Flash News

ആണവ കരാര്‍ ഇറാന്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് ഐഎഇഎ



തെഹ്‌റാന്‍: 2015ല്‍ അഞ്ച് രാഷ്ട്രങ്ങളുമായി ഒപ്പുവച്ച ആണവ കരാര്‍ ഇറാന്‍ പൂര്‍ണാര്‍ഥത്തില്‍ പാലിക്കുന്നതായി പരിശോധനയില്‍ വ്യക്തമായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ യുകിയ അമാനോ. ഇറാന്റെ ആണവ റിയാക്റ്ററുകളിലുള്‍പ്പെടെ നടത്തിയ കര്‍ശനമായ പരിശോധനയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് യുഎസ് ആരോപണങ്ങള്‍ തെറ്റാണെന്ന് യുകിയ അമാനോ വീണ്ടും പ്രഖ്യാപിച്ചത്. ആണവ കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ ലംഘിക്കുന്നതായി കാണിച്ച് യുഎസ് കോണ്‍ഗ്രസ്സിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റിപോര്‍ട്ട് നല്‍കിയതിനു ശേഷമാണ് ആണവ ഏജന്‍സിയുടെ പരിശോധനാസംഘം ഇറാനിലെത്തിയത്. 2016 ജനുവരി മുതല്‍ ആണവ കരാറുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇറാനില്‍ പരിശോധന നടത്തി വരുന്നുണ്ടെന്ന് അമാനോ പറഞ്ഞു. ധാരണപ്രകാരമുള്ള മുഴുവന്‍ വാഗ്ദാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ വസ്തുതാപരമായിരിക്കണമെന്ന് ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് അമാനോ പറഞ്ഞു. ഐഎഇഎ മേധാവി ആയതു മുതല്‍ കാര്യങ്ങള്‍ വസ്തുനിഷ്ഠമാവാന്‍ താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചട്ടങ്ങള്‍ പാലിക്കുക എന്നത് പ്രധാനമാണെന്നും അതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി അമാനോ കൂടിക്കാഴ്ച നടത്തി. സ്വയം പ്രതിരോധത്തിനാവശ്യമായ ആയുധങ്ങള്‍ നിര്‍മിച്ച് സൂക്ഷിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കഴിഞ്ഞ ദിവസം റൂഹാനി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കിയിരുന്നു. ആവശ്യമായ ഘട്ടം വന്നാല്‍ സ്വയം പ്രതിരോധത്തിനായി ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഇറാനു മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവ കരാറുമായി ബന്ധപ്പെട്ട് എെന്തങ്കിലും വീഴ്ച അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it