Fortnightly

ആത്മസംസ്‌കരണം: ചില അടിസ്ഥാന പാഠങ്ങള്‍

ആത്മസംസ്‌കരണം: ചില അടിസ്ഥാന പാഠങ്ങള്‍
X
padangala
ശിഹാബ് ഫൈസി
സ്വന്തത്തോടുള്ള സമരം ശ്രേഷ്ടകരമായ ജിഹാദായി പ്രവാചകതിരുമേനി വിശേഷിപ്പിക്കുകയുണ്ടായി. മനുഷ്യന് ഒരേ അസ്തിത്വത്തില്‍തന്നെ രണ്ടു ജീവിതങ്ങളും, രണ്ടു ലോകങ്ങളുമുണ്ട്. ഒന്ന്- ശരീരവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ബാഹ്യവും ഭൗമികവുമായ അസ്തിത്വം. മറ്റൊന്ന് അദൃശ്യവും അധ്യാത്മികവുമായ തലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആന്തരിക അസ്തിത്വം. ധര്‍മ്മവുമായി ബന്ധപ്പെട്ട ആത്മാവിന്റെ തലം സമ്പൂര്‍ണ്ണതയുടെയും ദൈവികതയുടെയും ആകര്‍ഷണത്തിലേക്ക് മനുഷ്യനെ നയിക്കുന്നു. മറ്റൊരുതലം അഭിശപ്തവും പൈശാചികവുമാണ്. മ്ലേഛതയിലേക്കും നാശങ്ങളിലേക്കുമാണത് മനുഷ്യനെ നയിക്കുന്നത്. ധര്‍മ്മത്തിന്റെ ശക്തി വിജയിക്കുമ്പോള്‍ മനുഷ്യന്‍ അനുഗൃഹീതനായിത്തീരുന്നു. അപ്പോള്‍ മനുഷ്യന്‍ മാലാഖമാരുടെ പരിശുദ്ധാവസ്ഥയെ പുല്‍കുന്നു. ആത്മാവിന്റെ മേല്‍ പൈശാചികതയാണ് വിജയം വരിക്കുന്നതെങ്കില്‍ വ്യക്തി ദുഷ്‌കര്‍മ്മകാരിയും കലഹപ്രിയനുമായിത്തീരുന്നു.ദൈവത്തിന്റെ ഒളിയും ഭൗതികാസ്തിത്വവും കൂടിക്കലര്‍ന്നതാണ് മനുഷ്യാസ്തിത്വം. മനുഷ്യാസ്തിത്വത്തില്‍ നന്മയുടെയും തിന്മയുടെയും സൈന്യങ്ങള്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ ബാഹ്യമായ കഴിവുകള്‍ സമ്മര്‍ദ്ദശക്തികളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ കഴിവുകളുടെ കേന്ദ്രങ്ങള്‍ കാതുകള്‍, കണ്ണുകള്‍, നാവ്, ആമാശയം, ഗോപ്യ സ്ഥാനങ്ങള്‍, കൈകള്‍, കാലുകള്‍ എന്നിവയാണ്. ഭാവനയും ഒരു പ്രധാന ശക്തിയാണ്. ദൃശ്യവും അദൃശ്യവുമായ മറ്റു മനുഷ്യ കഴിവുകളുടെമേല്‍ ആധിപത്യം ചെലുത്തുന്നവയാണ് ഭാവനാശക്തിയും ചിന്താശക്തിയും. മനുഷ്യ കഴിവുകളെ ചിന്താശക്തി, ദുര്‍വൃത്തിയിലേക്ക് നയിക്കുകയാണെങ്കില്‍ അസ്തിത്വത്തിന്റെ മുഴു മേഖലകളും പൈശാചികാധിപത്യത്തില്‍ ആയിത്തീരും. തദവസരത്തില്‍ നന്മയുടെ ശക്തികള്‍ അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും മനുഷ്യത്വത്തിന്റെ സാമ്രാജ്യം പിശാചിന് ഏല്‍പിച്ചുകൊടുത്തുകൊണ്ട് രംഗം വിട്ടൊഴിയുകയും ചെയ്യുന്നു. നേരെമറിച്ച് വിശ്വാസവും യുക്തിയും മനസ്സിന്റെ നിയന്ത്രണമേറ്റെടുക്കുമ്പോള്‍ മനുഷ്യന്റെ മുഴുവന്‍ കഴിവുകളും ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുന്നു. അതു മുഖേന മനുഷ്യന്‍ യുക്തിയുടെയും വിശ്വാസത്തിന്റെയും നിര്‍ദേശങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അങ്ങിനെ പൈശാചികതയെ തോറ്റു പിന്‍വാങ്ങുവാന്‍ നിര്‍ബന്ധിച്ചുകൊണ്ട് യുക്തിബോധവും ദൈവികതയും ആധിപത്യം നേടുന്നു.
religion

ആത്മവിചാരം
സ്വന്തം ആത്മാവിനോടുള്ള കലാപത്തിന്റെയും തുടര്‍ന്നുള്ള ദൈവത്തിലേക്കുള്ള പ്രയാണത്തിന്റെയും പ്രഥമവും പ്രധാനവുമായ ഉപാധി ആത്മപരിശോധനയും ആത്മവിചാരവുമാണ്. നമുക്ക് അമൂല്യങ്ങളായ ശാരീരിക മാനസിക സിദ്ധികള്‍ പ്രദാനം ചെയ്യുകയും ഒരു ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി ഈ ലോകത്തേക്ക് നമ്മെ നിയോഗിക്കുകയും ചെയ്ത സ്രാഷ്ടാവിനോടുള്ള നമ്മുടെ കടമയേയും ബാധ്യതയേയും കുറിച്ച് ചിന്തിക്കുവാനും പര്യാലോചിക്കാനും സമയം വ്യയം ചെയ്യുകയെന്നുള്ളതാണ് ആത്മപരിശോധന കൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു, ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹു നല്‍കിയത് നമ്മുടെ മൃഗീയതൃഷ്ണകള്‍ ശമിപ്പിക്കാന്‍ വേണ്ടിയോ? അതേക്കാള്‍ ഉത്തമമായ മറ്റെന്തെങ്കിലും ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനുഷ്യ സൃഷ്ടിപ്പിന്റെ പിന്നിലുണ്ടോ?    പ്രവാചകന്മാരും ചിന്തകരും പണ്ഡിതശ്രേഷ്ടരും ദൈവികനിയമങ്ങള്‍ അനുസരിക്കാനും പിന്തുടരാനുമാണ് ഉല്‍ബോധിപ്പിച്ചത്. മൃഗീതയില്‍ നിന്നും അകന്നു നില്‍ക്കാനും തൃഷ്ണകളെ കൈയൊഴിക്കുവാനും അവര്‍ നമ്മോടാവശ്യപ്പെട്ടു. നമുക്ക് നല്‍കപ്പെട്ടിട്ടുള്ള അനുഗ്രഹങ്ങളുടെയും കഴിവുകളുടെയും ലക്ഷ്യങ്ങളും താല്‍പര്യങ്ങളും നാം മനസ്സിലാക്കിയതിനേക്കാള്‍ എത്രയോ വിപുലവും മഹത്തരവുമാണ്. ഈ ലോകം പ്രവര്‍ത്തനങ്ങളുടെ വേദിയാണ്. അതിന്റെ താല്‍പര്യം വളരെ ഉന്നതമാണ്. താഴ്ന്ന മൃഗീയാസ്തിത്വം കേവലമായ ഒരു ലക്ഷ്യമല്ല. വിവേചന ശക്തിയുള്ള മനുഷ്യന്‍ ആത്മപരിശോധന നടത്തുകയും തന്റെ നിസ്സഹായാവസ്ഥയില്‍ പരിവേദനം കൊള്ളുകയും ചെയ്യുന്നു. നിസ്സഹായവസ്ഥയില്‍ മനുഷ്യന്‍ ആത്മാവിനോട് ഇപ്രകാരം പറയുന്നു: 'മനസ്സേ എത്രയോ വര്‍ഷങ്ങള്‍ നീ വ്യഥാവിലാക്കിക്കളഞ്ഞു. പോയ കാലങ്ങളില്‍ നീ അഹിതങ്ങളായ ചെയ്തികളില്‍ വ്യാപൃതനായിരുന്നു. നീ പശ്ചാത്താപ വിവശനായി ദൈവ സന്നിദ്ധിയില്‍ എത്തിച്ചേരുക. ഉന്നതമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിക്കുക. ഈ പ്രയാണം നിന്നെ ശാശ്വതമായ അനുഗ്രഹങ്ങളിലേക്ക് നയിക്കും. ശാശ്വതമായ അനുഗ്രഹങ്ങള്‍ നീ ത്യജിക്കരുത്. താല്‍ക്കാലിക സുഖങ്ങള്‍ക്ക് വേണ്ടി നീ വിലപേശരുത്. പരുഷമായ മനസ്സേ, ഒരു നിമിഷം ചിന്തിക്കുക. നാഗരികതയുടെ ആദ്യനാള്‍മുതലിന്നോളമുള്ള മനുഷ്യാനുഭവങ്ങള്‍ക്ക് നീ സാക്ഷിയാണല്ലോ! മനുഷ്യന്‍ അനുഭവിച്ച സന്തോഷങ്ങളുമായി അവരുടെ ദുരിതങ്ങളെ  തുലനം ചെയ്ത് നോക്കുക. അവരനുഭവിച്ച സൗകര്യങ്ങളും അവരുടെ യാതനകളും താരതമ്യം ചെയ്ത് നോക്കുക. ദുരിതങ്ങളും വേദനകളുമാണ് സുഖത്തേക്കാളും സന്തോഷത്തേക്കാളും അവരനുഭവിച്ചത് എന്ന് അപ്പോള്‍ നിനക്കെളുപ്പം മനസ്സിലാവും. സുഖവും സന്തോഷവും ഈ ലോകത്ത് വെച്ച് എല്ലാവര്‍ക്കും നേടാന്‍ കഴിയുന്നവയല്ല. നിന്നെ ഭൗതികതയിലേക്കു നയിക്കുന്നവന്‍ മനുഷ്യരൂപത്തിലുള്ള ചെകുത്താനാണ്. പിശാചിന്റെ ദൂതനാണവന്‍. അവന്‍ താനനുഭവിക്കുന്ന ആനന്ദങ്ങള്‍ നുകരാന്‍ മറ്റുള്ളവരേയും ക്ഷണിക്കുന്നു. ജീവിതം ഇവിടെ അവസാനിക്കുന്നുവെന്ന് സുദൃഡമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. മനസ്സേ ഇത്തിരിനേരം! നീ നിന്റെ അവസ്ഥയെ സംബന്ധിച്ചു തൃപ്തനാണോ? മറ്റുള്ളവരും ഇതേ അവസ്ഥയിലായിരിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടോ? മനസ്സേ നിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യതയ്ക്ക് വേണ്ടി വിനയ പൂര്‍വ്വം നീ പടച്ചവനോട് തേടിക്കൊണ്ടിരിക്കുക. നിനക്കും ദൈവത്തിന്നുമിടയില്‍ തീര്‍ച്ചയായും പ്രതീക്ഷകളുടെ നാമ്പുകളുണ്ട്. ഈ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുക.
സ്ഥിരചിത്തത
സ്ഥിരചിത്തത മാനുഷികതയുടെ സത്തയാണെന്നും, സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡമാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യര്‍ തമ്മില്‍ പദവികളില്‍ അന്തരങ്ങള്‍ ഉണ്ടാവുന്നത് വ്യക്തികളില്‍ വിവിധ അളവിലും തോതിലുമായി നിശ്ചയാദാര്‍ഡ്യം പ്രകടമാവുന്നത് കൊണ്ടാണ്. നല്ലൊരു ജീവിതം ആരംഭിക്കുന്നതിന് വേണ്ടിയുള്ള അടിത്തറയാണ് സ്ഥിരചിത്തത. ജീവിതത്തില്‍ നിന്നും തിന്മകള്‍ പിഴുതെറിയുവാനുള്ള ദൃഡനിശ്ചയമായിരിക്കണമത്. നിര്‍ബന്ധ കടമകള്‍ നിര്‍വഹിക്കാന്‍ വേണ്ടിയുള്ള തീരുമാനമായിരിക്കണം. കഴിഞ്ഞ കാലങ്ങളിലെ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ വേണ്ടിയുള്ള ദൃഡനിശ്ചയമായിരിക്കണം. അന്തിമമായി മതകീയനും, വിവേകശാലിയുമായ വ്യക്തിയായി മാറുവാന്‍ വേണ്ടിയുള്ള ദൃഡനിശ്ചയമായിരിക്കണം. വ്യക്തികള്‍ മനഃശക്തിയുടെയും സ്ഥിരചിത്തതയുടെയും ഉടമകളാകുവാന്‍ ശ്രമിക്കണം. എങ്കില്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ അനിശ്ചിതാവസ്ഥയിലാവുകയില്ല. വരാനിരിക്കുന്നത് അദൃശ്യമായവ വെളിപ്പെടുത്തുന്ന ലോകമാണ്, രഹസ്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന ലോകമാണ്. തെറ്റ് ചെയ്യാനുള്ള ധാര്‍ഷ്ഠ്യം മനുഷ്യനെ അസ്ഥിര ചിത്തനാക്കുന്നു. അങ്ങനെ മനുഷ്യന്  മനുഷ്യാവസ്ഥയുടെ ഉന്നതമൂല്യങ്ങള്‍ കൈമോശം വരികയും ചെയ്യുന്നു. നാം അനുസരണക്കേടില്‍നിന്നും വിട്ടു നില്‍ക്കുക, ദൈവത്തിലേക്ക് മടങ്ങുകയാണെന്ന് തീരുമാനിക്കുക. അങ്ങനെ യഥാര്‍ത്ഥമായ മനുഷ്യാവസ്ഥയെ കൈവരിക്കുക. ഭക്തന്മാരുടെ സദസ്സുകളില്‍ സന്നിഹിതരാവുക. ഏകാന്ധതയില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. നമ്മുടെ നല്ല ഉദ്യമത്തിന് ദൈവം സഹായം തരും. മനഃസന്നദ്ധത, ചിന്ത, ആത്മപരിശോധന എന്നിവ സ്വന്തം ആത്മാവിനോടുള്ള സമരത്തിന്റെ മൂന്നുപാധികളാണ്. അല്ലാഹുവിന്റെ കല്‍പ്പനക്കെതിരായി ഒന്നും ചെയ്യുകയില്ലെന്ന പ്രതിജ്ഞയാണ് മനഃസന്നദ്ധത. 'ഞാനിന്നേ ദിവസം അല്ലാഹുവിന്റെ കല്‍പനകള്‍ ലംഘിക്കുകയില്ല' എന്നതു പ്രതിജ്ഞയുടെ ഒരുദാഹരണമാണ്. പിശാചും അവന്റെ പരിവാരങ്ങളും നിന്റെ ഈ ഉദ്യമം ഭാരമുള്ളതാക്കി കാണിക്കും. മനസ്സില്‍ നിന്ന് അഭിശപ്തവും, പൈശാചികവും, പാപകരവുമായ എല്ലാ മാലിന്യങ്ങളേയും കുടിയൊഴിപ്പിക്കുക. പൈശാചികാധിപത്യത്തില്‍ നിന്നും മനസ്സിനെ മുക്തമാക്കുക. ഒരു ദിവസത്തെ പരീക്ഷണം, അതെത്രയോ എളുപ്പമുള്ളതാണെന്ന് നമുക്ക് മനസ്സിലാക്കിത്തരും.
religion-2പ്രതിരോധം
തന്റെ പ്രവര്‍ത്തനങ്ങളെ ക്രമീകരിച്ച വ്യക്തി തിന്മക്കെതിരില്‍ കാവല്‍ ഏര്‍പ്പെടുത്തുന്ന അവസ്ഥയിലെത്തുന്നു. പ്രതിജ്ഞയുടെ ഘട്ടത്തില്‍ വ്യക്തി തന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. ദൈവനിയമങ്ങള്‍ ലംഘിക്കുവാന്‍ തോന്നുമ്പോള്‍ അത് പിശാചും സില്‍ബന്ധികളും ഉണ്ടാക്കുന്ന പ്രേരണയും ആശയുമാണെന്ന് മനസ്സിലാക്കണം. ദൈവത്തിന്റെ സംരക്ഷണം തേടിക്കൊണ്ടിരിക്കുക. ഹൃദയത്തില്‍ നിന്നും ദുര്‍വികാരങ്ങള്‍ ആട്ടിയകറ്റുക. അപ്പോള്‍ പിശാച് ഓടിയകലും. ദൈവം തല്‍സ്ഥാനത്ത് ആധിപത്യം സ്ഥാപിക്കും. ആത്മപരിശോധനയും ആത്മവിമര്‍ശനവും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയില്ല. രാത്രിയാകും വരെ തീരുമാനത്തിലുറച്ചു നില്‍ക്കുക. ആത്മപരിശോധനയുടെ സന്ദര്‍ഭമാണത്. മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും പരിശോധിച്ചു നോക്കുക. അനുഗ്രഹങ്ങള്‍ നല്‍കിയ രക്ഷിതാവിനോടു സത്യസന്ധത പുലര്‍ത്തിയോയെന്ന് വിചാരണ ചെയ്യാനുള്ള സമയമാണത്. സത്യസന്ധത പുലര്‍ത്തിയെന്ന് ബോധ്യപ്പെടുകയാണെങ്കില്‍ നാം ദൈവത്തോട് കൃതജ്ഞത പ്രകടിപ്പിക്കുക.
religion-3ദൈവസ്മരണ
ദൈവസ്മരണയാണ് ചെകുത്താനോടും സ്വേഛയോടും സമരം ചെയ്യുന്ന സമരഭടന്റെ മറ്റൊരായുധം. ദൈവം തനിക്ക് കനിഞ്ഞരുളിയ അനുഗ്രഹങ്ങളെ കുറിച്ചുള്ള സ്മരണയും കൃതജ്ഞതാ ബോധവും മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമാണ്. മനുഷ്യ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഗ്രന്ഥം വായിച്ചു നോക്കിയാല്‍ ഈ നിയമം അതുള്‍ക്കൊള്ളുന്നുവെന്ന് ബോധ്യപ്പെടും. സിദ്ധമായ അനുഗ്രഹങ്ങളുടെ അളവിലുള്ള വര്‍ദ്ധനവനുസരിച്ച് അനുഗ്രഹ ദാതാവിനോടുള്ള നന്ദിബോധവും ആരാധനാ മനോഭാവവും വര്‍ദ്ധിക്കുന്നു.അല്ലാഹു നല്‍കിയ ഗോചരവും അഗോചരവുമായ അനുഗ്രഹാശിസ്സുകളുടെ വൈപുല്യവും വിശാലതയും ചിന്തിച്ചു നോക്കുക. മനുഷ്യ കുലവും ജിന്നു വര്‍ഗ്ഗവും ഒത്തൊരുമിച്ചാല്‍ പോലും ആ അനുഗ്രഹങ്ങളുടെ വളരെ ചെറിയ ഒരംശംപോലും നല്‍കാന്‍ കഴിയില്ല. നമ്മുടെയും ഇതര ജീവികളുടെയും നിലനില്‍പ്പിന്നാവശ്യമായ വായു രാത്രിയും പകലുമായി നാമും അവയും ശ്വസിച്ചു കൊണ്ടിരിക്കുന്നു. വായുവെ കുറിച്ച് ചിന്തിച്ച് നോക്കുക. അല്‍പസമയത്തേക്ക് ലഭ്യമായില്ലെങ്കില്‍ നാം ജീവിക്കുകയില്ല. എന്തുമാത്രം അനുഗ്രഹീതമായ സമ്മാനമാണിത്. മനുഷ്യസമുദായവും ജിന്നുവര്‍ഗ്ഗവും ഒത്തു ശ്രമിച്ചാലും നമുക്ക് വായു നല്‍കാന്‍ കഴിയുകയില്ല. കാഴ്ച, കേള്‍വി, രുചി, മണം, സ്പര്‍ശം എന്നീ ശാരീരിക സവിശേഷതകളെ കുറിച്ച് ഓര്‍ത്തു നോക്കുക. ചിന്താശക്തി, വിവേചന ശക്തി, ഭാവന എന്നീ ശ്രഷ്ഠ കഴിവുകളെ കുറിച്ച് ഓര്‍ത്തു നോക്കുക. അപരിമേയമായ അനുഗ്രഹങ്ങള്‍ തന്ന് നമ്മുടെ നാഥന്‍ നമ്മെ ധന്യരാക്കിയിരിക്കുന്നു. ഇതിന് പുറമെ അവന്‍ ദൂതന്മാരെ നിയോഗിച്ചു. ഗ്രന്ഥങ്ങളിറക്കി നമുക്ക് ഋജുവായ മാര്‍ഗ്ഗം കാണിച്ചു തരാന്‍ വേണ്ടി, വഴികേടിന്റെ മാര്‍ഗ്ഗത്തെകുറിച്ച് നമ്മെ താക്കീത് ചെയ്യാന്‍ വേണ്ടി. സ്വര്‍ഗത്തിന്റെ പാത അവന്‍ കാണിച്ചു തന്നു. നമ്മുടെ ബഹുമാനാദരവുകളോ, ആരാധനയോ കാംക്ഷികാതെ അല്ലാഹു ലൗകികവും പാരത്രികവുമായ നമ്മുടെ മുഴുവന്‍ ആവശ്യങ്ങളും നിവര്‍ത്തിച്ചു തന്നു. നമ്മുടെ അനുസരണബോധമോ, ധിക്കാര പ്രകൃതിയോ അല്ലാഹുവിന്റെ ഈ ചര്യകളില്‍ യാതൊരു വ്യതിയാനവും വരുത്താന്‍ കാരണമായില്ല. നല്ലത് അനുവദനീയമാക്കിയതും നമ്മുടെതന്നെ രക്ഷയ്ക്ക് വേണ്ടിയാണ്. അവന്റെ അളവറ്റ അനുഗ്രഹങ്ങള്‍ നുകര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യാ, അല്ലാഹുവിന്റെ അുസരണത്തിലേക്ക് പ്രയാണം ചെയ്യണമെന്നാണോ അതോ ദൈവ കല്‍പനകളുടെ ലംഘനമാണോ നമ്മുടെ വിവേചന ബോധം ഉപദേശിച്ചു കൊണ്ടിരിക്കുന്നത്.മഹാത്മാക്കളേയും വ്യദ്ധജനങ്ങളേയും നാം ബഹുമാനിക്കുന്നു. സമ്പന്നരും ഭരണാധികാരികളും രാജാക്കന്മാരും അവര്‍ മഹാന്മാരാണെന്ന ധാരണയില്‍ ബഹുമാനിക്കപ്പെടുന്നു. എന്നാല്‍ രാജാധിരാജനായ അല്ലാഹുവിന്റെ മഹത്വത്തിന് തുല്യമാണോ അവരുടെ മഹത്വം. അല്ലാഹുവിന്റെ രാജാധികാരത്തില്‍ ഈ ഭൂമി കേവലം ഒരു ധൂളിമാത്രമാണ്. അല്ലാഹുവിന്റെ അനന്ത വിശാലത മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ്. ഏറ്റവും ചെറിയ ഒരു ഗ്രഹത്തില്‍ ഇഴഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യന് അതിന്റെ വലുപ്പം പോലും മനസ്സിലാക്കാനാകുന്നില്ല. ആകാശഗംഗയില്‍ മറ്റു സൂര്യന്മാരുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം ചെറുതാണ് നമ്മുടെ സൂര്യന്‍. മറ്റ് സൗരയൂഥങ്ങളെ അപേക്ഷിച്ച് നമ്മുടെ സൗരയൂഥം ഒന്നുമല്ല. ഈ ചെറിയ ലോകവും, ചെറിയ സൂര്യനും, ചെറിയ സൗരയൂഥവും ഗവേഷണ പടുക്കളുടെയും ശാസ്ത്രകുതുകികളുടെ പോലും തീക്ഷ്ണമായ കണ്ണുകള്‍ക്ക് അപ്രാപ്യമാണ്. ഏറ്റവും മഹത്വമുള്ളവയും നാം അറിയുന്നവയും, നമുക്കറിയാത്തവയുമായ ലോകങ്ങളുടെ സൂക്ഷ്മവും ഗോപ്യവുമായ വിശദാംശങ്ങള്‍ അറിയുന്ന ഒരു മഹാശക്തിയോട് നന്ദികാണിക്കണം എന്ന് നമ്മുടെ യുക്തിബോധം നമ്മെ പ്രേരിപ്പിക്കുന്നില്ലെന്നോ? നാം ദൈവത്തെ സ്മരിച്ചുകൊണ്ടിരിക്കുക. അവന്റെ അനുഗ്രഹങ്ങള്‍ ഓര്‍മ്മിച്ചു കൊണ്ടിരിക്കുക. അവന്റെ നേര്‍ക്കുള്ള ധിക്കാരം അവസാനിപ്പിക്കുക. ഈ മഹായുദ്ധത്തില്‍ പൈശാചിക വംശത്തെ തറപറ്റിക്കുക. നിന്റെ മാനസത്തെ ദൈവത്തിലേക്ക് തിരിക്കുക. ചെകുത്താന്റെ സൈന്യങ്ങളെ ആട്ടിയോടിക്കുക. ദൈവത്തിന്റെ തേജസുറ്റ സൈന്യങ്ങളെ കുടിയിരുത്തുക. ഈ മഹായുദ്ധത്തില്‍ ഗര്‍ത്തങ്ങളില്‍ വീണുപോകാതെ നമ്മെ ദൈവം കാത്തുകൊള്ളും. ദൈവത്തിന്നല്ലാതെ നമ്മെ സഹായിക്കാന്‍ മറ്റാര്‍ക്കും കഴിയുകയില്ല. ഈ സമരത്തില്‍ വിജയശ്രീലാളിതനാവാന്‍ അവന്റെ സഹായം നാം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുക.
Next Story

RELATED STORIES

Share it