Flash News

ആണവ പരീക്ഷണം : ടണല്‍ തകര്‍ന്ന് ഉ. കൊറിയയില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടു



സോള്‍: ഉത്തരകൊറിയ ആറാം ആണവ പരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെ പരീക്ഷണസ്ഥലത്തെ ടണല്‍ തകര്‍ന്നുവീണ് 200ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഉത്തരകൊറിയയുടെ ആണവപരീക്ഷണ മേഖലയായ കില്‍ജു പട്ടണത്തിലെ പന്‍ഗ്വിരിയില്‍ സപ്തംബര്‍ പത്തിനാണ് സംഭവം. വടക്കുകിഴക്കന്‍ ഉത്തരകൊറിയയിലെ പന്‍ഗ്വിരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ടണലാണ് തകര്‍ന്നുവീണതെന്ന് കൊറിയന്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ജാപ്പനീസ് ചാനലായ ആഷി ടിവി റിപോര്‍ട്ട് ചെയ്തു. ടണലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് ആദ്യം അപകടമുണ്ടായത്. ഈ സമയം നൂറോളം പേര്‍ ടണലിലുണ്ടായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് ടണലിന്റെ മറ്റൊരു ഭാഗം കൂടി അടര്‍ന്നുവീഴുകയായിരുന്നു. ഇതോടെയാണ് മരണസംഖ്യ 200 കടന്നത്. രാജ്യാന്തരതലത്തില്‍ ഞെട്ടലുളവാക്കിയ സപ്തംബര്‍ മൂന്നിലെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണമാണ് അപകടത്തിന്റെ മൂലകാരണമെന്നു വിലയിരുത്തുന്നു. 1945ല്‍ അമേരിക്ക ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റംബോംബിനേക്കാള്‍ ആറിരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തരകൊറിയ സപ്തംബറില്‍ പരീക്ഷിച്ചത്. ഇത് പന്‍ഗ്വിരി മേഖലയിലും ടണലിനും ഉണ്ടാക്കിയ ബലക്ഷയമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആഷി ടിവി റിപോര്‍ട്ട് ചെയ്തു. ആണവ പരീക്ഷണത്തെ തുടര്‍ന്ന് പര്‍വതങ്ങളുടെ അടിവാരത്തില്‍ 60 മുതല്‍ 100 മീറ്റര്‍ വരെ വിള്ളലുണ്ടായതായി കാലാവസ്ഥാ വകുപ്പ് റിപോര്‍ട്ട് ചെയ്തിരുന്നു. ആണവ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പുറന്തള്ളപ്പെടാന്‍ സാധ്യത കൂടുതലാണെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറാമത് ആണവ പരീക്ഷണത്തിനുശേഷം മേഖലയില്‍ ചെറു ഭൂചലനങ്ങളും മണ്ണിടിച്ചിലും വ്യാപകമാണെന്നും റിപോര്‍ട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളില്‍ സ്‌ഫോടനത്തിനു പിന്നാലെ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായിരുന്നു. പരീക്ഷണം നടന്ന സ്ഥലത്ത് വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായതായി ഇവിടെ നിന്നുള്ള ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ ഈ മേഖലയില്‍ നാലിലധികം തവണ ചെറുതും വലുതുമായ ഭൂചലനങ്ങളുമുണ്ടായി. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.എന്നാല്‍, ആണവായുധ പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഉത്തര കൊറിയ രണ്ടു പരീക്ഷണ ടണലുകള്‍ കൂടി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്ന് ദക്ഷിണ കൊറിയന്‍ നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസ് റിപോര്‍ട്ട് ചെയ്തു. ഉത്തരകൊറിയ ആദ്യ ആണവപരീക്ഷണം നടത്തിയ ടണല്‍ അടച്ചുപൂട്ടിയതായും രണ്ടാമത്തെ ടണല്‍ അഞ്ച് പരീക്ഷണത്തിനു കൂടി വേദിയാവുമെന്നും റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it