ആതിരപ്പിള്ളി പദ്ധതി: നിലപാട് മയപ്പെടുത്തി വൈദ്യുതിമന്ത്രി

തിരുവനന്തപുരം: ആതിരപ്പിള്ളി, ചീമേനി വൈദ്യുതപദ്ധതികളുമായി ബന്ധപ്പെട്ട നിലപാടുകള്‍ മയപ്പെടുത്തി വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് ഈ രണ്ടു പദ്ധതികളും അത്യാവശ്യമാണെന്ന കടകംപള്ളിയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാടുമാറ്റവുമായി അദ്ദേഹം രംഗത്തെത്തിയത്.
ഈ പദ്ധതികളെന്നല്ല, ചെറുതും വലുതുമായ മുഴുവന്‍ പദ്ധതികളും നടപ്പാക്കുംമുമ്പ് വിശദമായ പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്തും. മാത്രമല്ല, പ്രദേശത്തെ ജനങ്ങളുമായും പരിസ്ഥിതിപ്രവര്‍ത്തകരുമായും ചര്‍ച്ചചെയ്ത് ആശങ്കകള്‍ അകറ്റാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കടകംപള്ളി ഉറപ്പുനല്‍കി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച പരിസ്ഥിതിസൗഹൃദ കേരളമെന്ന ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്നതു തന്നെയാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ നിലപാട്.
മണ്ണും ജലവും ജൈവവൈവിധ്യവും സംരക്ഷിച്ചും പരിസ്ഥിതിപ്രവര്‍ത്തകരുടെയും പൊതുജനത്തിന്റെയും അഭിപ്രായം കണക്കിലെടുത്തും മാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പാക്കൂ. പരിസ്ഥിതി വിഷയങ്ങളില്‍ കാലാകാലമായി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ച വ്യക്തമായ നിലപാടുകള്‍ മറച്ചുപിടിച്ച്, താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരം പ്രചാരണം നയിക്കുന്നവര്‍ സ്വന്തം നിഴലിനോടാണ് യുദ്ധം ചെയ്യുന്നത്. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it