ആതിരപ്പിള്ളി പദ്ധതി: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍

പി എച്ച് അഫ്‌സല്‍

തൃശൂര്‍: വെള്ളച്ചാട്ടത്തെ ബാധിക്കാതെ ആതിരപ്പിള്ളി പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. ആതിരപ്പിള്ളി പദ്ധതി പൂര്‍ത്തിയായാല്‍ പാരിസ്ഥിതിക പ്രധാന്യമുള്ള വെള്ളച്ചാട്ടം മാത്രമല്ല ചാലക്കുടിപ്പുഴയോടു ചേര്‍ന്നുള്ള അതീവ ജൈവസമ്പുഷ്ടമായ വനപ്രദേശവും നഷ്ടമാവുമെന്ന് പതിറ്റാണ്ടുകളായി ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന പരിസ്ഥിതി ശാസ്ത്രജ്ഞരും ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയും ആരോപിക്കുന്നു.
ചാലക്കുടിപ്പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി നിലവില്‍ ആറ് അണക്കെട്ടുകളുണ്ട്. 600ഓളം ജലസേചന പദ്ധതികളും 30 കുടിവെള്ള പദ്ധതികളും ചാലക്കുടിപ്പുഴയില്‍ ഉണ്ട്. ഇവയെല്ലാം പുഴയുടെ ഒഴുക്കിനെ കവര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ കാതിക്കുടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റാ ജലാറ്റില്‍ കമ്പനി മാത്രം പ്രതിദിനം 80 ലക്ഷം ലിറ്റര്‍ വെള്ളം പുഴയില്‍ നിന്ന് എടുക്കുന്നു. നശിച്ചുകൊണ്ടിരിക്കുന്ന ചാലക്കുടിപ്പുഴയില്‍ പുതിയ പദ്ധതി വരുന്നതോടെ നീരൊഴുക്ക് വീണ്ടും കുറയും. ഇത് വെള്ളച്ചാട്ടത്തെയും ഗുരുതരമായി ബാധിക്കും.
വാഴച്ചാലില്‍ അണക്കെട്ടു നിര്‍മിച്ച് വെള്ളം പവര്‍ഹൗസില്‍ എത്തിക്കുന്നതാണ് പുതിയ പദ്ധതി. അവിടെ നിന്ന് ടണല്‍ വഴി വഴിതിരിച്ചുവിടുകയാണു ചെയ്യുക. പുഴയിലെ പകുതിയിലധികം വെള്ളം ടണല്‍ വഴി കടത്തിവിട്ടാണ് പദ്ധതി നടപ്പാക്കുക. ഇത്രയും വെള്ളം പദ്ധതിക്കായി ഉപയോഗിച്ചാല്‍ അത് വെള്ളച്ചാട്ടത്തെ ബാധിക്കില്ലെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അവര്‍ പറയുന്നു. വെള്ളച്ചാട്ടത്തെ ബാധിക്കാതിരിക്കാനായി ഡാമിന് തൊട്ടുതാഴെയായി ചെറിയ പവര്‍ഹൗസ് പണിയുമെന്നാണ് കെഎസ്ഇബിയുടെ വാദം. ഒന്നര മെഗാവാട്ടിന്റെ രണ്ട് ചെറിയ ജനറേറ്റര്‍ സ്ഥാപിക്കുമെന്നും അതില്‍ ഒരെണ്ണം മാത്രം പ്രവര്‍ത്തിപ്പിക്കുമെന്നുമാണു വിശദീകരണം.
നിലവില്‍ വേനല്‍ക്കാലത്തും സെക്കന്‍ഡില്‍ 14,000 ലിറ്റര്‍ വരെ വെള്ളമാണ് ഒഴുകി വെള്ളച്ചാട്ടത്തെ സജീവമാക്കിക്കൊണ്ടിരിക്കുന്നത്. ആതിരപ്പിള്ളി പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇത് നേര്‍പകുതിയായി കുറയും. ബാക്കിയുള്ള വെള്ളം ഭൗമാന്തര്‍ഭാഗ ടണലിലൂടെ വഴിതിരിച്ചുവിടും. 6.4 ഡയമീറ്റര്‍ ആണ് ഇങ്ങനെ വഴിതിരിച്ചുവിടുന്ന ടണലിന്റെ വലുപ്പം. ഇത്രയും ബൃഹത്തായ പദ്ധതി വെള്ളച്ചാട്ടത്തെ ബാധിക്കാതെ പൂര്‍ത്തിയാക്കുമെന്നു പറയുന്നത് ആരെ സംരക്ഷിക്കാനാണെന്നും പുഴസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ജൈവ സമ്പുഷ്ടമായ വനസമ്പത്തും നഷ്ടപ്പെടും. 163 മെഗാവാട്ട് കപ്പാസിറ്റി ആണ് ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കെഎസ്ഇബി പറയുന്നത്. എന്നാല്‍, ഇതിന് ആവശ്യമായ വെള്ളത്തിന്റെ ഒഴുക്ക് പദ്ധതിപ്രദേശത്തില്ല. കൂടുതല്‍ ആവശ്യമായ വെള്ളം പെരിങ്ങല്‍കുത്തില്‍ നിന്നുള്ളതാണ്. അതീവ ജൈവസമ്പുഷ്ടമായ കാടാണ് ഈ ഭാഗത്ത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഈ കാട് വെള്ളത്തിലാവും. 23 മീറ്റര്‍ ആണ് നിര്‍ദ്ദിഷ്ട അണക്കെട്ടിന്റെ ഉയരം.
ഇത് 10 മീറ്റര്‍ ആയി കുറച്ചാല്‍ പോലും കാടിന്റെ ജൈവസമ്പുഷ്ടമായ പ്രദേശം വെള്ളത്തില്‍ മുങ്ങും. മാത്രമല്ല വംശനാശ ഭീഷണി നേരിടുന്ന സസ്യ-ജന്തു ജാലങ്ങളും നഷ്ടപ്പെടും. വാഴച്ചാല്‍ കാടുകളില്‍ കാണപ്പെടുന്ന നാലിനം പ്രത്യേക തരം വേഴാമ്പലുകള്‍, 169 ഇനം ചിത്രശലഭങ്ങള്‍ തുടങ്ങി അനേകം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നാമാവശേഷമാക്കിയാണ് പുതിയ പദ്ധതി വരുന്നത്. ആനകളുടെയടക്കം ചെറുതും വലുതുമായ നിരവധി ജീവജാലങ്ങളുടെ സഞ്ചാരപാതയാണ് ഇതിലൂടെ തകര്‍ക്കപ്പെടുക.
പറമ്പിക്കുളത്തു നിന്ന് പൂയംകുട്ടിയിലേക്ക് ആനകള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ നടന്നുപോകാവുന്ന സഞ്ചാരപഥമാണ് ഈ പദ്ധതിയിലൂടെ മുറിക്കപ്പെടുന്നത്. 108 ഇനം മല്‍സ്യങ്ങള്‍ ചാലക്കുടിപ്പുഴയില്‍ ഉണ്ട്. വംശനാശഭീഷണി നേരിടുന്ന ആറിനം മല്‍സ്യങ്ങളെ കണ്ടെത്തെിയതും ഈ ഭാഗത്താണ്. ഒഴുകുന്ന വെള്ളത്തില്‍ മാത്രം ജീവിക്കാനാവുന്നവയാണിത്. പുഴ കെട്ടിക്കിടന്നാല്‍ ഈ മല്‍സ്യങ്ങള്‍ക്കും നിലനില്‍പുണ്ടാവില്ല. ഓരോ അണക്കെട്ടിനു താഴെയും പുഴ മരിക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇപ്പോള്‍ തന്നെ ആറു ഡാമുകളാണ് ചാലക്കുടിപ്പുഴയില്‍ ഉള്ളത്. പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തകര്‍ത്ത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് പുതിയ അണക്കെട്ടുകള്‍ ഉയര്‍ത്തുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
Next Story

RELATED STORIES

Share it