരവധി മതകീയ പ്രവര്‍ത്തനങ്ങളും മുത്വവ്വ ഓഫിസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. എച്ച്എംസിയുടെ സഹകരണത്തോടെയാണ് കാംപയ്ന്‍. വിശുദ്ധ ഖുര്‍ആന്റെ മേന്മകളും രോഗശാന്തിക്ക് നോമ്പനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യവും രോഗികളെയും സന്ദര്‍ശകരെയും ഓര്‍മിപ്പിക്കും. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് മുത്വവ്വ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഹമദ് ജനറല്‍ ആശുപത്രി, അല്‍ഖോര്‍ ആശുപത്രി, അല്‍വക്‌റ ആശുപത്രി, ക്യൂബന്‍ ആശുപത്രി തുടങ്ങി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം മുത്വവ്വ ഓഫിസിന്റെ സേവനം ലഭ്യമാണെന്ന് റിലീജ്യസ് കാള്‍സ് ആന്റ് ഗൈഡന്‍സ് വകുപ്പ് മേധാവി ഖാലിദ് വലീദ് അല്‍ഹമ്മാദി പറഞ്ഞു. രോഗികള്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ തുടങ്ങി പരമാവധി പേരിലേക്ക് സന്ദേശങ്ങള്‍ എത്തിക്കും. ശഅബാന്‍ 20 മുതല്‍ ശവ്വാല്‍ 10 വരെ നടത്തുന്ന 50 ദിവസത്തെ വാര്‍ഷിക കാംപയ്‌നാണ് ശിഫ വ റഹ്മ.
Next Story

RELATED STORIES

Share it