ആതിരയ്ക്കു പിന്നാലെ കെവിനും; ആതിര കൊലക്കേസിലെ നിസ്സംഗത കെവിന്റെ ജീവനെടുത്തു

കോട്ടയം: ഉത്തരേന്ത്യയില്‍ മാത്രം കേട്ടിരുന്ന ദുരഭിമാന കൊലകള്‍ ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷര കേരളത്തിലും വേരുറപ്പിക്കുന്നു. രണ്ടു മാസം മുമ്പ് മലപ്പുറം ജില്ലയില്‍ ദലിത് യുവാവിനെ പ്രണയിച്ച സ്വന്തം മകളെ പിതാവ് കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ സാംസ്‌കാരിക കേരളം നിസ്സംഗതയോടെ നിന്നു.
ആ നിസ്സംഗതയാണ് കെവിന്റെയും അന്തകനായത്. മലപ്പുറം അരീക്കോട്ടെ പൂവത്തിക്കണ്ടിയില്‍ പാലത്തിങ്കല്‍ വീട്ടില്‍ ആതിരയെ അച്ഛന്‍ രാജന്‍ കുത്തിക്കൊല്ലുകയായിരുന്നു. ദലിത് യുവാവായ ബ്രിജേഷിനെ പ്രണയിച്ചതിനാണ് ആതിര രക്തസാക്ഷിയാവേണ്ടിവന്നത്. പ്രണയബന്ധത്തില്‍ നിന്ന് ആതിരയെ പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോള്‍ വിവാഹം നടത്താമെന്നു മോഹിപ്പിച്ച് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സ്വന്തം മകളെ പിതാവ് കൊലക്കത്തിക്കിരയാക്കിയത്. അമ്മ വല്ലിയുടെ ചികില്‍സയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന ബ്രിജേഷ് ആതിരയെ പരിചയപ്പെടുന്നത്. സ്വകാര്യ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു ആതിര. പിന്നീട് അവര്‍ പ്രണയത്തിലാവുകയായിരുന്നു. ദലിത് വിഭാഗത്തില്‍പ്പെട്ട ബ്രിജേഷുമായുള്ള പ്രണയം ആതിരയുടെ അച്ഛന്‍ രാജന്‍ എതിര്‍ത്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ പോലിസിന്റെ ഇടപെടല്‍ വേണ്ടിവന്നു.
അരീക്കോട് പോലിസ് സ്‌റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ കല്യാണത്തിനു സമ്മതമാണെന്ന് അച്ഛന്‍ രാജന്‍ അറിയിച്ചു. ആതിരയുടെ വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ വിവാഹം തീരുമാനിച്ചു. സദ്യയ്ക്കുള്ള ഒരുക്കങ്ങളും നടത്തി. എന്നാല്‍, പോലിസ് സ്‌റ്റേഷനില്‍ നിന്നു വീട്ടിലെത്തിയതോടെ രാജന്റെ മനസ്സു മാറി. വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. “നമ്മളെ ജീവിക്കാന്‍ അനുവദിക്കില്ല; എങ്ങനെയെങ്കിലും എന്നെ രക്ഷപ്പെടുത്തണം’- ആതിര ബ്രിജേഷിനെ ഫോണില്‍ വിളിച്ചു. പിറ്റേന്ന് കല്യാണം നടക്കുമെന്നും എല്ലാം ശരിയാവുമെന്നും സമാധാനിപ്പിച്ച ബ്രിജേഷും ഇങ്ങനെ ഒരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല.
19ാം വയസ്സില്‍ പ്രണയിച്ച് വിവാഹം കഴിച്ച രാജനു പ്രണയവിവാഹത്തോടായിരുന്നില്ല എതിര്‍പ്പ്. ബ്രിജേഷിന്റെ ജാതിയായിരുന്നു കൊലപാതകത്തിനു കാരണമായത്. താഴ്ന്ന ജാതിക്കാരനു മകളെ കൊടുക്കില്ലെന്നു രാജന്‍ പല തവണ ആവര്‍ത്തിച്ചിരുന്നു. കല്യാണത്തിന്റെ തലേദിവസം ആതിരയുടെ വിവാഹവസ്ത്രങ്ങള്‍ രാജന്‍ കൂട്ടിയിട്ട് കത്തിച്ചു.
രാജന്‍ കത്തി തിരയുന്നതു കണ്ട ബന്ധുക്കള്‍ ആതിരയെ അടുത്ത വീട്ടിലെത്തിച്ചു. ഒളിച്ചിരുന്ന ആതിരയെ രാജന്‍ കുത്തിക്കൊല്ലുകയായിരുന്നു.
അന്ന് കേരളീയ പൊതുസമൂഹം നിസ്സംഗമായി എല്ലാം നോക്കിനിന്നു. രണ്ടു മാസം പിന്നിട്ടപ്പോഴാണ് ക്രൈസ്തവ സമൂഹത്തിലെ അംഗവും ഉന്നത സാമ്പത്തിക ശേഷിയുമുള്ള യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചതിന് ദലിതനായ കെവിനെ വധുവിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ ക്രൂരമായി കൊന്നു തോട്ടില്‍ തള്ളിയതെന്നാണ് നിഗമനം.
Next Story

RELATED STORIES

Share it