Flash News

ആട്ടിന്‍ തോലണിഞ്ഞാലും ബിജെപിക്കുള്ളിലെ ചെന്നായയെ ജനം തിരിച്ചറിയും : ചെന്നിത്തല



തിരുവനന്തപുരം: രാജ്യത്ത് ജനങ്ങളെ വര്‍ഗീയമായി തമ്മിലടിപ്പിക്കുകയും സംഘര്‍ഷം വിതയ്ക്കുകയും ചെയ്യുന്ന ബിജെപിയെ അതേ തന്ത്രത്തിലൂടെ കേരളത്തിലും വളര്‍ത്തിയെടുക്കാമെന്ന അമിത് ഷായുടെ മോഹം അതിമോഹം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തെ ദയനീയമായ വീഴ്ചയോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട കേരളത്തിലെ ബിജെപിക്കാരെ തട്ടി ഉണര്‍ത്താനുള്ള പാഴ്ശ്രമമാണ് അമിത് ഷാ നടത്തിയത്. രണ്ട് ലക്ഷം വോട്ട് സമാഹരിക്കാമെന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പ് രംഗത്ത് വിഷം കലക്കിയ  ബിജെപിക്ക് കനത്ത തിരിച്ചടിയാണ് മലപ്പുറത്തെ വോട്ടര്‍മാര്‍ നല്‍കിയത്. ലക്ഷ്യം വച്ചതിന്റെ പകുതി പോലും നേടാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനെക്കാള്‍ വോട്ട് ഗണ്യമായി കുറയുകയും ചെയ്തു. കേരളം എന്താണ് ചിന്തിക്കുന്നത് എന്നതിന്റെ സൂചനയാണ് മലപ്പുറം നല്‍കുന്നത്.  ഈ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷങ്ങളെ പിടിക്കാനുള്ള പുതിയ തന്ത്രങ്ങളുമായി അമിത് ഷാ വന്നിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ശ്വാസം മുട്ടിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്ത ശേഷം ഇവിടെ വന്ന് ന്യൂനപക്ഷങ്ങളോട്  പ്രേമം നടിച്ചാല്‍ അത് ഇവിടുത്തെ ജനങ്ങള്‍  തിരിച്ചറിയില്ലെന്നാണോ അമിത് ഷാ കരുതുന്നതെന്നും ചെന്നിത്തല ചോദിച്ചു. മതമേലധ്യക്ഷന്മാരെ പോയി കണ്ടതു കൊണ്ട് മാത്രം ബിജെപിയുടെ വര്‍ഗീയ വിഷത്തിന്റെ കട്ടി കുറയാന്‍ പോവുന്നില്ല. ആട്ടിന്‍ തോലിട്ട് വന്നാലും ചെന്നായയെ തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്ന കാര്യം അമിത് ഷാ മറക്കരുത്. ഇതു ഗുജറാത്തല്ലെന്ന് അമിത് ഷാ തിരിച്ചറിയണം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബിജെപിയുടെ സ്വപ്‌നം എന്നന്നേയ്ക്കുമായി പൊലിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it