Flash News

ആഢ്യന്‍പാറ: ഉല്‍പാദിപ്പിച്ചത് ഒരുകോടി 10 ലക്ഷം യൂനിറ്റ് വൈദ്യുതി

നിലമ്പൂര്‍: ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറയില്‍ ഇതുവരെ ഉല്‍പാദിപ്പിച്ചത് ഒരുകോടി 10 ലക്ഷം യൂനിറ്റ് വൈദ്യുതി. 2016ല്‍ 50 ലക്ഷം യൂനിറ്റും 2017 ല്‍ 37.30 ലക്ഷം യൂനിറ്റും വൈദ്യുതി ഉല്‍പാദിപ്പിച്ചു. 2018ലാണ് ശേഷിച്ച യൂനിറ്റ് ഉല്‍പാദനം.മണ്‍സൂണ്‍ കാലത്തെ മാത്രം ആശ്രയിച്ചുള്ള വൈദ്യുത ഉല്‍പാദനമാണ് കേന്ദ്രം ലക്ഷ്യമാക്കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനല്‍ നീണ്ടുനിന്നതിനാല്‍ പ്രതീക്ഷിച്ച ഉല്‍പാദനത്തിനു സാധിച്ചില്ല. ഈ വര്‍ഷം ലഭിച്ച വേനല്‍മഴയും മഴ നേരത്തേയെത്തിയതും ഉല്‍പാദനം വര്‍ധിക്കാന്‍ സഹായകമായി. ഏപ്രില്‍, മെയ് മാസങ്ങളില്‍ രണ്ടു ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് 2,17,000 യൂനിറ്റ് വൈദ്യുതി  ഉല്‍പാദിപ്പിച്ചു. ഈ വര്‍ഷം റെക്കോഡ് വൈദ്യുതി ഉല്‍പാദനമാണ് ബോര്‍ഡ് ലക്ഷ്യമിട്ടിരുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച മണ്ണിടിച്ചിലുണ്ടായി തുരങ്കം അടഞ്ഞ് പ്രവര്‍ത്തനം നിലച്ചത്. കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരംപുഴയില്‍ അനുഭവപ്പെട്ട മലവെള്ളപ്പാച്ചിലില്‍ ചൊവ്വാഴ്ച രാത്രി കേന്ദ്രം പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. 2015ലാണ് പദ്ധതി കമ്മീഷന്‍ ചെയ്തത്. 3.5 മെഗാവാട്ട് വൈദ്യുതിയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 0.5 മെഗാവാട്ടും 1.5 മെഗാവാട്ട് ശേഷിയുള്ള രണ്ടും ജനറേറ്ററുകളാണ് ഇവിടെയുള്ളത്. ഇതു മൂന്നും ഒരേസമയം പ്രവര്‍ത്തിപ്പിച്ചാല്‍ 50ഓളം മെഗാവാട്ട് വൈദ്യുതിയാണു ലഭിക്കുക. പ്രതിവര്‍ഷം 9.01 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദനമാണ് ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറയില്‍ നിന്നു പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it