Women

ആണുങ്ങള്‍ക്ക് ബോധമുണ്ടാകുമ്പോള്‍

ആണുങ്ങള്‍ക്ക് ബോധമുണ്ടാകുമ്പോള്‍
X






women


കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്തത് ആണുങ്ങള്‍ക്ക് ബോധമില്ലാത്തതുകൊണ്ടാണെന്ന് വൈകിയാണെങ്കിലും അധികാരികള്‍ക്ക് മനസ്സിലായിരിക്കുന്നു. അതുകൊണ്ടായിരിക്കണം സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ഭയപദ്ധതിയുടെ ഭാഗമായി അവരെ ബോധവല്‍ക്കരിക്കാനൊരുങ്ങുന്നത്. പാതിവഴിയിലായ പദ്ധതിക്കുവേണ്ടി പ്രഖ്യാപിച്ച ബജറ്റ് തുക ചെലവഴിക്കാനുള്ള അവസാനശ്രമമാണ് സര്‍ക്കാരിന്റെ ഈ ബോധവല്‍ക്കരണപരിപാടി.

കേരളത്തില്‍ നിര്‍ഭയ എന്ന പേരില്‍ തന്നെ മൂന്നു പദ്ധതികളുണ്ട്.കേന്ദ്ര പദ്ധതിയായ നിര്‍ഭയയ്ക്കു പുറമെ കേരള സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പ് ഇടവഴിയില്‍ ഉപേക്ഷിച്ച നിര്‍ഭയ, മറ്റൊന്ന് സാമൂഹികനീതിവകുപ്പിന്റെ കീഴിലുള്ള നിര്‍ഭയ പദ്ധതി. ഇതില്‍ സാമൂഹികക്ഷേമവകുപ്പിന്റെ നിര്‍ഭയപദ്ധതിയുടെ തലപ്പത്തുണ്ടായിരുന്നത് സുനിത കൃഷ്ണനായിരുന്നു. ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ കേരള സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് ബോധ്യമായതുകൊണ്ടാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ബലാല്‍സംഗത്തിന് ഇരയാകുന്നവര്‍ക്ക് പുനര്‍ജീവന്‍ നല്‍കുന്ന ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രജുലയുടെ പ്രവര്‍ത്തകയായ അവര്‍ തുറന്നു പറയുകയുണ്ടായി.

ലിഡാജേക്കബ്, സുഗതകുമാരി, മല്ലിക സാരാഭായ്, ശാരദ മുരളീധരന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയില്‍ നിന്ന് ഓരോരുത്തരായി പിന്‍വാങ്ങി. ഇപ്പോള്‍ ഏത് നിര്‍ഭയയെ അഭയം പ്രാപിക്കണമെന്ന് അറിയാതെ സംസ്ഥാനത്തെ സ്ത്രീകളും ആര്‍ക്ക് എങ്ങനെ അഭയം നല്‍കണമെന്നറിയാതെ സര്‍ക്കാരും പകച്ചുനില്‍ക്കുകയാണ്. ബജറ്റിലാണെങ്കില്‍ അഞ്ചു കോടി വകയിരുത്തുകയും ചെയ്തു.







 അതിവേഗ കോടതികള്‍, ഇരകളുടെ പുനരധിവാസം, വിദ്യാഭ്യാസം, തുടര്‍ജീവിതം, ഇതൊക്കെ വഴിമുട്ടി നില്‍ക്കുമ്പോഴും സമാധാനിക്കാം കേരളത്തിലെ പുരുഷന്‍മാരെങ്കിലും ബോധമുള്ളവരായി തീര്‍ന്നുവെന്ന്





അപ്പോഴാണ് പുതിയൊരു കണ്ടുപിടിത്തം സാമൂഹികക്ഷേമ വകുപ്പ് നടത്തിയത്, പുരുഷന്‍മാരെ ബോധവല്‍ക്കരിച്ച് സ്ത്രീകളെ സുരക്ഷിതരാക്കാമെന്ന്. അതിനായി സര്‍ക്കാര്‍ തന്നെ ബോധവല്‍ക്കരണപരിപാടികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണിപ്പോള്‍. ഇതിനായി സുനിതാ കൃഷ്ണയെ വീണ്ടും നിര്‍ഭയാപദ്ധതിയുടെ ഹോണററി ഡയറക്ടറാക്കിയിരിക്കുയാണ്. അവര്‍    മുന്നോട്ടുവയ്ക്കുന്ന എല്ലാ ഉപാധികളും അംഗീകരിച്ചാണ് സര്‍ക്കാര്‍ അവരെ വീണ്ടും ഡയറക്ടറായി നിയമിക്കാനുദ്ദേശിക്കുന്നത്. എന്നാല്‍, നിര്‍ഭയപദ്ധതി നടപ്പാക്കാന്‍ സാമൂഹികനീതി വകുപ്പിന് ഒരു സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നതുകൂടെ കണക്കാക്കേണ്ടതുണ്ട്.

പലപ്പോഴും നിര്‍ഭയ പോലെയുള്ള പദ്ധതി എന്നാല്‍, സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അനാസ്ഥയ്ക്കും അലംഭാവത്തിനും ഇണങ്ങുന്ന മട്ടില്‍ ഒരു ബജറ്റ് വിഹിതം മാറ്റിവയ്ക്കുക എന്നതു മാത്രമാണ് അര്‍ഥം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസുരക്ഷ എന്നിവയിലേക്ക് കൂടി വ്യാപിപ്പിക്കുന്ന ഒരു ബജറ്റ്‌സംവിധാനത്തിന് പകരം സ്ത്രീസുരക്ഷയ്ക്കായി കുറേ പണം നീക്കിവയ്ക്കുകയും പിന്നീടത് ചെലവഴിക്കാന്‍ കഴിയാതെ എന്തെങ്കിലുമൊക്കെ കാണിച്ച് കൂട്ടുകയും ചെയ്യുകയുമാണ് കുറേ കാലമായി സര്‍ക്കാരിന്റെ രീതി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുരുഷബോധവല്‍ക്കരണ പരിപാടികളും മറ്റും ഉണ്ടാവുന്നത്.

ഡല്‍ഹിയില്‍ 2012ല്‍ നടന്ന നിര്‍ഭയസംഭവത്തിനു ശേഷം സ്ത്രീസുരക്ഷ സംബന്ധിച്ച് ശക്തമായ ചര്‍ച്ചകള്‍ രാജ്യത്തുടനീളം നടക്കുകയുണ്ടായി. എന്നാല്‍, സ്ത്രീസുരക്ഷയ്ക്ക് ഒരു പ്രത്യേക തുക ബജറ്റില്‍ മാറ്റിവയ്ക്കുന്ന പ്രക്രിയ നിര്‍ഭയയ്ക്കുശേഷമാണ് രൂപം കൊണ്ടത്. കഴിഞ്ഞ യു.പി.എ. സര്‍ക്കാര്‍ നീക്കിവച്ച ആയിരം കോടിയില്‍ ഒരു തുക പോലും ഉദ്ദേശിച്ച കാര്യത്തിന് ചെലവാക്കാതെ അവ പാഴാക്കിക്കളഞ്ഞു. ഇപ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ വീണ്ടും ആയിരം കോടി രൂപ നിര്‍ഭയയ്ക്കായി നീക്കിവച്ചിരിക്കുന്നു. രാജ്യത്തുണ്ടായിരുന്ന 660 നിര്‍ഭയ കേന്ദ്രങ്ങള്‍ വെട്ടിച്ചുരുക്കി 36 എണ്ണമാക്കിയ സര്‍ക്കാര്‍ ഈ ബജറ്റില്‍ ആയിരം കോടി തന്നെ വീണ്ടും വകകൊള്ളിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് കോടിയും പുരുഷന്‍മാരെ ബോധമുള്ളവരാക്കുന്നതിലൂടെ തീര്‍ക്കും. അതിവേഗ കോടതികള്‍, ഇരകളുടെ പുനരധിവാസം, വിദ്യാഭ്യാസം, തുടര്‍ജീവിതം, ഇതൊക്കെ വഴിമുട്ടി നില്‍ക്കുമ്പോഴും ഒന്നു സമാധാനിക്കാം കേരളത്തിലെ പുരുഷന്‍മാരെങ്കിലും ബോധമുള്ളവരായി തീര്‍ന്നുവെന്ന്!
Next Story

RELATED STORIES

Share it