ആണവ യുദ്ധത്തിന് ഒരുങ്ങാന്‍ കിം ജോങ് ഉന്നിന്റെ ആഹ്വാനം

സോള്‍: ഏതു സമയത്തും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ സുസജ്ജമായിരിക്കണമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി.
രാജ്യത്തിനെതിരേ കടുത്ത ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ശത്രുവിനു മുമ്പെ ആക്രമണത്തിനൊരുങ്ങാനാണ് സൈന്യത്തിനു നിര്‍ദേശം നല്‍കിയതെന്ന് ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി കെസിഎന്‍എ റിപോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച സൈനിക പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ സൈന്യത്തെ നവീകരിക്കുമെന്നും ഉന്‍ സൈനിക മേധാവികളെ അറിയിച്ചു. ഉത്തര കൊറിയ പുതുതായി വികസിപ്പിച്ച റോക്കറ്റുകളും ആണവായുധങ്ങളും പരിശോധിച്ച കിം ജോങ് ഉന്‍ ആണവായുധ ശേഖരം അളവറ്റതും ഗുണമേന്‍മയുള്ളതുമാണെന്നും പ്രതികരിച്ചിരുന്നു.
സൈന്യം ശത്രുക്കള്‍ക്കെതിരേ ഏതു നിമിഷവും ആണവായുധം പ്രയോഗിക്കാന്‍ തയ്യാറായിരിക്കണമെന്ന കിം ജോങിന്റെ പ്രസ്താവന ഐക്യരാഷ്ട്ര രക്ഷാസമിതിയോടുള്ള വെല്ലുവിളിയാണ്. ചില രാജ്യങ്ങളുടെ എതിര്‍പ്പുകള്‍ മറികടന്ന് റോക്കറ്റ് വിക്ഷേപണവും ആണവ പരീക്ഷണവും നടത്തിയതിനു പിന്നാലെ യുഎന്‍ രക്ഷാസമിതി ഉത്തരകൊറിയക്കെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പ്രതികരണമെന്നോണം യുഎന്‍ ഉപരോധം നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകം ഉത്തരകൊറിയ ജപ്പാന്‍ കടലിലേക്ക് 150 കി.മി ദൂര പരിധിയുള്ള ഹ്രസ്വദൂര മിസൈലുകള്‍ (പ്രൊജക്‌റ്റൈല്‍സ്) തൊടുത്തിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് നാലാമത്തെ ആണവ പരീക്ഷണം നടത്തിയത്. ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് 2006 മുതലാണ് ഉത്തര കൊറിയക്കെതിരേ യു എന്‍ ഉപരോധം തുടങ്ങിയത്. വിലക്കുകളെ അവഗണിക്കുന്ന ഉത്തര കൊറിയക്കെതിരേ ഉപരോധം കര്‍ക്കശമാക്കണമെന്നാവശ്യപ്പെട്ട് യു എന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരുന്നതിന് യുഎസും ചൈനയും ധാരണയിലെത്തിയിരുന്നു. ലോക രാജ്യങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുന്ന തരത്തില്‍ ഉത്തര കൊറിയക്കെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയമാണ് രക്ഷാസമിതി ഐകകണ്‌ഠ്യേന പാസാക്കിയത് ഉപരോധം കടുക്കുന്നതോടെ ഉത്തര കൊറിയ സാമ്പത്തികരംഗത്ത് തകര്‍ച്ച നേരിടുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it