ആതിരപ്പിള്ളി പദ്ധതിക്കെതിരേ ശാസ്ത്ര സാഹിത്യ പരിഷത്ത്; ജനങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടേണ്ടിവരും

തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കെതിരേ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്. പദ്ധതി നടപ്പാക്കിയാല്‍ കേരളത്തില്‍ അവശേഷിക്കുന്ന മഴക്കാടുകളില്‍ ഒന്നായ വാഴച്ചാല്‍ മേഖലയിലെ 140 ഹെക്റ്ററോളം പോന്ന വനഭൂമി നശിക്കുമെന്ന് പരിഷത്ത് പറയുന്നു. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുന്നതിനപ്പുറം നിരവധി സസ്യജീവജാലങ്ങള്‍ ഈ മേഖലയില്‍നിന്ന് അപ്രത്യക്ഷമാവും.
നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാലക്കുടിപ്പുഴയി ല്‍ ഇനിയൊരു ജലവൈദ്യുതപദ്ധതി കൂടി വന്നാലും അത് ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയെ ബാധിക്കില്ലെന്നു പറഞ്ഞിരുന്നു. ഇതിനെതിരേയാണ് പരിഷത്ത് നിലപാട് വ്യക്തമാക്കി ഇപ്പോള്‍ രംഗത്തെത്തിയത്.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ പദ്ധതി ചെറുതായി നടപ്പാക്കുകയാണെങ്കിലും പുഴയിലെ നീരൊഴുക്ക് പകുതിയാവും. മേഖലയിലെ ജനങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടേണ്ടിവരുമെന്നും പരിഷത്ത് മുന്നറിയിപ്പു നല്‍കുന്നു. സൗരോര്‍ജം അടക്കമുള്ള ബദല്‍ മാര്‍ഗങ്ങളെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്നാവശ്യപ്പെടുന്ന പരിഷത്ത് വന്‍ തുക ചെലവഴിച്ച് പദ്ധതി നടപ്പാക്കിയാല്‍ ലക്ഷ്യം നേടുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നു.
മലമുഴക്കി വേഴാമ്പല്‍, സിംഹവാലന്‍ കുരങ്ങ് എന്നിങ്ങനെ വംശനാശം നേരിടുന്ന നിരവധി ജീവികള്‍ കാണപ്പെടുന്ന മേഖലയാണ് ഇത്. ആഗോളതാപനം ചെറുക്കാന്‍ വനം സംരക്ഷിക്കുക മാത്രമാണ് വഴിയെന്നിരിക്കെ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും പരിഷത്ത് വ്യക്തമാക്കുന്നു. പദ്ധതിക്ക് അനുകൂലമായി വിവിധ തലങ്ങളില്‍നിന്നു വരുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കിടയിലാണ് പുതിയ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it