ആണവായുധവും നൊബേല്‍ പുരസ്‌കാരവും

ഇംതിഹാന്‍ ഒ അബ്ദുല്ല
എല്ലാ വര്‍ഷവും പതിവുളളതു പോലെ ഇക്കൊല്ലവും സമാധാന നൊബേല്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ആണവായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന ഐ കാന്‍ (ഇന്റര്‍ നാഷണല്‍ ക്യാമ്പയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപണ്‍സ്-ഐ. സി എ എന്‍) എന്ന സംഘടനക്കാണ് ഇത്തവണത്തെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 2007-മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂറ്റിയൊന്ന് രാജ്യങ്ങളിലെ 468 സന്നദ്ധസംഘനകളുടെ കൂട്ടായ്മയാണ് ഐ കാന്‍. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെയും ഡൊണാള്‍ഡ് ട്രംപിനെയും പോലുളള അവിവേകികളുടെ വിരല്‍ത്തുമ്പുകളില്‍  ഭൂഗോളത്തിലെ മുഴുവന്‍ ജീവജാലങ്ങളുടേയും അന്തകനായി മാറാന്‍ കഴിവുളള വിനാശകാരിയായ ആണവായുധങ്ങള്‍ എത്തിപ്പെട്ട സവിശേഷ സാഹചര്യത്തിലാണ് ഐകാന്റെ പുരസ്‌കാരലബ്ധി എന്നത് പുരസ്‌കാരത്തെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു. ലോകസമാധാനത്തിനു ഭീഷണിയായ ആണവായുധങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഉടമ്പടി  (ടിപിഎന്‍ഡബ്ല്യൂ) ഇക്കഴിഞ്ഞ ജൂലൈ ഏഴിന് യു എന്‍ പാസാക്കിയതിനു പിന്നില്‍ ഐകാന്റെ നേതൃത്വത്തില്‍ നടന്ന പ്രചാരണങ്ങളാണ്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതും പരീക്ഷിക്കുന്നതും അവ കൈവശം വെക്കുന്നതോ കൈമാറുന്നതോ ഉപയോഗിക്കുന്നതോ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തന്നതോ ഈ ഉടമ്പടി പ്രകാരം നിരോധിക്കപ്പെട്ടിരിക്കുന്നു. 129 രാഷ്ട്രങ്ങള്‍ ഉടമ്പടിയെ അനുകൂലിച്ചിരിക്കുന്നു. എന്നാല്‍ നിലവില്‍ ആണവായുധങ്ങളുളള ഒമ്പത് രാഷ്ട്രങ്ങളുള്‍പ്പെടെ 69 രാജ്യങ്ങള്‍ ഉടമ്പടിയുടെ പുറത്താണ്.
72 വര്‍ഷമായി  കൃത്യമായി പറഞ്ഞാല്‍ 1945 ആഗസ്ത് ആറിന് ജപ്പാനിലെ ഹിരോഷിമയില്‍ ലോകത്തിലാദ്യമായി ആണവബോംബ് വര്‍ഷിക്കപ്പെട്ടത് മുതല്‍ ലോകം ആണവഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഒന്നര ലക്ഷം പേരാണ് അന്ന് ഒറ്റയടിക്ക് കൂട്ടക്കൊല ചെയ്യപ്പെട്ടത്. അതിലേറെ പേരാണ് മരണത്തേക്കാള്‍ ഭീകരമായ ദുരിതങ്ങളിലൂടെ ദിനം പ്രതി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എപ്പോഴും ഏത് സമയത്തും വേണമെങ്കില്‍ ആരുടെമേലും ആണവദുരന്തം സംഭവിക്കാം. അത്രക്ക് ഭീകരമാണ് ആണവഭീഷണി. വിവിധ രാജ്യങ്ങളുടെ പക്കലായി ലോകത്താകമാനം  ചെറുതും വലുതുമായ പതിനയ്യായിരം ആണവായുധങ്ങളുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഥവാ യശശ്ശരീരനായ എന്‍ വി കൃഷ്ണ വാരിയര്‍ ഉപമിച്ചതു പോലെ ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദുരം. അതായത് പാമ്പിന്റെ വായിലകപ്പെട്ട തവളെയെപ്പോലെയാണ് ഭൂമിയുടെ അവസ്ഥയെന്ന് സാരം. തൊട്ടടുത്തുളളതോ അകന്നതോ ആയ ശത്രുവിനെ ഭീഷണിപ്പെടുത്താനും വരുതിയില്‍ നിര്‍ത്താനും വേണ്ടിയാണ് മിക്ക രാജ്യങ്ങളും ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത്. പക്ഷെ ഫലമോ തൊട്ടടുത്ത ആണവരാഷ്ട്രത്തെ ഭയന്ന് സ്വന്തം പൗരന്‍മാരുടെ പട്ടിണിയും കഷ്ടപ്പാടുകളും പോലും തൃണവല്‍ഗണിച്ചു കൊണ്ട് ഇപ്പുറത്തുളളവരും ശതകോടികള്‍ ചിലവഴിച്ച് ആണവായുധങ്ങള്‍ സ്വന്തമാക്കുന്നു. അവ പരിപാലിക്കാന്‍ പിന്നെയും കോടികള്‍ ചിലവഴിക്കുന്നു. അങ്ങനെ കോടികള്‍ ചിലവഴിച്ച് സുരക്ഷയെന്ന പേരില്‍ ഓരോരുത്തരും അരക്ഷിതാവസ്ഥ വിലക്കുവാങ്ങുന്നു.
സമാധാന നൊബേല്‍ ഇതിനു മുമ്പും ലോകസമാധാനത്തിനായും മാരകായുധങ്ങളുടെ നിരായുധീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. 2013 ല്‍ രാസായുധ നിരോധനത്തിനായുളള സംഘടനയായ ഒ പി സി ഡബ്ല്യൂവിനും 2005 ല്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്കും അതിന്റെ തലവനായിരുന്ന മുഹമ്മദ് എല്‍ബറാദിക്കും 97 ല്‍ കുഴിബോംബുകളുടെ നിരോധനത്തിനു വേണ്ടി പ്രയത്‌നിച്ച ജോധിവില്ല്യംസിനും അദ്ദേഹത്തിന്റെ സംഘടനക്കും ലഭിച്ചതും സമീപകാലത്തെ ചില ഉദാഹരണങ്ങള്‍ മാത്രം.
എന്നു കരുതി ലോക സമാധാനത്തിനു കനപ്പെട്ട സംഭാവനകളര്‍പ്പിച്ചവര്‍ക്കു നല്‍കപ്പെടേണ്ട സമാധാനത്തിനുളള നൊബേല്‍ സമ്മാനം എല്ലായ്‌പ്പോയും അര്‍ഹതപ്പെട്ടവര്‍ക്കു തന്നെയാണ് ലഭിച്ചത് എന്നു കരുതേണ്ടതില്ല. സമാധാനത്തിനുളള നൊബേല്‍ നല്‍കപ്പെട്ടവരുടെ പട്ടിക വലിയ ഫലിതത്തിന് വക നല്‍കുന്ന വിരുദ്ധോക്തികള്‍ കൂടി ഉള്‍പെട്ടതാണ്. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹെന്‌റി കിസ്സിന്‍ഗര്‍ കംബോഡിയയില്‍ ബോംബ് വര്‍ഷം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന് സമാധാനത്തിനുളള നൊബേല്‍ ലഭിക്കുന്നത്. നിരപരാധികളായ അനേകം ഫലസ്തീനികളുടെ കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയ ഇസ്രായേല്‍ പ്രസിഡണ്ടുമാരായിരുന്ന ഇസ്ഹാഖ് റബ്ബിനും ഷീമോണ്‍ പെരസും മാത്രമല്ല ഒരേ സമയം രണ്ടു രാജ്യങ്ങളില്‍   യുദ്ധം നടത്തുകയും ഡ്രോണ്‍ ആക്രമണങ്ങള്‍ മുഖേന നിരപരാധികളായ അനേകായിരങ്ങളെ കൊല്ലിക്കുകയും ചെയ്ത ബറാക് ഒബാമയും ആ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. അഹിംസ സമരായുധമാക്കി ഒരു തുളളി രക്തം ചിന്താതെ ഒരു മഹാ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച ഗാന്ധിയാവട്ടെ പട്ടികക്ക് പുറത്തുമാണ്. സമാധാന നൊബേലിന്റെ നിരര്‍ത്ഥകതയെ വീണ്ടും നമ്മുടെ മനോമുകുരത്തിലേക്ക് കൊണ്ടുവരുന്നത് പ്രസ്തുത പട്ടം ലഭിച്ച ആങ്‌സാന്‍ സൂചിയുടെ സര്‍ക്കാര്‍ ആ രാജ്യത്തെ റോഹിങ്ക്യന്‍ മുസ്‌ലിംകളോട് കാട്ടുന്ന കൊടുംക്രൂരതകളാണ്. സൂചിയില്‍ നൊബേല്‍ തിരിച്ചു വാങ്ങണമെന്നാവശ്യപ്പെട്ടു കൊണ്ട് ലോകവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാമ്പയിനും ഒപ്പു ശേഖരണവും നടത്തുന്നതും പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും പോലും തോക്കിനും കൊലക്കത്തിക്കും ഇരയാക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് അഹിംസയുടെ മഹത്വം ഉദ്‌ഘോഷിക്കുന്ന ബുദ്ധമതമാണ് എന്നതും ചരിത്രത്തിലെ മറ്റൊരു വിരുദ്ധോക്തി. ഡൈനാമിറ്റ് എന്ന നശീകരണായുധം കണ്ടുപിടിച്ച വ്യക്തിയുടെ പേരില്‍ സമാധാനത്തിനുളള പുരസ്‌കാരം നല്‍കപ്പെടുന്നതും ചരിത്രത്തിലെ മറ്റൊരു  വിരുദ്ധോക്തി.
Next Story

RELATED STORIES

Share it