ആതിരപ്പിള്ളി പദ്ധതിയുടെ പാരിസ്ഥിതിക അനുമതി പുനഃസ്ഥാപിച്ചു

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നീട്ടിനല്‍കി. 2007ല്‍ നല്‍കിയ പാരിസ്ഥിതികാനുമതിയുടെ കാലാവധി 2012 വരെയായിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2010ല്‍ റദ്ദാക്കിയ അനുമതിയാണ് കേന്ദ്രമന്ത്രാലയം പുനഃസ്ഥാപിച്ചത്. കാലാവധി അവസാനിച്ച 2012 മുതല്‍ അഞ്ചു വര്‍ഷത്തേക്കു കൂടിയാണ് അനുമതി. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് കത്തു ലഭിച്ചതായി സംസ്ഥാന വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് സ്ഥിരീകരിച്ചു.
പാരിസ്ഥിതിക അനുമതി പുനഃസ്ഥാപിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം കഴിഞ്ഞ ആഗസ്തില്‍ കേന്ദ്രമന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അംഗീകരിച്ചിരുന്നു. അനുമതി റദ്ദാക്കുന്നതായി കാണിച്ച് 2010ല്‍ കെഎസ്ഇബിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കണമെന്നായിരുന്നു വിദഗ്ധ സമിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2010ല്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ച് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് സമവായത്തില്‍ എത്തിയ ശേഷമേ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളൂവെന്നു മന്ത്രി വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതി അടിച്ചേല്‍പിക്കില്ല. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 35 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. ഓരോ വര്‍ഷവും 8 ശതമാനം വൈദ്യുതി അധികമായി കണ്ടെത്തേണ്ടിവരുന്ന സംസ്ഥാനം വലിയ വൈദ്യുതി പ്രതിസന്ധിയാണ് നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.
163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ആതിരപ്പിള്ളി പദ്ധതി 1982ലാണ് നിര്‍ദേശിക്കപ്പെട്ടത്. നേരത്തേ പദ്ധതിക്ക് മൂന്നു തവണ ലഭിച്ച പാരിസ്ഥിതിക അനുമതി സാമൂഹികപ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.
ശബരിപാത നിലവിലുള്ള പദ്ധതിയാണെന്നും ഇതിനായി പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുന്നതു ശരിയല്ലെന്നും ആര്യാടന്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ ആവശ്യം മുന്‍നിര്‍ത്തി 50 ശതമാനം തുക മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. ഇക്കാര്യം രേഖാമൂലം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it