ആടിയുലഞ്ഞ് താനൂരും നിലമ്പൂരും

മുജീബ് പുള്ളിച്ചോല

മലപ്പുറം: കത്തുന്ന ചൂടിന് അല്‍പം ശമനമുണ്ട്. എന്നാല്‍, താനൂരിലും നിലമ്പൂരിലും തിരഞ്ഞെടുപ്പു ചൂടിന് കടുപ്പമേറുകയാണ്. മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് എന്നോ അല്ലെങ്കില്‍ പ്രവചനങ്ങള്‍ക്ക് അപ്പുറമുള്ള പോരാട്ടമെന്നോ വിശേഷിപ്പിക്കാവുന്ന പോരിനാണ് നിലമ്പൂരിലും താനൂരിലും കളമൊരുങ്ങിയിട്ടുള്ളത്. ക്ലൈമാക്‌സിലേക്ക് അടുക്കുംതോറും ഇവിടെ വാശി ഏറുകയാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദിലൂടെ കോണ്‍ഗ്രസ് കുത്തകയാക്കിയ നിലമ്പൂരില്‍ ഇത്തവണ മകന്‍ ആര്യാടന്‍ ഷൗക്കത്ത് പോരിനിറങ്ങുമ്പോള്‍ മുന്‍ കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായിരുന്ന പി വി അന്‍വറാണ് ഇടതു പാളയത്തില്‍ തേരു തെളിക്കുന്നത്.
മുസ്‌ലിംലീഗിനല്ലാതെ മറ്റാര്‍ക്കും നിയമസഭാ ടിക്കറ്റ് നല്‍കാത്ത താനൂരില്‍ ലീഗിന്റെ മുന്‍നിര നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണിക്കെതിരേ മുന്‍ കോണ്‍ഗ്രസ് നേതാവ് തന്നെയായ വി അബ്ദുറഹിമാനാണ് ഇടതു കളത്തിലുള്ളത്. ഇരു മണ്ഡലങ്ങളിലെയും ഇടത് സ്ഥാനാര്‍ഥികള്‍ക്ക് സാമ്യങ്ങള്‍ ഏറെയാണ്. ഇരുവരും മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍, അറിയപ്പെട്ട ബിസിനസുകാര്‍. ചുരുക്കത്തില്‍ രണ്ട് സ്വതന്തരും യുഡിഎഫിനെ വെള്ളംകുടിപ്പിക്കുകയാണ്.
നിലമ്പൂരില്‍ പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ ഇടതു സ്ഥാനാര്‍ഥി പി വി അന്‍വര്‍ അരപ്പണത്തൂക്കം മുന്നിലാണ്. കൈവിടാതെ ആര്യാടന്‍ ഷൗക്കത്ത് പിന്നാലെയുണ്ട്. പിതാവ് ആര്യാടന്‍ മുഹമ്മദ് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ ചൂണ്ടിക്കാട്ടി ഷൗക്കത്ത് വോട്ട് തേടുമ്പോള്‍ മണ്ഡലം കുടുംബസ്വത്താക്കി ആര്യാടന്‍മാര്‍ കൈക്കലാക്കിയിരിക്കുകയാണെന്ന മറുതന്ത്രമാണ് അന്‍വര്‍ ഉപയോഗിക്കുന്നത്.
ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചുള്ള പ്രചാരണം ഇരുമുന്നണികളും ഈ മലയോര മേഖലയില്‍ പയറ്റുമ്പോള്‍ തിരഞ്ഞടുപ്പു ഫലത്തെ 'പ്രവചനാതീതം' എന്ന വിലയിരുത്തലിലേക്കാണ് എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 5598 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആര്യാടന്‍ മുഹമ്മദ് വിജയിച്ചത്. അന്ന് ലീഗിലെ ഒരു വിഭാഗം വോട്ടുകള്‍ ആര്യാടനു ലഭിച്ചില്ലെന്നാണു വിലയിരുത്തല്‍. ലീഗ് വിരുദ്ധനായ കോണ്‍ഗ്രസ്സുകാരനായിട്ടാണ് ലീഗണികള്‍ ആര്യാടനെ കണക്കാക്കുന്നത്. എന്നാല്‍, മകന്‍ ഷൗക്കത്ത് ലീഗണികള്‍ക്ക് അത്ര വിരുദ്ധനല്ല. ക്രിസ്ത്യന്‍വോട്ടുകള്‍ ഏറെയുള്ള ഈ മലയോര മേഖലയില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ നല്ലൊരു ശതമാനം വോട്ടും ഷൗക്കത്തിന് അനുകൂലമാവുമെന്നാണ് യുഡിഎഫ് ക്യാംപിന്റെ പ്രതീക്ഷ.
ഈ തിരഞ്ഞെടുപ്പില്‍ ഇടത്തോട്ടാണ് തങ്ങളുടെ വോട്ടെന്ന് കാന്തപുരം എപി വിഭാഗം രഹസ്യമായി പരസ്യമാക്കിയതാണെങ്കിലും നിലമ്പൂരില്‍ ആര്യാടന് അനുകൂലമായി പോള്‍ ചെയ്യുമെന്നാണു വിവരം. മകനുവേണ്ടി കോണ്‍ഗ്രസ് രാഷ്ട്രീയ ചാണക്യന്‍ ആര്യാടന്‍ മുഹമ്മദ് കളത്തില്‍ നിറഞ്ഞു കളിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ അടിത്തട്ട് ഇളക്കിമറിച്ചുള്ള പ്രചാരണമാണ് മുന്‍ കോണ്‍ഗ്രസ്സുകാരനായ പി വി അന്‍വര്‍ നടത്തുന്നത്. ആര്യാടനോട് എതിര്‍പ്പുള്ള കോണ്‍ഗ്രസ് വോട്ടുകള്‍ അനുകൂലമാവുമെന്നാണ് ഇടത് ക്യാംപ് പ്രതീക്ഷിക്കുന്നത്. പ്രചാരണത്തില്‍ ജനക്കൂട്ടംകൊണ്ട് മണ്ഡലത്തില്‍ അന്‍വര്‍ ഓളമുണ്ടാക്കിയിട്ടുണ്ട്.
ജില്ലയില്‍ വാശിയേറിയ പോര്‍ക്കളമായി നിലമ്പൂര്‍ മാറിയിട്ടുണ്ട്. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി ബാബുമണി കരുവാരക്കുണ്ട് ജനവിധി തേടുന്നു. എന്‍ഡിഎ ഘടകകക്ഷി ബിഡിജെഎസ് സ്ഥാനാര്‍ഥി ഗിരീഷ് മേക്കാടനാണ്.
താനൂരിലെ പോരിനും കടുപ്പമേറെ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു വേദിയായ ഈ തീരദേശ മണ്ഡലം സംഘര്‍ഷങ്ങള്‍ വോട്ടാക്കി മാറ്റാനുള്ള അണിയറ പ്രവര്‍ത്തനമാണു നടത്തുന്നത്. ഇടതു സ്ഥാനാര്‍ഥി വി അബ്ദുറഹിമാന് സംഘര്‍ഷത്തില്‍ പരിക്കു പറ്റിയിരുന്നു. ഇരു മുന്നണികളും പ്രമുഖ നേതാക്കളെ കൊണ്ടുവന്നുള്ള പ്രചാരണമാണു നടത്തിയത്. വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി സിപിഎം പ്രമുഖ നേതാക്കള്‍ ഇടതിനു വേണ്ടി പ്രചാരണത്തിനെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുറഹിമാന്‍ രണ്ടത്താണിയും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമുണ്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇവിടെ നിന്നാണു തുടങ്ങിയത്. ലീഗിന്റെ മുഴുവന്‍ തിരഞ്ഞെടുപ്പ് യന്ത്രങ്ങളും താനൂരില്‍ പ്രവര്‍ത്തിക്കുന്നു.
ജില്ലയില്‍ ലീഗിനെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്ന മണ്ഡലം കൂടിയാണിത്. കാന്തപുരം വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് താനൂര്‍. ഇടതു സ്ഥാനാര്‍ഥി വി അബ്ദുറഹിമാന്‍ കാന്തപുരത്തിന്റെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്. ഇരു മുന്നണികളും എന്തു വിലകൊടുത്തും മണ്ഡലം പോക്കറ്റിലാക്കാനുള്ള തന്ത്രങ്ങളുമായി കളത്തിലുള്ളപ്പോള്‍ പോര് ശരിക്കും പ്രവചനങ്ങള്‍ക്കപ്പുറം തന്നെയാണ്. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി കെ കെ അബ്ദുല്‍മജീദ് ഖാസിമി ജനവിധി തേടുന്നു. പി ആര്‍ രശ്മില്‍നാഥാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it