Ramadan Special

ആത്മനിയന്ത്രണത്തിന്റെ ശക്തി

ആത്മനിയന്ത്രണത്തിന്റെ ശക്തി
X
[caption id="attachment_91841" align="alignleft" width="268"]pk gopi പി കെ ഗോപി[/caption]

വാക്കും പ്രവൃത്തിയും പൊരുത്തപ്പെട്ടാല്‍ ജീവിതം സുന്ദരമാവും. ആര്‍ത്തിയും ആര്‍ഭാടവും ഉപേക്ഷിച്ചാല്‍ മനസ്സ് സമഭാവനയെ സ്വീകരിക്കും. ഗര്‍വും സ്വാര്‍ഥതയും ഭരിക്കാതിരുന്നാല്‍ സമാധാനവും ശാന്തിയും ലഭിക്കും. ആസക്തിയും ദുര്‍മേദസ്സും ഒഴിഞ്ഞുപോയാല്‍ അനുകമ്പയും ലാളിത്യവും കടന്നുവരും. ഉപാസനയും ആത്മനിയന്ത്രണവും പരിശീലിച്ചാല്‍ വിവേകവും ഇച്ഛാശക്തിയും പ്രബലമാവും.
വ്രതം, ധ്യാനം, ഉപവാസം ഇവയെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്ന വാക്കുകളാണ്. അഴിച്ചുപണി അസാധ്യമായ വചനങ്ങളുടെ പൊരുള്‍ പ്രവാചകം എന്ന പേരില്‍ പ്രസിദ്ധമായിരിക്കുന്നു. പ്രവചനങ്ങളില്‍ സത്യമുണ്ട്, സത്യമേയുള്ളൂ. പ്രാപഞ്ചികമായ ജീവസ്പന്ദനത്തെ പ്രഭാപൂര്‍ണമാക്കാന്‍, മനുഷ്യജീവിതത്തെ നേര്‍വഴി നടത്താന്‍ പവിത്രവചനങ്ങള്‍ പിറവികൊണ്ടു. സ്‌നേഹസാരം കരുണാര്‍ദ്രമായി അലിഞ്ഞു ചേര്‍ന്ന പ്രാര്‍ഥനയുടെ വചസ്സുകളില്‍ കുടിയിരിക്കുന്ന മനസ്സും ശരീരവും, മാലിന്യം കഴുകിക്കളഞ്ഞ സ്ഥടികം പോലെ ശോഭിക്കണം.
എന്തിനാണ് നോമ്പുകാലം എന്നു ചോദിച്ചാല്‍ ഇങ്ങനെയൊക്കെയാണ് എന്റെ ഉത്തരം. അടക്കിഭരിക്കാതെ അടങ്ങിയിരിക്കുക. സ്വയം അടങ്ങുകയാണ് സംയമനം. അടക്കിവാഴുക അധികാരത്തിന്റെ ഭാഷയാണ്. ഉള്ളിലടക്കിയ ക്ഷോഭത്തെ അമൃതെന്നു പറയാം. വ്രതം ഒരു പരീക്ഷണമാണ്. എന്റെ മനസ്സാക്ഷിയുടെ നിയന്ത്രണവും നിര്‍വചനവും എനിക്കു സാധ്യമാണോ?
ലോകത്തിന്റെ ആറായിരം നൂലാമാലകളില്‍ കുരുങ്ങി വീഴാതെ പരമമായ സത്യത്തിന്റെ ഏക ചിന്തയില്‍ ഏകാഗ്രമായി കഴിയുക.
അല്‍പഭക്ഷണം, പ്രാര്‍ഥന, ലാളിത്യം, വിശുദ്ധ ഗ്രന്ഥപാരായണം, സ്വയം സ്വീകരിച്ച അച്ചടക്കം, ആത്മാര്‍പ്പണം, ജീവിക്കാനുള്ള വ്യഗ്രതയില്‍ എന്റെ തന്നെയുള്ളില്‍ അറിയാതെ കടന്നുകയറിയ ദുഷിപ്പുകളെ അതേ ജീവിതസാധനയാല്‍ തിരസ്‌കരിക്കുക, കഠിനമായ പരീക്ഷണം തന്നെ. പക്ഷേ, മനുഷ്യകുലം നിലനില്‍ക്കാന്‍, പരസ്പരം കടിച്ചുകീറാതിരിക്കാന്‍, ഉദാത്തയോഗ്യതയുള്ള സംസ്‌കാരം പടുത്തുയര്‍ത്താന്‍, പ്രാര്‍ഥനാനിരതമായ ഒരു സൂക്ഷ്മഭക്തി സ്വീകരിച്ചേ മതിയാവൂ.
ആത്മനിയന്ത്രണത്തിന്റെ ആചാരശക്തിയാല്‍ ഉടലും ഉയിരും യഥാര്‍ഥ മാനവയോഗ്യത വീണ്ടെടുക്കുന്ന പരിശുദ്ധദിനങ്ങളില്‍ പ്രിയപ്പെട്ട സഹോദങ്ങള്‍ക്ക് ചൊല്ലിക്കൊടുക്കാന്‍ ഒരു കവിത നാവിലുദിക്കുന്നു. സ്വീകരിച്ചാലും. ...
'ജപമാലയില്‍ എന്റെ
വിരലോടുമ്പോള്‍,
ഏതോ വ്രതനാളെണ്ണിക്കാത്ത പുണ്യത്തിലലിയുന്ന
റമദാനിലെ ഭക്തിനിര്‍ഭര പ്രഭാതത്തെ
വരവേല്‍ക്കുവാനെന്റെ
മാനസം തുറക്കുന്നു
പരമപ്രകാശത്തെയോര്‍ത്തു നിസ്‌കരിക്കുന്നു
ഉടയോനുദാരമായ്
നല്‍കുന്ന ജന്മത്തിന്റെ
പൊരുളോര്‍ത്തേകാന്തമായെപ്പോഴും പ്രാര്‍ഥിക്കുന്നു
സുഖഭോഗങ്ങള്‍ക്കല്ല,
നീറുന്ന മനുഷ്യന്റെ
അകബോധത്തില്‍ ചാന്ദ്രജ്യോതിസ്സേ നിറഞ്ഞാലും..
പ്രതികാരങ്ങള്‍ക്കല്ല,
ദര്‍ശന പ്രവാചകം
പ്രപഞ്ചസത്യത്തിന്റെ
വായന തുടര്‍ന്നാലും...
എനിക്കും നിനക്കും ഈ വിശൈ്വക വിശുദ്ധിയില്‍
വസിക്കാനിടം തന്ന
കാലമേ, നമസ്‌കാരം!
Next Story

RELATED STORIES

Share it