Editorial

ആചാരങ്ങള്‍ കാലോചിതമായി മാറ്റണം

എനിക്ക് തോന്നുന്നത് - കെ ഗോബാല്‍ഷാങ്, താമരശ്ശേരി
ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി വിവാദമായിരിക്കുന്നു. വിശ്വാസികളിലും രണ്ടഭിപ്രായക്കാര്‍ ഉണ്ടായിട്ടുണ്ട്- ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പോവാമെന്നും പോയിക്കൂടെന്നും. കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന പല ആചാരങ്ങളും കാലോചിതമായി മാറ്റിയിട്ടുണ്ട്. ഗുരുവായൂരിലും വൈക്കം ക്ഷേത്രത്തിലുമൊന്നും ഒരുകാലത്ത് പിന്നാക്കജാതിയില്‍പ്പെട്ടവര്‍ക്ക് കയറിക്കൂടായിരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ സത്യഗ്രഹസമരത്തിലൂടെയാണ് ഹൈന്ദവരിലെ പിന്നാക്കജാതിയില്‍ പിറന്നവര്‍ക്കും ക്ഷേത്രസന്നിധിയില്‍ പ്രാര്‍ഥിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയത്. അയിത്തജാതിക്കാര്‍ കയറിയതോടെ ഗുരുവായൂരപ്പനോ വൈക്കത്തപ്പനോ കോപിച്ചില്ല. ശ്രീകോവില്‍ വിട്ടുപോയതുമില്ല. ദൈവത്തിന് ജാതിയോ മതമോ ഇല്ലാത്തതുപോലെ, ആണ്‍-പെണ്‍ വ്യത്യാസവും ഉണ്ടാവില്ല. കാരണം, ദൈവസൃഷ്ടിയുടെ ഭാഗമാണ് ആണും പെണ്ണും. രണ്ടു ഘടകങ്ങളുടെയും യോജിപ്പിലൂടെയാണ് പ്രപഞ്ചഗതി. ഒന്നില്‍ നിന്നു മറ്റൊന്നിനെ മാറ്റിനിര്‍ത്താനാവില്ല.
കാലമിതുവരെ രണ്ടാംകിട പൗരത്വമായിരുന്നു സ്ത്രീകള്‍ക്കുണ്ടായിരുന്നത്. എന്നാല്‍, ആ അവസ്ഥയ്ക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്നു. പുരുഷന്‍ ചെയ്യുന്ന ഏതു ജോലിയും മിടുക്കോടെ ചെയ്യാന്‍ കഴിവുള്ള ഇക്കാലത്തെ സ്ത്രീ, ദേവസന്നിധിയില്‍ പോയാല്‍ പരിശുദ്ധി നഷ്ടപ്പെടുമെന്ന വാദം എത്ര വിലകുറഞ്ഞതാണ്?
മുന്‍കാലത്ത് പെണ്ണുങ്ങളും അയ്യപ്പസന്നിധിയില്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നു തെളിയുമ്പോള്‍, വിശ്വാസികളില്‍ ചിലര്‍ അതിനെ എതിര്‍ക്കുന്നതെന്തിന്? ആര്‍ത്തവപ്രക്രിയയുടെ പേരില്‍ സ്ത്രീയെ അവഗണിക്കുന്നത് ഒരമ്മയ്ക്കു പിറന്ന ആര്‍ക്കും ചേരുന്നതല്ല. ആര്‍ത്തവം അശുദ്ധമാണെങ്കില്‍ അതു മുഖേന പിറന്നയാളും ചീത്തയാണ്. അവനും നിത്യബ്രഹ്മചാരിയായ ധര്‍മശാസ്താവിന്റെ സമീപത്തു ചെല്ലാന്‍ യോഗ്യതയില്ല. ആണിനോടൊപ്പം പെണ്ണും എന്ന കാഴ്ചപ്പാടിലേക്ക് ആധുനിക പുരുഷത്വം മാറാത്തതെന്താണ്?
ഞാന്‍ പോവുന്നിടത്ത് എന്റെ ഇണയ്ക്ക് പോന്നുകൂടാ എന്നു പറയുന്നതു ശരിയല്ല. ഭൂമിയില്‍ പിറന്നിട്ടുള്ള അവതാരങ്ങളെല്ലാം അമ്മപെറ്റ മക്കള്‍ തന്നെയാണ്. അല്ലെന്ന വാദങ്ങള്‍ വെറും ഐതിഹ്യകഥകളെ മാത്രം ആസ്പദമാക്കിയുള്ളതാണ്. അത്തരം വാദങ്ങള്‍ക്ക് നിലനില്‍പ്പും കുറവാണ്.
വിശ്വാസിനികളായ സ്ത്രീകളെ, ലിംഗവ്യത്യാസത്തിന്റെ പേരില്‍ ശബരിമല ക്ഷേത്രത്തില്‍ പോവരുതെന്ന് വിലക്കുന്നതു ശരിയല്ലെന്ന വിധിയാണ് സുപ്രിംകോടതിയുടേത്. എന്നുവച്ച്, മുഴുവന്‍ സ്ത്രീകളും ശബരിമലയില്‍ പോവണമെന്ന് വിധി പറയുന്നില്ല. ആത്മവിശ്വാസമുള്ള ഏതൊരു സ്ത്രീക്കും പ്രകൃത്യായുള്ള ശാരീരിക വിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, ആവശ്യമായ തയ്യാറെടുപ്പോടെ പടികയറാമെന്നതാണ് വിധിന്യായത്തിന്റെ ഉള്ളടക്കം. ഭക്തരായ പുരുഷാവലി അതില്‍ വിറളിയെടുക്കേണ്ടതില്ല. ആണുങ്ങള്‍ ഉണ്ടാവുന്ന ക്ഷേത്രത്തില്‍ സ്ത്രീകളെത്തിയാല്‍ അവിടം മോശമാവുമെന്നു വ്യാഖ്യാനിച്ച് സ്ത്രീകളെ മാത്രം അപമാനിക്കുന്നതു നീതിക്ക് നിരക്കാത്തതാണ്. ക്ഷേത്രത്തിലായാലും പുറത്തായാലും അവിടം ശുദ്ധമായി നിലനിര്‍ത്താന്‍ സ്ത്രീക്കും പുരുഷനും കൂട്ടായ ധാര്‍മികബാധ്യതയുണ്ട്. പ്രകൃതിനിയമത്തിലുള്ള ആണ്‍-പെണ്‍ വിഭാഗത്തില്‍ ഒന്നിനെ അകറ്റിനിര്‍ത്താന്‍ മറ്റേ വിഭാഗത്തിന് എന്തവകാശം? കാലപ്പഴക്കം എത്രയുണ്ടെങ്കിലും കാലോചിതമായ മാറ്റങ്ങള്‍ ആചാരങ്ങളില്‍ വരുത്താന്‍ മനസ്സുവയ്ക്കുകയല്ലേ വേണ്ടത്? പഴഞ്ചന്‍ ആചാരങ്ങളില്‍ അള്ളിപ്പിടിച്ചുനിന്ന് ദുര്‍ബലപ്പെടുന്നതില്‍ എന്തര്‍ഥം?

Next Story

RELATED STORIES

Share it