thiruvananthapuram local

ആത്മഹത്യക്ക്് ശ്രമിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം:എടിഒയ്ക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലരാമുപുരം തലയല്‍ പാറക്കുഴി കുഴിപേരകത്ത് വിളാകത്ത് വീട്ടില്‍ രാജശേഖരന്‍നായരാണ ്(52)വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ബുധനാഴ്ച രാവിലെ 11ഓടെ നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. രാജശേഖരന്‍ ഇപ്പോള്‍ ഐസിയുവിലാണുള്ളത്. കഴിഞ്ഞ 7 ന് ട്രാന്‍സ്‌പോര്‍ട്ട് വിജിലന്‍സ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഡ്യൂട്ടിയില്‍ കയറാതിരുന്ന രാജശേഖരന്‍നായരെ സ്‌ക്വാഡ് പിടികൂടുകയും ഡ്യൂട്ടിയില്‍ നിന്ന്മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നതായി പോലിസ് പറയുന്നു.
എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും ഡ്യൂട്ടിക്കെത്തിയ രാജശേഖരന്‍ നായരെ ഡ്യൂട്ടി ചെയ്യാന്‍ എടിഒ അനുവദിച്ചില്ല. പിറ്റേന്ന് വിഷമടങ്ങിയ കുപ്പിയുമായി എടിഒയ്ക്ക് മുന്നിലെത്തിയ രാജശേഖരന്‍നായര്‍ വിഷം കഴിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റി. നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുറിയില്‍ എത്തിയ ഡ്രൈവര്‍ രാജശേഖരന്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് നെയ്യാറ്റിന്‍കര എടിഒ സജീവ് പറഞ്ഞു.
കഴിഞ്ഞ ഏഴിന് തിരുവനന്തപുരം ചീഫ് ഓഫിസില്‍ നിന്നും വന്ന വിജിലന്‍സ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരാണ് രാജശേഖരനെതിരേ നടപടിയെടുത്തതെന്നും സജീവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മകന്‍ ഉണ്ണികൃഷ്ണന്‍ നെയ്യാറ്റിന്‍കര പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it