Flash News

ആത്മഹത്യ ാപ്രവണത വര്‍ധിക്കുന്നു : പോലിസ് സേനയില്‍ ഇനിമുതല്‍ നിര്‍ബന്ധിത കൗണ്‍സലിങ്



തിരുവനന്തപുരം: പോലിസുകാരില്‍ ആത്മഹത്യാപ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ പോലിസ് സേനയില്‍ ഇനിമുതല്‍ നിര്‍ബന്ധിത കൗണ്‍സലിങ് നടത്താന്‍ തീരുമാനം. സേനയിലെ സ്ഥിരം മദ്യപാനികളുടെയും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുടെയും പട്ടിക തയ്യാറാക്കാനും നിര്‍ദേശമുണ്ട്. മാനസിക സമ്മര്‍ദം താങ്ങാനാവാതെ ഉദ്യോഗസ്ഥര്‍ ജീവനൊടുക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണു സേനാംഗങ്ങള്‍ക്ക് കൗണ്‍സലിങ് നിര്‍ബന്ധമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്. സേനയില്‍ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ആ സാഹചര്യത്തിലാണ് സ്ഥിരം മദ്യപാനികളുടെയും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നവരുടെയും പട്ടിക തയ്യാറാക്കി കൗണ്‍സലിങ് നടത്താനാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്. ഒരു വര്‍ഷത്തിനിടെ 16 പോലിസുകാര്‍ വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് ഈ നടപടി.ഓരോ സ്റ്റേഷന്റെയും ചുമതലയുള്ള എസ്‌ഐമാരും സിഐമാരും ആദ്യംതന്നെ സ്ഥിരം മദ്യപാനികളും സാമ്പത്തിക പ്രശ്‌നങ്ങളുമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കണം. സ്ഥിരമായി മദ്യപിക്കുന്നവര്‍ എത്ര, സാമ്പത്തിക പ്രശ്‌നമുള്ളവര്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള പട്ടികയാണ് തയ്യാറാക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനായി പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായവും സംവിധാനവും ഉപയോഗിക്കാം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കു നിര്‍ബന്ധമായും കൗണ്‍സലിങ് നല്‍കണം.സാമൂഹിക-ആരോഗ്യവകുപ്പില്‍ ഉള്‍പ്പെടെ മറ്റു വകുപ്പുകളിലെ കൗണ്‍സിലര്‍മാരുടെ സേവനം ഇതിനായി ലഭ്യമാക്കാം. സന്നദ്ധ സംഘടനകളുടെ കൗണ്‍സിലര്‍മാരെയും ഉപയോഗിക്കാം. കൃത്യമായ ഉപദേശം കിട്ടാതെ വഴിതെറ്റുന്ന പോലിസ് സേനാംഗങ്ങളെ നേര്‍വഴിക്കു നടത്തുകയാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് ഡിജിപി വ്യക്തമാക്കുന്നു. ജോലിയിലെ സമ്മര്‍ദം, കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍, അമിത മദ്യപാനം തുടങ്ങിയവയെല്ലാം സേനാംഗങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.
Next Story

RELATED STORIES

Share it