Flash News

ആഡംബര കാര്‍ രജിസ്‌ട്രേഷന്‍ : നടി അമല പോളിന്റെ വിശദീകരണം തൃപ്തികരമല്ല - മോട്ടോര്‍ വാഹന വകുപ്പ്‌



കൊച്ചി: ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടു നടി അമല പോള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ മാസം 10 നുള്ളില്‍ കൃത്യമായ വിശദീകരണവും വാഹനം രജിസ്റ്റര്‍ ചെയ്തതിന്റെ യഥാര്‍ഥ രേഖകളും ഹാജരാക്കണമെന്നു ന ടിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അമല പോളിന് വേണ്ടി അഭിഭാഷകനാണ് എറണാകുളം ആര്‍ടി ഓഫിസില്‍ ഹാജരായത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച രേഖകള്‍ സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. രേഖകളുടെ പകര്‍പ്പുകളാണു ഹാജരാക്കിയത്. പകര്‍പ്പുകള്‍ക്കു പകരം യഥാര്‍ഥ രേഖകള്‍ ഈ മാസം 10നകം ഹാജരാക്കണമെന്നാണ് അമല പോളിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. കേരളത്തിലെ നിയമപ്രകാരമുളള നികുതി അടയ്ക്കാന്‍ തയ്യാറുണ്ടോയെന്നു വ്യക്തമാക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് അമല പോളിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നത്. എസ് ക്ലാസ് ബെന്‍സാണ് നടി അമല പോളിന്റേത്. പോണ്ടിച്ചേരിയിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍  ഇവിടുത്തെ നിയമ പ്രകാരമുള്ള നികുതി അടയ്ക്കണം. വാഹനവിലയുടെ 20 ശതമാനമാണു കേരളത്തില്‍ നികുതി അടയ്‌ക്കേണ്ടത്. ഒരു കോടി വിലയുളള വാഹനമാണെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഇതേ വിലയുള്ള വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപ മാത്രമെ നികുതിയായി അടയ്‌ക്കേണ്ടിവരുന്നുള്ളൂ.കേരളത്തിലെ വാഹന നിയമമനുസരിച്ച് മറ്റു സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യുന്ന വാഹനം ഇവിടെ ഓടിക്കണമെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ കേരളത്തിലേക്കു മാറ്റണം. ഒപ്പം വാഹനവിലയുടെ 20 ശതമാനം നികുതിയായും അടയ്ക്കണം. എന്നാല്‍, പലരും ഇതിനു തയ്യാറാവാറില്ലെന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it