Ramadan Special

ആത്മസംസ്‌കരണത്തിന്റെയും നരകമോചനത്തിന്റെയും പവിത്രകാലം

ആത്മസംസ്‌കരണത്തിന്റെയും നരകമോചനത്തിന്റെയും പവിത്രകാലം
X
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
Sayed_Hyderali_Shihab_Thangalദൈവികമായ കാരുണ്യത്തിന്റെ മഹാവര്‍ഷത്തിലൂടെ മനുഷ്യനെ പാപങ്ങളില്‍നിന്നു വിമലീകരിച്ച് നരകമോചനം നല്‍കി സ്വര്‍ഗലോകത്തേക്കാനയിക്കുന്ന പവിത്രദിനരാത്രങ്ങള്‍ക്ക് തുടക്കമായിരിക്കുന്നു. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ ദിനങ്ങളിലേക്ക് വിശ്വാസികള്‍ വീണ്ടും കടന്നെത്തിയിരിക്കുന്നു. മാനവലോകത്തിന് വെളിച്ചമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പുണ്യസുദിനങ്ങള്‍.
റമദാനിലെ ഉപവാസത്തിലൂടെ മനുഷ്യര്‍ക്കു ലഭ്യമാവുന്നത് അറിഞ്ഞും അറിയാതെയും വന്നുപോയ തെറ്റുകളില്‍ നിന്നും കുറ്റങ്ങളില്‍ നിന്നും മുക്തരാവാനുള്ള അവസരമാണ്. ചെയ്തുപോയ പാപങ്ങള്‍ കാരുണ്യവാനായ പ്രപഞ്ചനാഥന്റെ മുന്നില്‍ ഏറ്റുപറഞ്ഞ് നല്ലവരായി ജീവിക്കാന്‍ മനുഷ്യരെ സജ്ജമാക്കുന്ന പ്രക്രിയയാണ് വ്രതാനുഷ്ഠാനം. നന്മയുടെ കവാടങ്ങള്‍ തുറക്കപ്പെടുകയും തിന്മ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്യുന്ന പുണ്യനാളിലെ സുവര്‍ണാവസരം ബുദ്ധിയുള്ളവര്‍ ഒരിക്കലും പാഴാക്കില്ല.
കേവലം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചുള്ള പട്ടിണിയല്ല നോമ്പുകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത്. നോമ്പുകാരന്റെ ശരീരാവയവങ്ങള്‍ മുഴുവന്‍ വ്രതത്തിലായിരിക്കണം. നാവ്, കണ്ണ്, കാത് അടക്കമുള്ളവയാലുള്ള തെറ്റുകളില്‍ നിന്നും ഏഷണി, പരദൂഷണം എന്നിവയില്‍ നിന്നും നോമ്പുകാര്‍ വിട്ടുനില്‍ക്കണം. സ്വന്തം സഹോദരന്റെ പച്ചമാംസം കഴിക്കുന്നതിന് തുല്യമാണ് പരദൂഷണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മനുഷ്യമനസ്സിന്റെ ഇച്ഛകളെ കടിഞ്ഞാണിട്ട് എല്ലാം അല്ലാഹുവിനു വേണ്ടി സമര്‍പ്പിക്കുന്ന തീവ്ര പരിശീലനം കൂടിയാണ് വ്രതം. സ്വഗൃഹത്തില്‍ അന്നപാനീയങ്ങളും മറ്റു രുചികരമായ സാധനങ്ങളും സുലഭമായിരിക്കുമ്പോഴും അല്ലാഹുവിന്റെ കല്‍പനയ്ക്ക് വിധേയമായി വിശപ്പും ദാഹവും മാറ്റിവച്ച് പ്രഭാതം മുതല്‍ പ്രദോഷം വരെ വിശ്വാസി സ്വയം നിയന്ത്രിക്കുന്നു. എത്ര വലിയ സമ്പന്നനാണെങ്കിലും പാവപ്പെട്ടവന്റെ വിശപ്പിന്റെ രുചി ഇതിലൂടെ അറിയുന്നു. പട്ടിണിക്കെതിരേയുള്ള ധാര്‍മിക പോരാട്ടത്തിന് ഇതവര്‍ക്ക് ശക്തിയേകും.
അല്ലാഹു മനുഷ്യന് കനിഞ്ഞുനല്‍കിയ സമ്പത്തില്‍ മറ്റു സഹോദരന്‍മാര്‍ക്കും അവകാശമുണ്ട്.
അത് കൊടുത്തുവീട്ടാനാണ് പ്രപഞ്ചനാഥന്‍ സകാത്ത് നിര്‍ബന്ധമാക്കിയത്. പാവപ്പെട്ടവന്റെ അവകാശവും ധനവുമായ സകാത്ത് സ്വന്തം സമ്പത്തില്‍നിന്നു നല്‍കാന്‍ എല്ലാവരും തയ്യാറായാല്‍ സമൂഹത്തെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാനാവും. നോമ്പും സകാത്തുമെല്ലാം മനുഷ്യനെ എല്ലാതരത്തിലും ശുദ്ധീകരിക്കുന്ന ആരാധനകളാണ്. നോമ്പിലെ ആദ്യത്തെ 10 ദിവസം കാരുണ്യത്തിന്റെയും രണ്ടാമത്തേത് പാപമോചനത്തിന്റെയും മൂന്നാമത്തേത് നരകമോചനത്തിന്റേതുമാണ്. ഇതെല്ലാം ഭക്തിയോടെ കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കേണ്ടതുണ്ട്. അറിവിന്റെ സന്ദേശമാണ് ഖുര്‍ആന്‍ ലോകത്തിന് നല്‍കുന്നത്. അറിവിന്റെ മാസം കൂടിയാണ് റമദാന്‍. കൂടുതല്‍ പ്രാര്‍ഥനാനിരതമാവേണ്ട സമയമാണ് റമദാന്‍. മനുഷ്യരുടെ രക്ഷാകവചമായാണ് നോമ്പിനെ കാണേണ്ടത്.
നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മറ്റു മാസങ്ങളിലേക്കാള്‍ അനേകായിരം ഇരട്ടി പ്രതിഫലം ലഭ്യമാവും. രാത്രിയില്‍ കൂടുതല്‍ നമസ്‌കരിക്കാനും ഇത് പ്രേരിപ്പിക്കുന്നു. ഇസ്‌ലാമിന്റെ ചരിത്രത്തിലെ നിര്‍ണായക ഏടായ ബദ്ര്‍ യുദ്ധമെന്ന ധാര്‍മിക പോരാട്ടം നടന്നത് റമദാന്‍ പതിനേഴിനാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യെയും അനുയായികളെയും ശത്രുക്കള്‍ തുല്യതയില്ലാത്തവിധം പീഡിപ്പിച്ചു.
നിവൃത്തിയില്ലാതെ അവര്‍ക്ക് സ്വന്തം നാടും വീടും ഉപേക്ഷിച്ച് മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അവിടെയും ശത്രുക്കളുടെ പീഡനം അസഹനീയമായപ്പോള്‍ ആള്‍ബലത്തിലും ആയുധബലത്തിലും തങ്ങളേക്കാള്‍ എത്രയോ ഇരട്ടി വരുന്ന എതിരാളികളുടെ സൈന്യത്തെ വിശ്വാസത്തിന്റെ ശക്തി കൈമുതലാക്കി യുദ്ധം ചെയ്തു നിലംപരിശാക്കി. പ്രവാചകന്‍മാരെ പരീക്ഷിച്ചതുപോലെ അല്ലാഹു നോമ്പിലൂടെ നമ്മെയും പരീക്ഷിക്കും. അതില്‍ വിജയിക്കാന്‍ നാം തയ്യാറെടുക്കണം.റമദാന്റെ ദിനരാത്രങ്ങളിലൂടെ ഒരു പുതുജീവിതത്തിലേക്ക് സഞ്ചരിക്കാന്‍ നമുക്ക് അവസരമൊരുങ്ങട്ടെ. റമദാനിലെ കര്‍മാനുഷ്ഠാനങ്ങള്‍ ദീനിന്റെ സത്യവൃത്തത്തില്‍ ഉറപ്പിച്ചുനിര്‍ത്തട്ടെ.
Next Story

RELATED STORIES

Share it