Flash News

ആചാരങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശം: കോടതി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സാമൂഹിക പരിഷ്‌കരണം, അഭിവൃദ്ധി എന്നിവയ്ക്കായി ആരാധനാലയം എല്ലാ വിഭാഗത്തിനും തുറന്നുനല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രിംകോടതി. അങ്ങനെ ചെയ്തില്ലെങ്കിലും സ്വതന്ത്രമായ മതവിശ്വാസത്തിനും ആചാരങ്ങള്‍ക്കുമുള്ള തുല്യ അവകാശം സ്ത്രീകള്‍ക്കുമുണ്ടെന്നും ശബരിമല സ്ത്രീ പ്രവേശന കേസുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കി. സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം എങ്ങനെ തടയുമെന്ന് കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ ചോദിച്ചു.  പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളെ എതിര്‍ത്ത എന്‍എസ്എസിന്റെ വാദത്തിനിടെയാണ് നരിമാന്റെ പ്രതികരണം.
എന്നാല്‍, അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പ്രതിഷ്ഠയുടെ ആ സ്വഭാവം നിലനിര്‍ത്താന്‍ സ്ത്രീപ്രവേശന നിയന്ത്രണം ആവശ്യമാണെന്നും എന്‍എസ്എസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ കോടതിയില്‍ വാദിച്ചു. സാമൂഹിക പരിഷ്‌കരണമോ ക്ഷേമമോ ശബരിമല വിഷയത്തിലില്ലെന്ന് പരാശരന്‍ പറഞ്ഞു.
സ്ത്രീവിദ്വേഷമാണ് വിലക്കിന് പിന്നിലുള്ളതെന്ന വാദം ശരിയല്ല. കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരാണ്. സാമൂഹികമായി അവര്‍ മുന്നിലാണ്. കേരളത്തിലെ ഹിന്ദുസമുദായത്തില്‍ സ്ത്രീക്ക് മേല്‍ക്കോയ്മയുള്ള ആചാരങ്ങളുണ്ട്. ശബരിമലയിലെ ആചാരങ്ങള്‍ ഭൂരിഭാഗം സ്ത്രീകളും എതിര്‍ക്കുന്നില്ല. പുരുഷമേധാവിത്വം എന്ന കാഴ്ചപ്പാടോടെ സ്ത്രീ പ്രവേശന വിലക്കിനെ കാണരുതെന്നും എന്‍എസ്എസ് അഭിഭാഷകന്‍ വാദിച്ചു. വിലക്കിന് പിന്നില്‍ പുരുഷമേധാവിത്വമാണെന്ന നിലയില്‍ കഴിഞ്ഞദിവസം സുപ്രിംകോടതി വാക്കാല്‍ നിരീക്ഷണം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it