Editorial

ആത്മവിശ്വാസം പകരുന്ന ജനവിധി

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചുവെങ്കിലും ജനാധിപത്യശക്തികള്‍ക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ് ജനവിധി. രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ബിജെപി കൈവശം വച്ച് ഹിന്ദുത്വ പരീക്ഷണശാലയാക്കി മാറ്റിയ ഗുജറാത്തില്‍ പാര്‍ട്ടി അധികാരത്തിലേക്ക് തിരിച്ചെത്തിയത് കടുത്ത നാശനഷ്ടങ്ങള്‍ നേരിട്ടുകൊണ്ടാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെയും നരേന്ദ്രമോദിയെയും ഫലപ്രദമായി നേരിടാനുള്ള ഒരു വിശാല ജനകീയ സഖ്യത്തിനുള്ള സാധ്യത തുറന്നുകൊണ്ടാണ് ജനവിധി വന്നിരിക്കുന്നത്. ഗുജറാത്തില്‍ 2012ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 16 നിയമസഭാ മണ്ഡലങ്ങളാണ് ബിജെപിക്ക് നഷ്ടമായിരിക്കുന്നത്. കോണ്‍ഗ്രസ്സിനാവട്ടെ, ഒന്നര ഡസനോളം സീറ്റുകളാണ് സംസ്ഥാനത്ത് പുതുതായി പിടിച്ചെടുക്കാന്‍ സാധിച്ചിരിക്കുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിയുടെ നഷ്ടവും കോണ്‍ഗ്രസ്സിന്റെ നേട്ടവും അതിനേക്കാള്‍ എത്രയോ വിപുലമാണ്. എന്‍ഡിടിവി ചാനലിന്റെ നിഗമനം അനുസരിച്ച്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മേല്‍ക്കൈ നേടിയിരുന്ന 66 നിയമസഭാ സീറ്റുകളില്‍ അവര്‍ പിന്നിലാണ്. കോണ്‍ഗ്രസ് ആവട്ടെ, 63 മണ്ഡലങ്ങളില്‍ ബിജെപിയേക്കാള്‍ മുന്നിലെത്തിയിട്ടുണ്ട്.സ്വന്തം പ്രതിപക്ഷനേതാവടക്കം കാലുമാറി നിയമസഭയില്‍ അങ്ങേയറ്റം ശുഷ്‌കമായ നിലയില്‍ എത്തിപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഈ തിരഞ്ഞെടുപ്പിലൂടെ ഗുജറാത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് തടയാന്‍ ബിജെപി നടത്തിയ കുല്‍സിതനീക്കങ്ങളെ ചെറുത്തുതോല്‍പിച്ച ശേഷം, ആ പാര്‍ട്ടി നേടുന്ന ശക്തമായ ധാര്‍മിക വിജയമാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പു നേട്ടങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം അവിടെ കാഴ്ച വച്ചിരിക്കുന്നത്. യുവാവായ പുതിയ എഐസിസി അധ്യക്ഷനെ സംബന്ധിച്ചിടത്തോളം ഗുജറാത്തിലെ നേട്ടങ്ങള്‍ അഭിമാനാര്‍ഹമാണ്. അതിനേക്കാള്‍ നിര്‍ണായകമാണ് വരുംനാളുകളില്‍ സംഘപരിവാര വിരുദ്ധശക്തികളെ ഒരേ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് ഈ നേട്ടങ്ങള്‍ കരുത്തു പകരുമെന്ന വസ്തുത. ഇന്നലെ വരെ കോണ്‍ഗ്രസ് ശക്തമായ ഒരു ബദലാണ് എന്ന വിശ്വാസം പുലര്‍ത്താതിരുന്ന വിഭാഗങ്ങള്‍ കൂടി ഇനി കോണ്‍ഗ്രസ്സിന്റെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തെ സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചവര്‍ക്കും ഈ തിരഞ്ഞെടുപ്പ് ശക്തമായ മറുപടി നല്‍കുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ മോദിയുടെയും സംഘപരിവാരത്തിന്റെയും വര്‍ഗീയ, വിഭജന അജണ്ടകള്‍ക്കെതിരേ വിശാല ജനകീയ ജനാധിപത്യ പ്രതിരോധ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കളമൊരുക്കിയേക്കും എന്ന ശുഭപ്രതീക്ഷയ്ക്ക് വകയുണ്ട്.
Next Story

RELATED STORIES

Share it