dwaivarika

ആത്മീയത: ഇസ്്‌ലാമിക പരിപ്രേക്ഷ്യം

ആത്മീയത: ഇസ്്‌ലാമിക പരിപ്രേക്ഷ്യം
X
sujood

അബ്ബാസ് അലി

ഖുര്‍ആന്‍ പ്രയോഗിക്കാത്ത ഒരു പദമാണ് ആത്മീയത. ശരീരവും ആത്മാവും തമ്മില്‍ നിരന്തര സംഘര്‍ഷത്തിലാണെന്നാണ് പൊതുവെ അംഗീകരിച്ചുപോരുന്ന നിഗമനം. ശരീരത്തിന്റെ ആസക്തിയെ ആത്മാവ് അതിജയിക്കുന്നതിനെയാണ് ആത്മീയ പുരോഗതിയായി കണക്കാക്കുന്നത്. ഇസ്‌ലാം ഇത്തരമൊരു 'വേറിട്ട' ആത്മീയതയെ അംഗീകരിക്കാത്തതുകൊണ്ടായിരിക്കണം, ഖുര്‍ആന്‍ ആത്മീയതയെ പ്രത്യേകമായ പദപ്രയോഗത്തിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കാത്തത്. മുസ്‌ലിം ലോകത്തെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ആത്മീയതയും ഭൗതികതയും നിരന്തരമായി പരിശോധിക്കപ്പെട്ടുകൊണ്ടേയിരിക്കണം.ഖുര്‍ആന്‍ പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ശരീരവും ആത്മാവും. മനുഷ്യന്‍ എന്ന ആശയം രൂപപ്പെടുന്നത് ശരീരവും മനസ്സും ആത്മാവും (ജസദും നഫ്‌സും റൂഹും) കൂടിച്ചേരുമ്പോഴാണ്. അവയുടെ പാരസ്പര്യത്തിലധിഷ്ഠിതമായ ഒരു ജീവിതദര്‍ശനമാണ് ഇസ്‌ലാം. ശാരീരിക പീഢകളിലൂടെയോ ആചാരബദ്ധമായ മതാനുഷ്ഠാനങ്ങളിലൂടെയോ ആത്മീയ ഔന്നത്യം നേടിയെടുക്കാമെന്ന സങ്കല്‍പം ഇസ്‌ലാം നിരാകരിക്കുന്നു. തന്നെയുമല്ല സൃഷ്ടികളുടെ ദിവ്യത്വത്തെ ഇസ്‌ലാം തീര്‍ത്തും നിഷേധിക്കുകയും ചെയ്യുന്നു.അല്ലാഹു athmeeyatha
മനുഷ്യനെ വിളിക്കുന്നത് അടിമ എന്നാണ്. അടിമ തന്റെ നിയോഗത്തെ തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും മനസ്സും ശരീരവും ആത്മാവും തന്റെ ദൗത്യ സാക്ഷാല്‍ക്കാരത്തിനുവേണ്ടി ദൈവത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് മുസ്‌ലിമിന്റെ ആത്മീയത. ആത്മീയ വളര്‍ച്ചയെന്നാല്‍ അല്ലാഹുവിന്റെ സാമീപ്യം നേടിയെടുക്കലാണ്. സയ്യിദ് ഹുസൈന്‍ നസ്‌റ് ഇസ്‌ലാമിലെ ആത്മീയത ഭംഗിയായി നിര്‍വചിക്കുന്നുണ്ട്: ''വൈയക്തികമായ മൂല്യങ്ങള്‍ നേടിയെടുക്കുവാനും ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രകൃതിയുമായും അപരന്മാരുമായും ബന്ധം സ്ഥാപിക്കാനും ശക്തി പ്രദാനം ചെയ്യുന്ന ദൈവസാന്നിധ്യമാണ് ഇസ്‌ലാമിക ആത്മീയത.'' മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം മനുഷ്യപ്രജ്ഞക്ക് അതീതമായതിലുള്ള വിശ്വാസങ്ങളില്‍നിന്നു തുടങ്ങുന്നതാണ് ആത്മീയത. അത് പരമമായി അല്ലാഹുവിലുള്ള വിശ്വാസത്തിലധിഷ്ഠിതമാണ്. ആത്മാവ്‌പോലും തൊട്ടനുഭവിക്കാനാവാത്ത ഒരു പ്രതിഭാസമാണ്. കാണുകയോ കേള്‍ക്കുകയോ ചെയ്യാനാവാത്ത അതീന്ദ്രിയ യാഥാര്‍ത്ഥ്യങ്ങളിലുള്ള നിര്‍ബന്ധ വിശ്വാസത്തിന് ബുദ്ധിപരമായും വൈകാരികമായുമുള്ള ന്യായീകരണമെന്താണ്?വിശുദ്ധ ഖുര്‍ആന്‍ അതിപ്രകാരം സമര്‍ത്ഥിക്കുന്നു: ''നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍നിന്ന് അവരുടെ മുതുകുകളില്‍നിന്ന്, അവരുടെ സന്താനങ്ങളെ പുറത്തുകൊണ്ടുവരികയും അവരുടെ കാര്യത്തില്‍ അവരെതന്നെ അവന്‍ സാക്ഷിനിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. ഞാന്‍ നിങ്ങളുടെ രക്ഷിതാവ് അല്ലയോ? അവര്‍ പറഞ്ഞു അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു എന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് അങ്ങനെ ചെയ്തത്.''  (അഅ്‌റാഫ്: 172)സ്രഷ്ടാവിനെ തിരിച്ചറിയാനും അവനെ റബ്ബായും ഇലാഹായും അംഗീകരിക്കുവാനുമുള്ള മനുഷ്യന്റെ സഹജമായ ബോധത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അല്ലാഹുവിനെകുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തുകയാണല്ലൊ ദൈവവചനങ്ങള്‍. മനുഷ്യന്റെ കര്‍മ്മമണ്ഡലം ഭൂമിയാണ്. മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ അടിമയും പ്രതിനിധിയുമാണ്.

[related] ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രാപ്തനും ബാധ്യസ്ഥനുമായ സ്വതന്ത്ര അസ്തിത്വമാണ് മനുഷ്യന്‍. ഭൂമിയില്‍ ജീവിച്ചു മരിച്ചു തന്റെ നാഥനെ കണ്ടുമുട്ടാന്‍ മനുഷ്യന്‍ അര്‍ഹത നേടുകയാണ് ഇസ്‌ലാമിലെ ആത്മീയത. ''പറയുക ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്നു എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്നു ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ.'' (കഹ്ഫ്: 110) ഉത്തരവാദിത്വനിര്‍വ്വഹണത്തിലൂടെയും ത്യാഗപരിശ്രമങ്ങളിലൂടെയും നേടിയെടുക്കേണ്ടതാണ് ആത്മീയ പുരോഗതി. ആത്മീയത ഒരാള്‍ക്ക് വൃഥാ ചാര്‍ത്തിക്കൊടുക്കുമ്പോള്‍ വ്യാജമായ ആത്മീയത രൂപപ്പെടുന്നു. ആചാരബദ്ധമായ അനുഷ്ഠാനങ്ങളിലും അന്ധവിശ്വാസങ്ങളിലും അധിഷ്ഠിതമായ വ്യാജ ആത്മീയത മനുഷ്യന് സ്വന്തം സത്തയുടെ പൊരുളിലും അര്‍ഹതയിലുമുള്ള വിശ്വാസത്തെ കളങ്കപ്പെടുത്തുകയും അല്ലാഹുവിന്റെ സാമീപ്യം നേടാനുള്ള അര്‍ഹതയെതന്നെ നിഷേധിക്കുകയും ചെയ്യുന്നു. athmeeyatha2
അല്ലാഹുവിന്റെ നാമങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കുവാനാണല്ലോ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. അവന്റെ ഉല്‍കൃഷ്ഠ നാമങ്ങളിലധിഷ്ഠിതമായ ഒരു മൂല്യസങ്കല്‍പ്പമാണ് ഖുര്‍ആന്‍ മുന്നോട്ട് വയ്ക്കുന്നത്. അല്ലാഹു പറയുന്നു: ''പരമകാരുണികന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാണ് സഞ്ചരിക്കുന്നത്. ചെടികളും വൃക്ഷങ്ങളും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു, ആകാശത്തെ അവന്‍ ഉയര്‍ത്തുകയും എല്ലാ കാര്യങ്ങളും തൂക്കി കണക്കാക്കാനുള്ള തുലാസ് അവന്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ ശരിയുടെ തുലാസില്‍ ക്രമക്കേടു വരുത്താതിരിക്കുവാന്‍ വേണ്ടിയാണിത്. അതുകൊണ്ട് നിങ്ങള്‍ നീതിപൂര്‍വ്വം നിങ്ങളുടെ കര്‍മ്മങ്ങള്‍ തൂക്കി കണക്കാക്കുക. നിങ്ങളുടെ തുലാസില്‍ കമ്മി വരുത്തരുത്.'' (സൂറ റഹ്മാന്‍: 1-8)ഈ വചനങ്ങളില്‍ അല്ലാഹു അവന്റെ മഹത്തായ നാമത്തെ -അര്‍റഹ്മാന്‍- അനുസ്മരിപ്പിച്ചുകൊണ്ടാണ് നീതിയെകുറിച്ച് സംസാരിക്കുന്നത്. മനുഷ്യന്റെ ബുദ്ധിപരമായ ഔന്നത്യത്തെയും ജ്ഞാനത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രപഞ്ചത്തിന്റെ സന്തുലിതത്വത്തിലേക്ക് അവന്റെ ശ്രദ്ധ ക്ഷണിക്കുന്നു. നീതിയെ ഈ സന്തുലിതത്വത്തിന്റെ പൊരുളായി സ്ഥാപിക്കുകയും ചെയ്യുന്നു. നീതി എന്ന ഈ തുലാസിലാണ് മനുഷ്യന്റെ കര്‍മ്മങ്ങളുടെ മൂല്യം നിര്‍ണയിക്കപ്പെടേണ്ടത്. ഹുസൈന്‍ നസ്ര്‍ ഇങ്ങനെ സൂചിപ്പിച്ചു: അല്ലാഹുമായും പ്രകൃതിയുമായും മനുഷ്യനുമായും സ്വന്തത്തോട്തന്നെയും മനുഷ്യന്‍ നീതിപൂര്‍വ്വം ഇടപെടേണ്ടതുണ്ട്. കര്‍മ്മമണ്ഡലമായ ഭൂമിയില്‍ മനുഷ്യന്‍ ദൈവത്തിനുവേണ്ടിയുള്ള അധ്വാനപരിശ്രമങ്ങളിലൂടെ നീതിയുടെ പൊരുളും തേട്ടവും നിര്‍ണയിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന മഹത്തായ യജ്ഞമാണ് ഇസ്‌ലാമിലെ ആത്മീയത. അത് ജ്ഞാനാധിഷ്ഠിതവും ഉത്തരവാദിത്വപൂര്‍ണവുമാകുന്നു.“''നീ ഫീര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമിയായിരിക്കുന്നു.'' (ത്വാഹ: 24) പുരോഹിതരും രാജാക്കന്മാരും ദിവ്യത്വം അവകാശപ്പെടുന്ന, നീതിരഹിതവും ചൂഷണാധിഷ്ഠിതവും പൗരോഹിത്യാധിഷ്ഠിതവുമായ ഒരു നാഗരികതയുടെ ഉദാഹരണമാണ് ഫറോവമാരുടെ ഈജിപ്ത്. വര്‍ഗാഭിമാനത്തിലധിഷ്ഠിതമായ ശ്രേണീബദ്ധമായ സാമൂഹിക ഘടനയായിരുന്നു അവരുടേത്. അധീശത്വവര്‍ഗം ഉല്‍കൃഷ്ഠരും മറ്റുള്ളവര്‍ അടിമകളുമായി മാറി. ഖുര്‍ആന്‍ പറയുന്നു: ''ആണികളുടെ ആളായ ഫിര്‍ഔനെ കൊണ്ടും.'' (ഫജ്ര്‍: 10). അവര്‍ ജ്ഞാന നിര്‍മ്മിതിയിലും വളരെ പുരോഗമിച്ചിരുന്നു. പക്ഷേ, അവര്‍ ജ്ഞാനത്തെ വായിച്ചുകൊണ്ടിരുന്നത് അല്ലാഹുവിന്റെ നാമത്തിലായിരുന്നില്ലെന്നുമാത്രം. അവരുടെ ദര്‍ശനം തികച്ചും ഭൗതികമായിരുന്നു. മൂലധന കേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥയായിരുന്നു അവരുടേത്. (ഉദാഹരണം: ഖാറൂന്‍). ഇത്തരം ഒരു നാഗരികത തകര്‍ക്കപ്പെടേണ്ടതാണെന്നാണ് അല്ലാഹു മൂസാ നബിക്ക് ബോധനം നല്‍കിയത്.ജാതിയും വര്‍ണവും വര്‍ഗാഭിമാനവും മൂലധന കേന്ദ്രീകൃതമായ ഒരു നാഗരികതയുടെ ദേശീയ കാഴ്ചപ്പാടാകുന്നത് നിരങ്കുശമായ ആത്മീയ ദര്‍ശനം നഷ്ടപ്പെടുമ്പോഴാണ്. നീതിരഹിതമായ ഒരു സാമൂഹിക ക്രമത്തെയും അധികാര ഘടനയെയും മുസ്‌ലിം സമൂഹങ്ങള്‍ നൂറ്റാണ്ടുകളായി വെച്ചുപൊറുപ്പിക്കുന്നുണ്ടെന്നത് നമ്മുടെ ആത്മീയ കാഴ്ചപ്പാടുകള്‍ ഖുര്‍ആനില്‍നിന്നു അകന്നുപോയി എന്ന് സാക്ഷ്യപ്പെടുത്തുന്നില്ലേ?എന്തുകൊണ്ടാണ് മനുഷ്യന് അല്ലാഹുമായുള്ള ബന്ധത്തില്‍ സത്യസന്ധത നഷ്ടപ്പെടുന്നത്? ഭൂമിയും അതിലെ വിഭവങ്ങളും ലക്ഷ്യവും ആദര്‍ശവുമായി അവന്‍ കരുതുന്നത്‌കൊണ്ടത്രെ അത്. (സൂറത്ത് കഹ്ഫിലെ തോട്ടക്കാരന്റെ കഥ ഓര്‍ക്കുക). ആത്മവഞ്ചനാപരമായ നിലപാടുകളെകുറിച്ച് അല്ലാഹു വിശദീകരിക്കുന്നു. ''കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടുകഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. പക്ഷേ, ഞാന്‍ അത് ലംഘിച്ചു. എനിക്കു നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്നുമാത്രം. ആകയാല്‍ നിങ്ങളെന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെതന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയതിനെ ഞാനിന്നു നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.'' (ഇബ്‌റാഹീം: 22) എന്തുകൊണ്ടാണ് പിശാചിന്റെ കബളിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ മനുഷ്യന്‍ സ്വയം മറന്നത്. സ്വയം പര്യാപ്തനായി മനുഷ്യന്‍ തന്നെ തെറ്റിദ്ധരിച്ചതുകൊണ്ടാണിത്. ''നിസ്സംശയം, മനുഷ്യന്‍ തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍ ധിക്കാരിയായി തീര്‍ന്നിരിക്കുന്നു.'' (അലഖ്: 6, 7) സ്വയംപര്യാപ്തനാണെന്ന മനോഭാവം അല്ലാഹു മനുഷ്യന് കല്‍പ്പിച്ചു നല്‍കിയ ദൈവദാസന്‍ എന്ന പദവിയെ നിരാകരിക്കുന്നു. ദൈവബോധം നൈസര്‍ഗികമാണ്. മനുഷ്യന്‍ ദൈവത്തെ നിരാകരിക്കുമ്പോള്‍ വ്യാജ ദൈവങ്ങളെ കൂട്ടുപിടിച്ച് അവന്‍ തന്റെ ആത്മീയ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുന്നു. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തെറ്റിച്ചു കളയാന്‍വേണ്ടി അവര്‍ അവന് ചില സമന്മാരെ ഉണ്ടാക്കിവെച്ചിരിക്കുന്നു. പറയുക നിങ്ങള്‍ സുഖിച്ചുകൊള്ളൂ. നിങ്ങളുടെ യാത്ര നരകത്തിലേക്കു തന്നെയാണ്.'' (ഇബ്‌റാഹീം: 30). വിഗ്രഹങ്ങളുടെയും ആള്‍ദൈവങ്ങളുടെയും ദൗത്യം ആത്മീയമായ വികാസമല്ല; മറിച്ച് കപട ആത്മീയതയുടെ അടിസ്ഥാനത്തിലുള്ള ദൈവവിരുദ്ധവും നീതിരഹിതവുമായ മൂല്യവ്യവസ്ഥിതിയുടെ നിര്‍മിതിയാണ്. ഇത്തരം ഒരു സാമൂഹിക വ്യവസ്ഥിതി രൂപപ്പെടുമ്പോള്‍ മനുഷ്യന്റെ ശുദ്ധപ്രകൃതി കളങ്കപ്പെടുകയും തന്റെ സ്രഷ്ടാവിനെ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു.ദിവ്യത്വം സൃഷ്ടികളിലേക്ക് ചാര്‍ത്തിക്കൊടുക്കുന്ന പുരോഹിതര്‍ ദൈവമാര്‍ഗത്തെ വെല്ലുവിളിക്കുന്ന അധികാരഘടനയുടെ ഭാഗമാണ്. അല്ലാഹു മനുഷ്യനു നല്‍കിയ ആദരണീയതയാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. അടിമത്ത സമ്പ്രദായം ഇതിനുദാഹരണമാണ്. പ്രത്യക്ഷമോ പരോക്ഷമോ ആയ രീതിയില്‍ അത് മനുഷ്യചരിത്രത്തില്‍ എന്നും നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഏറ്റവും ആധുനികമായ ഉദാഹരണമാണ് ബയോമെട്രിക് ഒബ്‌സര്‍വേഷന്‍ ടൂള്‍. ബുദ്ധിവൈഭവവും ജ്ഞാനവും സ്വാതന്ത്ര്യവുമാണല്ലൊ അല്ലാഹുവിന്റെ അടിമയായിരിക്കുവാനുള്ള മനുഷ്യന്റെ യോഗ്യത. അല്ലാഹു മനുഷ്യനെ അബ്ദ്’എന്ന് ആദരപൂര്‍വ്വം വിളച്ചതോട്കൂടി അവന്‍ സ്വന്തം ആത്മാവിനോടും തന്റെ നാഥനോടും ഉത്തരവാദിത്വമുള്ളവനായി മാറി. ഈ ഉത്തരവാദിത്വം ദൈവത്തോടുള്ള യുക്തിഭദ്രവും ജ്ഞാനാധിഷ്ഠിതവുമായ അടുപ്പമാണ്. മനുഷ്യന്‍ അല്ലാഹുവുമായുള്ള തന്റെ ബന്ധത്തില്‍ ദിവ്യന്മാര്‍ക്കും പുരോഹിതര്‍ക്കും ഇടം കൊടുക്കുമ്പോള്‍ അബ്ദ്’എന്ന മഹത്തായ പദവി നല്‍കുന്ന ഉത്തരവാദിത്വം സ്വയം കയ്യൊഴിയുന്നു. അതോടെ അവന്റെ ആത്മീയത കളങ്കപ്പെടുകയും അല്ലാഹുവുമായുള്ള ബന്ധം ദുര്‍ബലപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാമിലെ ആത്മീയത ബുദ്ധിപരവും യുക്തി ഭദ്രവുമാണ്. മുസ്‌ലിം സമൂഹത്തില്‍ ആള്‍ദൈവങ്ങള്‍ ഇല്ലെങ്കിലും പൗരോഹിത്യം രൂപപ്പെട്ടുവന്നിട്ടുണ്ട്. ആള്‍ദൈവങ്ങളുടെ കലാപരിപാടികള്‍ പുരോഹിതര്‍ ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. മരിച്ചുപോയ ഒരു സമൂഹത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. മുഹമ്മദ് അസദ് ഇതിനെ വിശേഷിപ്പിക്കുന്നത് ആത്മീയമായി ചരമഗതി പ്രാപിച്ച സമൂഹം എന്നാണ്. ഇത്തരം സമൂഹം ലോകത്തിന് ഒരു നന്മയും നല്‍കുന്നില്ല. 'വൈകാരികമായി ഷണ്ഠീകരിക്കപ്പെട്ട, ബുദ്ധിപരമായി മുരടിച്ച നാശത്തിലേക്ക് കൂപ്പുകുത്തിയ നാഗരികത' മുസ്‌ലിംലോകം ഇന്നനുഭവിക്കുന്ന സ്വത്വപ്രതിസന്ധിക്കു യഥാര്‍ത്ഥ കാരണം ആത്മീയമായ മുരടിപ്പാണ്.
Next Story

RELATED STORIES

Share it