Flash News

ആണവപരീക്ഷണം ഉടന്‍ നിര്‍ത്തും ഉത്തരകൊറിയ

പ്യോങ്‌യാങ്: ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കുമെന്ന് ഉത്തരകൊറിയ. ആണവപരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്യുങെ റി പരീക്ഷണകേന്ദ്രം ഉടന്‍ നശിപ്പിക്കുമെന്നും സമാധാനത്തിനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കുമെന്നും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വ്യക്തമാക്കി. ദക്ഷിണകൊറിയയും യുഎസുമായുള്ള ഉത്തരകൊറിയയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കാനിരിക്കേയാണ് ആണവ നിരായുധീകരണം സംബന്ധിച്ചു കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം പുറത്തുവരുന്നത്.
പുതുതായി അണ്വായുധങ്ങളോ, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളോ പരീക്ഷിക്കേണ്ട ആവശ്യം ഉത്തരകൊറിയക്കില്ലെന്നു കിം ജോങ് ഉന്‍  പറഞ്ഞു. ആയുധങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യം ഉത്തര കൊറിയ പൂര്‍ത്തിയാക്കിയതായും അദ്ദേഹം വിശദീകരിച്ചു. ഇതാദ്യമായാണ് ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ സംബന്ധിച്ച് കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള പ്രതികരണം പുറത്തുവരുന്നത്.
കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായുള്ള ഉഭയകക്ഷി ചര്‍ച്ച അടുത്ത വാരം നടക്കും. മെയ് അവസാനത്തിലോ ജൂണ്‍ തുടക്കത്തിലോ ആയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി ചര്‍ച്ച. ഉത്തരകൊറിയ അവരുടെ എല്ലാ അണ്വായുധങ്ങളും മിസൈലുകളും നശിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായുള്ള ഉത്തരകൊറിയയുടെ പ്രഖ്യാപനം നിരായുധീകരണത്തിലേക്കുള്ള ചുവടുവയ്പായി വിലയിരുത്തപ്പെടുന്നു. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്ലീനറി യോഗം കഴിഞ്ഞ ദിവസം ഉന്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതിനു തൊട്ടുപിറകേയാണ് പുതിയ പ്രഖ്യാപനം. ഉത്തരകൊറിയയുടെ പ്രഖ്യാപനത്തെ യുഎസ് സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it