kannur local

ആടിക്കംപാറ ഇടിമിന്നല്‍ ഭീതിയില്‍



തളിപ്പറമ്പ്: ആടിക്കംപാറയിലെ സ്ട്രീറ്റ് നമ്പര്‍ 10, 12 ലെ വീടുകളില്‍ ഇടിമിന്നലില്‍ വന്‍ നാശനഷ്ടം. മൂന്നുലക്ഷത്തോളം രൂപയുടെ ഗാര്‍ഹികോപകരണങ്ങള്‍ കേടായി. തുടര്‍ച്ചയായി ഈ പ്രദേശത്ത് ഇടിമിന്നലേല്‍ക്കുന്നതില്‍ ആശങ്കയിലാണ് ജനങ്ങള്‍. സമീപത്തെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കിനു മുകളിലെയും സ്വകാര്യ മൊബൈല്‍ ടവറിനു മുകളിലെയും മിന്നല്‍ രക്ഷാചാലകം മിന്നലിനെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുകയും അപകടമില്ലാതെ ഭൂമിയിലേക്ക് കടത്തിവിടുകയും ചെയ്യാത്തതാണ് അപകടങ്ങള്‍ ഈ ഭാഗത്ത് പതിവാവുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആടിക്കംപാറയിലെ കെ വി ദാമോദരന്‍, ഖാദര്‍ ഹാജി, സജിന, അഷ്‌കറലി തുടങ്ങിയവരുടെ വീടുകളിലെ ടിവി, കംപ്യൂട്ടര്‍, ഇന്‍വേര്‍ട്ടര്‍, ഫാന്‍, മിക്‌സി തുടങ്ങിയവയാണ് നശിച്ചത്. ജപ്പാന്‍ കുടിവെള്ള പദ്ധതിയിലെ ഏറ്റവും വലിയ ടാങ്കാണ് ആടിക്കംപാറയിലേത്. 40 ലക്ഷം ലിറ്ററാണ് സംഭരണശേഷി. തളിപ്പറമ്പിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. നിര്‍മാണവേളയില്‍ തന്നെ നാട്ടുകാര്‍ അധികൃതരെ ആശങ്കയറിയിച്ചിരുന്നു. തുടര്‍ന്ന് ടാങ്കിനു മുകളില്‍ ശക്തിയേറിയ മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചു. ഇത് പ്രവര്‍ത്തന ക്ഷമമല്ലെന്നതിന്റെ തെളിവാണ് മിന്നലേല്‍ക്കുന്നതെന്നാണ് നാട്ടുകാരുടെ വാദം. ശക്തിയേറിയ മിന്നലില്‍ ടാങ്കിന് കേടുപറ്റിയാല്‍ സമീപത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാവുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു. ജപ്പാന്‍ കുടിവെള്ള ടാങ്കിനു മുകളിലെയും സ്വകാര്യ മൊബൈല്‍ ടവറിനു മുകളിലെയും മിന്നല്‍ രക്ഷാചാലകം പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it