kannur local

ആത്മഹത്യാ ഭീഷണിയുമായി ഭൂഉടമകള്‍; ദേശീയപാത സര്‍വേ തടസ്സപ്പെട്ടു

മാഹി: ആത്മഹത്യാ ഭീഷണിയുമായി ഭൂഉടമകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് മൂന്നാം ദിവസവും  ദേശീയപാത സ്ഥലമെടുപ്പ് സര്‍വേ നടപടികള്‍ മുടങ്ങി. അഴിയൂര്‍ പഞ്ചായത്തിലെ മുക്കാളിയില്‍ ഇന്നലെ രാവിലെ 10ഓടെയാണ് ലാന്റ് അക്വസിഷന്‍ റവന്യു ഉദ്യോഗസ്ഥസംഘം സര്‍വേയ്‌ക്കെത്തിയത്. ഇതോടെ സ്ത്രീകളടക്കമുള്ളവര്‍ മണ്ണെണ്ണ കന്നാസുമായി റവന്യു ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആത്മഹത്യ ഭീഷണിയുമായായി നിലയുറപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി കര്‍മസമിതി നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സഹായവുമായി ചോമ്പാല്‍ പോലിസും രംഗത്തെത്തി.
ഭൂഉടമകളും റവന്യു ഉദ്യോഗസ്ഥരും തമ്മില്‍ ഏറെനേരം വാക്കേറ്റമുണ്ടായി. ഭൂഉടമ മണ്ണെണ്ണ കന്നാസെടുക്കാന്‍ ശ്രമിച്ചതോടെ സര്‍വേ സംഘവും പോലിസും പിന്തിരിയുകയായിരുന്നു. പ്രശ്‌നം വഷളാവുമെന്ന് പോലിസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതോടെയാണ് പോലിസ് പിന്‍മാറിയത്.
കര്‍മസമിതി പ്രവര്‍ത്തകര്‍ തമ്പടിച്ചെങ്കിലും സര്‍വേ സംഘം പിന്നീട് സ്ഥലത്തെത്തിയില്ല. ജില്ലാ ഭരണകൂടം ദുരഭിമാനം വെടിഞ്ഞു ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്ന് കര്‍മസമിതി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. സമരപരിപാടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകീട്ട് മൂന്നിന് മുട്ടുങ്ങല്‍ എല്‍പി സ്‌കൂളില്‍ കര്‍മസമിതി യോഗം ചേരും. യൂനിറ്റ് മുതല്‍ ജില്ലാതലം വരെയുള്ള ഭാരവാഹികള്‍ പങ്കെടുക്കും.  സംസ്ഥാനസമിതിയംഗം പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ എ ടി മഹേഷ് കെ സുരേഷ്, കെ കുഞ്ഞിരാമന്‍, അബു തിക്കോടി, കെ അന്‍വര്‍ ഹാജി, പി കെ കുഞ്ഞിരാമന്‍, പി കെ നാണു, മൊയ്തു അഴിയൂര്‍, കെ വി മോഹന്‍ദാസ്, പി രാഘവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it