Flash News

ആതിരപ്പിള്ളി വേണ്ടെന്ന് ആന്റണി; പ്രകടനപത്രികയിലില്ലെന്നു കാനം



തിരുവനന്തപുരം: ആതിരപ്പിള്ളി പദ്ധതി കേരളത്തിനു വേണ്ടെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ആരു വിചാരിച്ചാലും ഇനി പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. ഇനിയൊരു വന്‍ ജലസേചനപദ്ധതി കേരളത്തിനു താങ്ങാനാവില്ലെന്നും വ്യക്തമാക്കിയ ആന്റണിക്കുള്ള മറുപടിയുമായായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ ഇന്ദിരാ ഗാന്ധി എ ലൈഫ് ഇന്‍ നാച്വര്‍ എന്ന പുസ്തകപ്രകാശനച്ചടങ്ങിലായിരുന്നു ഇരുവരുടെയും അഭിപ്രായപ്രകടനം. ആതിരപ്പിള്ളിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന് ഭയം വേണ്ടെന്നു പറഞ്ഞ കാനം പദ്ധതി എല്‍ഡിഎഫ് പ്രകടനപത്രികയിലില്ലെന്നും സൂചിപ്പിച്ചു. സിപിഐയും സിപിഎമ്മും ഉള്‍പ്പെടെ എല്‍ഡിഎഫ് അഞ്ചര മണിക്കൂര്‍ ചര്‍ച്ചചെയ്തു രൂപീകരിച്ചതാണ് എല്‍ഡിഎഫിന്റെ പ്രകടന പത്രിക. അതില്‍ ഒരിടത്തും ആതിരപ്പിള്ളിയെക്കുറിച്ച് സൂചിപ്പിക്കുന്നില്ലെന്നു പറഞ്ഞ കാനം പ്രകൃതി സംരക്ഷണത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ ചോദ്യംചെയ്തു. ആതിരപ്പിള്ളിക്കെതിരേ ശക്തമായി പോരാടുന്ന കോണ്‍ഗ്രസ് മൂന്നാറിനു സമീപം പള്ളിവാസല്‍ സന്ദര്‍ശിക്കണം. പള്ളിവാസലില്‍ 60 റിസോര്‍ട്ടുകള്‍ കെട്ടിയുയര്‍ത്തിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 2010ല്‍ നിര്‍മിച്ച റിസോര്‍ട്ടുകളുടെ പേരിലാണ് ഇന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്—നങ്ങള്‍ നേരിടുന്നതെന്നും കാനം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിനു നിലപാടുകള്‍ക്കാണു പ്രാധാന്യം. പ്രകൃതിസംരക്ഷണത്തിന്റെ രാഷ്ട്രീയം മുതലാളിത്ത വിരുദ്ധമാണെന്നും കാനം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് സുഗതകുമാരി ടീച്ചറും രംഗത്തെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ പ്രകൃതിയോട് ചെയ്ത കാര്യങ്ങള്‍ ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നില്ലെന്നു സൂചിപ്പിച്ചായിരുന്നു ടീച്ചറുടെ പ്രസംഗം. ഇത്തരത്തില്‍ പ്രകൃതിസംരക്ഷണത്തില്‍ മുന്നണികളുടെ നിലപാടുകളും പ്രകടമാക്കിയ കാഴ്ചയാണ് പുസ്തകപ്രകാശന ച്ചടങ്ങില്‍ അരങ്ങേറിയത്.
Next Story

RELATED STORIES

Share it