Flash News

ആതിരപ്പിള്ളി ഉപേക്ഷിക്കുന്നു : പദ്ധതി ഇനി തുടങ്ങാനാവില്ലെന്നു മന്ത്രി മണി



പാലക്കാട്: എതിര്‍പ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ ആതിരപ്പിള്ളി പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി സൂചന. ആതിരപ്പിള്ളി വൈദ്യുത പദ്ധതി ഇനി തുടങ്ങാനാവില്ലെന്ന്  വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പാലക്കാട്ട് നടക്കുന്ന  കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് വൈദ്യുതി മന്ത്രി പദ്ധതിയോടുള്ള നിലപാട് വ്യക്തമാക്കിയത്.ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ഇടതുമുന്നണിയില്‍ പ്രശ്‌നമാണ്. പരിസ്ഥിതിവാദികള്‍ക്കും യുഡിഎഫിനുമൊക്കെ പദ്ധതിയോട് എതിര്‍പ്പാണ്. ചെറുകിട വൈദ്യുത പദ്ധതികളെയാണ് ഇനി ആശ്രയിക്കാനാവുക. ഇതു പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തും.  പാലക്കാട്, ഇടുക്കി ജില്ലകളില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികളെ സര്‍ക്കാര്‍ പരമാവധി പ്രോല്‍സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.  എല്ലാവരും പറഞ്ഞാല്‍ അഭിപ്രായ സമന്വയത്തോടെ ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന് നേരത്തേ മന്ത്രി എം എം മണി പറഞ്ഞിരുന്നു. പ്രധാന ഘടകകക്ഷിയായ സിപിഐ പോലും ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മാറിച്ചിന്തിക്കാന്‍ ഇപ്പോള്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണു സൂചന. ഇടതു സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍  മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പദ്ധതിക്കു വേണ്ടി ശക്തമായി രംഗത്തുവന്നിരുന്നു. എന്നാല്‍, ഇടതുമുന്നണിയില്‍ തന്നെ അഭിപ്രായവ്യത്യാസത്തിനു കാരണമായതാണ് ആതിരപ്പിള്ളിയിലുള്ള പിടിവാശി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.  ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്. 936 കോടി രൂപയാണ് മൊത്തം ചെലവ്. ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്നു 2.52 കിലോമീറ്റര്‍ ദൂരെയാണു പുതിയ ഡാം നിര്‍മിക്കാന്‍ ഉദ്ദേശിച്ചത്.പെരിങ്ങല്‍ക്കുത്ത് പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് പുറത്തേക്കു വിടുന്ന വെള്ളമാണ് ഇപ്പോള്‍ ചാലക്കുടിപ്പുഴയിലൂടെ ആതിരപ്പിള്ളി വെള്ളച്ചാട്ടം വഴി കടന്നുപോവുന്നത്. പുതിയ ഡാം നിര്‍മിക്കുന്നതോടെ ഈ വെള്ളം മുകളില്‍ തടഞ്ഞുനിര്‍ത്തും. ഡാമില്‍ നിന്നു മൂന്നര മീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളം 4.6 കിലോമീറ്റര്‍ ദൂരെയുള്ള കണ്ണങ്കുഴിയില്‍ എത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനായിരുന്നു നീക്കം.
Next Story

RELATED STORIES

Share it