ആണവപദ്ധതി: ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളുമായുള്ള ചര്‍ച്ചയില്‍ ധാരണ

വിയന്ന: ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ആറു വന്‍ശക്തി രാഷ്ട്രങ്ങളുമായി രണ്ടാഴ്ചയിലേറെയായി തുടരുന്ന മാരത്തണ്‍ ചര്‍ച്ചയില്‍ ധാരണ. ദശാബ്ദം നീണ്ട ചര്‍ച്ചകളാണ് ഒടുവില്‍ അന്തിമ കരാറിലേക്ക് വഴിമാറുന്നത്. കരാറിലെ വ്യവസ്ഥകള്‍ ഇറാനിലെയും ആറു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ സംയുക്തമായി വിയന്നയിലെ യുണൈറ്റഡ് നേഷന്‍സ് സെന്ററില്‍ നടത്തുന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലത്! വെളിപ്പെടുത്തും.

ഇറാന്റെ ആണവപദ്ധതികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന യുഎസ്, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ ലക്ഷ്യം വിജയിച്ചതോടെ ഇറാനെതിരെ വര്‍ഷങ്ങളായി തുടരുന്ന പാശ്ചാത്യ ഉപരോധത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവദ് സരീഫുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നു കഴിഞ്ഞ ദിവസം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വെളിപ്പെടുത്തിയിരുന്നു. ഒത്തുതീര്‍പ്പു ധാരണയിലേക്ക് ഉടന്‍ എത്തിച്ചേരുമെന്ന് റഷ്യന്‍ പ്രസി!ഡന്റ് വ്‌ലാഡിമിര്‍ പുടിനും പ്രതികരിക്കുകയും ചെയ്തു. ഇറാനിലെ ആണവ പദ്ധതി കേന്ദ്രങ്ങളിലേക്ക് യുഎന്‍ നിരീക്ഷകരെ നിയോഗിക്കാന്‍ അനുവദിക്കാമെന്ന് ഏപ്രില്‍ രണ്ടിന് നടത്തിയ പ്രാഥമിക ചര്‍ച്ചകളില്‍ ധാരണയായിരുന്നു.

ഇറാന്‍ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ തുടങ്ങിയതോടെയാണ് യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. മുഖ്യവരുമാന മാര്‍ഗമായ എണ്ണയുടെ വില്‍പന തടസ്സപ്പെട്ടതോടെ ഇറാന്റെ സമ്പദ്!വ്യവസ്ഥ താളംതെറ്റി. ആണവ പദ്ധതികളുടെ മറവില്‍ ഇറാന്‍ അണ്വായുധം രഹസ്യമായി നിര്‍മിക്കുന്നുവെന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ പ്രധാന ആരോപണം. എന്നാല്‍ സമാധാനാവശ്യങ്ങള്‍ക്ക് ആണവസാങ്കേതികവിദ്യ വികസിപ്പിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നായിരുന്നു ഇറാന്റെ നിലപാട്. 12 വര്‍ഷമായി തുടരുന്ന ആണവ പ്രശ്‌നം പരിഹരിക്കാന്‍ 2013ല്‍ ഇറാനില്‍ ഹസന്‍ റൗഹാനി പ്രസിഡന്റായി അധികാരമേറ്റതിനുശേഷം വിവിധതല ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. ഉപരോധം അവസാനിപ്പിച്ചാല്‍ ആണവപദ്ധതികളില്‍ നിയന്ത്രണമാകാമെന്നാണ് ഇറാന്‍ വാഗ്ദാനം നല്‍കിയത്. .

ഉപരോധം അവസാനിപ്പിക്കുന്നതോടൊപ്പം ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന ഇറാന്റെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഭീകരവാദത്തെ നേരിടുന്നതിന് ആവശ്യമായ ആയുധങ്ങള്‍ വാങ്ങാന്‍ ഇറാനെ അനുവദിക്കണമെന്ന കാര്യത്തില്‍ യുഎസ് ഉള്‍പ്പെടെയുള്ള വന്‍ശക്തി രാഷ്ട്രങ്ങള്‍ എതിരഭിപ്രായം രേഖപ്പെടുത്തിയില്ല. ആണവ കരാറില്‍ നിന്ന് പിന്‍മാറിയാല്‍ 65 ദിവസത്തിനകം ഉപരോധം ശക്തമാക്കുന്നതുള്‍പ്പെടെയുളള വ്യവസ്ഥകള്‍ പുതിയ ധാരണയിലുണ്ടെന്നാണ് വിവരം. അതേസമയം, ഇറാനു മുന്നില്‍ പാശ്ചാത്യരാജ്യങ്ങള്‍ അടിയറവു പറയുകയാണുണ്ടായതെന്ന് ഇറാന്റെ ചിരവൈരികളായ ഇസ്രയേലിലെ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it